ഈ കിളിയുടെ ഒരുകാര്യം; ആകെ കുഴഞ്ഞ് യുകെ പോലീസ്
Friday, April 12, 2024 2:25 PM IST
പക്ഷികള്‍ എത്ര മനോഹരമായിട്ടാണ് ചൂളം മുഴക്കുക. അത് കേട്ടിരിക്കാന്‍ തന്നെ എന്തൊരാനന്ദമാണ്. നമ്മുടെ മാനസികാവസ്ഥയെ തന്നെ അവ മാറ്റിമറിക്കും. എന്നാല്‍ എല്ലാ പക്ഷികളും സമ്മാനിക്കുന്ന ശബ്ദം അങ്ങനെയാകണമെന്നില്ല. അത്തരമൊരു ഉദാഹരണത്തിന്റെ കാര്യമാണിത്.
സംഭവം അങ്ങ് ഇംഗ്ലണ്ടിലാണ്. ഇവിടെ തെംസ് വാലി പോലീസിലെ ഉദ്യോഗസ്ഥര്‍ ഒരു സൈറൺ കേട്ട് ആശയക്കുഴപ്പത്തിലായി. പോലീസ് സൈറണ്‍ ആണവര് കേട്ടത്. എന്നാല്‍ പോലീസ് വാഹനം ആ പരിസരത്ത് വേറെ കണ്ടില്ല താനും.
പിന്നീടാണ് ഇത് ഒരു പക്ഷിയുടെ പണിയാണെന്ന് അവര്‍ക്ക് മനസിലായത്. സ്റ്റാര്‍ലിംഗ് എന്ന പക്ഷിയാണ് ഈ അനുകരണ വിരുതന്. ഇവന് മരത്തിന്റെ മുകളിലിരുന്നു പോലീസ് വാഹനത്തിന്റെ സൈറണ്‍ അങ്ങ് അനുകരിക്കുകയായിരുന്നു.
എക്സിലെത്തിയ വീഡിയോയില്‍ ഈ പക്ഷി സൈറണ്‍ അനുകരിക്കുന്ന ദൃശ്യങ്ങള്‍ കാണാം. അത് ഒരു മരത്തിന്റെ മുകളിലായി ഇരുന്നു സൈറണ്‍ അനുകരിക്കുകയാണ്. അത്ര കൃത്യമാണ് ഈ അനുകരണം.
സ്വാഭാവികമായും ആരേയും ഒന്നു കുഴയ്ക്കും. നെറ്റിസണും ഈ മിമിക്രി കൗതുകം സമ്മാനിച്ചു. "യഥാര്‍ഥ ഫ്ലെെയിംഗ് സ്ക്വാഡ്' എന്നാണൊരാള്‍ കുറിച്ചത്.