വ്യായാമത്തിലൂടെ തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സാധിക്കുമോ...? രണ്ട് കൈകളിലെയും വിരലുകള്‍ വ്യത്യസ്ഥ രീതിയില്‍ മടക്കിയും നൂര്ത്തുമെല്ലാം വ്യായാമങ്ങള്‍ ചെയ്യുന്നത് മസ്തിഷ്കത്തെ ഉത്തേജിപ്പിക്കാമെന്ന് സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ശരിയാണ്, മസ്തിഷ്ക വ്യായാമത്തിലൂടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കും. ഹിപ്പോകാമ്പസ്, പ്രിഫ്രോണ്ടല്‍ കോര്‍ട്ടക്സ്, അമിഗ്ഡാല എന്നിവയുള്‍പ്പെടെ തലച്ചോറിന്റെ മേഖലകളെ ഉത്തേജിപ്പിച്ച് ഓര്‍മശക്തി വര്‍ധിപ്പിക്കാം എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.
ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ഇവയാണ്...
മനക്കണക്ക്, ക്രോസ് വേഡ് പസില്‍സ്
മസ്തിഷ്ക വ്യായാമങ്ങളില്‍ ഏറ്റവും പ്രധാനമാണ് മനക്കണക്ക്. കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാതെ ഓര്‍മയില്‍ കണക്ക് കൂട്ടുന്നതാണിത്. ലളിതമായ ഗണിതത്തില്‍ നിന്ന് ആരംഭിച്ച് ക്രമേണ കടുപ്പപ്പെട്ട കണക്കുകള്‍ കൂട്ടുകയാണ് വേണ്ടത്.
ഈ വ്യായാമം വിവരങ്ങള്‍ വേഗത്തില്‍ പ്രോസസ് ചെയ്യാനുള്ള തലച്ചോറിന്റെ കഴിവിനെ ശക്തിപ്പെടുത്തുകയും ഓര്‍മശക്തി വര്‍ധിപ്പിക്കുകയുംചെയ്യും.
അതുപോലെ മസ്തിഷ്ക വ്യായാമം ലഭിക്കുന്ന മറ്റൊന്നാണ് ക്രോസ് വേഡ് പസില്‍സ്. പദസമ്പത്ത്, ഓര്‍മശക്തി, പ്രശ്നപരിഹാര കഴിവുകള്‍ എന്നിവയെ ഈ വ്യായാമത്തിലൂടെ പരിപോഷിപ്പിക്കാം.
പുതിയ ഭാഷ, വായന
ഒരു പുതിയ ഭാഷ പഠിക്കുന്നത് ഓര്മ, ശ്രദ്ധ, വൈജ്ഞാനിക കഴിവുകള്‍ എന്നിവ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിനായി ഭാഷാ പഠന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം.
പതിവായി വായിക്കുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ഓര്‍മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് താത്പര്യമുള്ള പുസ്തകങ്ങളോ ലേഖനങ്ങളോ വായിക്കാന്‍ സമയം ചെലവഴിക്കുക.
കഥാപാത്രങ്ങള്‍, പ്ലോട്ടുകള്‍, വിശദാംശങ്ങള്‍ എന്നിവ ഓര്‍മിക്കാന്‍ ശ്രമിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കാം.
സുഡോകു, മെഡിറ്റേഷന്‍
ഓര്മ, ഏകാഗ്രത, യുക്തി ചിന്ത എന്നിവ മെച്ചപ്പെടുത്തുന്നതിന് സുഡോകു കളിക്കുന്നത് സഹായിക്കും. എളുപ്പമുള്ള പസിലുകളില്‍ നിന്ന് ആരംഭിച്ച് ക്രമേണ കടുപ്പമുള്ളതിലേക്ക് നീങ്ങാവുന്നതാണ്.
സുഡോകു പസില്‍ ബുക്ക്, ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. സുഡോകു തലച്ചോറിന്റെ യുക്തിസഹവും വിശകലനപരവുമായ കഴിവുകളെ ഉത്തേജിപ്പിക്കുകയും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് മെഡിറ്റേഷന്‍. മെഡിറ്റേഷന്‍ ഏകാഗ്രത വര്‍ധിപ്പിക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. അതോടെ മസ്തിഷ്ക ആരോഗ്യവും ഓര്‍മശക്തിയും വര്‍ധിക്കും.
ചെസ്, ബ്രെയിന്‍ ടീസര്‍
ചെസ് കളി ബുദ്ധിവികാസത്തെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെയാണ് ബ്രെയിന്‍ ടീസറുകള്‍. ഓണ്‍ലൈനിലോ പസില്‍ ബുക്കുകളിലോ ബ്രെയിന്‍ ടീസറുകളും കടങ്കഥകളും കണ്ടെത്താം.
ചെസ് ഓണ്‍ലൈനായും അല്ലാതെയും കളിക്കാവുന്നതാണ്. ഈ വ്യായാമങ്ങള്‍ വിമര്‍ശനാത്മക ചിന്ത, പ്രശ്നപരിഹാര കഴിവുകള്‍, ഓര്മ നിലനിര്‍ത്തല്‍ എന്നിവ ഉത്തേജിപ്പിക്കുകയും മസ്തിഷ്ക ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സംഗീതം, സാമൂഹിക ജീവിതം
സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പഠിക്കുന്നതും സംഗീതം പഠിക്കുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനം സജീവമാക്കും. സംഗീതത്തിന് മസ്തിഷ്ക പരിപോഷണത്തില്‍ നിര്‍ണായക പങ്കുണ്ട്.
അതുപോലെ സാമൂഹിക ജീവിതത്തിലൂടെയും ബൗദ്ധിക നിലവാരം മെച്ചപ്പെടുത്താം. സാമൂഹിക ഇടപെടല്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും വൈകാരികത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അതിനായി പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക, സാമൂഹിക ബന്ധം നിലനിര്‍ത്താന്‍ ക്ലബ്ബുകളിലോ സംഘടനകളിലോ ചേരുക തുടങ്ങിയവ ചെയ്യാം.