കലിപ്പ് വിക്രം ആൻഡ് കൂൾ വേദ
Friday, July 21, 2017 5:00 AM IST
വിക്രം വേദയ്ക്ക് ചെറിയ ഒരു പ്രശ്നമുണ്ട്. തുടക്കം മുതൽ ശ്രദ്ധയോടെ ഇരുന്നില്ലെങ്കിൽ ഇടയ്ക്ക് പിടിവിട്ടുപോകും. അക്കാര്യത്തിൽ വിക്രവും വേദയും മോശമല്ല. രണ്ടാളും പ്രേക്ഷകരെ ശരിക്കും പരീക്ഷിക്കുന്നുണ്ട്. ഈ പരീക്ഷണം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റും.

വെറുമൊരു ഗ്യാംഗ്സ്റ്റർ സിനിമയായി ഒതുങ്ങിപ്പോകാൻ പാകത്തിനുള്ള കഥയ്ക്ക് അവതരണത്തിലെ പുതുമകൊണ്ട് മേക്കോവർ നൽകാനാണ് പുഷ്കർ-ഗായത്രി സംവിധായക സഖ്യം ശ്രമിച്ചിരിക്കുന്നത്. വിക്രമായി എത്തിയ മാധവനും വേദയായി എത്തിയ വിജയ് സേതുപതിയും സംവിധായകരുടെ മനസിലുള്ളിലെ കഥാപാത്രങ്ങളായി മാറിയപ്പോൾ സംഭവം പൊളിച്ചു.

സിനിമയുടെ മൊത്തത്തിലുള്ള സീരിയസ് മൂഡിന് കോട്ടം തട്ടാത്തവിധത്തിൽ വന്നു പോകുന്ന തമാശ കാഴ്ചകൾക്ക് ഒരു പ്രത്യേക ചന്തമുണ്ടായിരുന്നു. എത്ര ഭംഗിയായാണ് അത്തരം രംഗങ്ങളെ സംവിധായകർ ആക്ഷൻ ത്രില്ലറിൽ കടത്തിവിട്ടത്. ഇടിക്കും വെടിയ്ക്കുമൊപ്പം ചില തമാശകൾ.



സിംപിൾ എൻട്രി

വിക്രം - നായകന്മാരിൽ ഒരാളെന്നു പറയുന്നതാണ് ശരി. എത്ര സിംപിളായാണ് പുള്ളി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. തമിഴ് സിനിമയിലെ പതിവ് വെറുപ്പിക്കലുകളെ കടപുഴകി എറിഞ്ഞുകൊണ്ടാണ് പോലീസുകാരനായ വിക്രത്തിന്‍റെ വരവ്. കഥാപാത്രം ആവശ്യപ്പെട്ട മാറ്റങ്ങൾ മുഖഭാവത്തിലും ചലനങ്ങളിലും പ്രകടം.

കടുംവെട്ട് സ്വഭാവമുള്ള മാധവനെ ഇരുതി സുട്രയിലും മാസ് മസാല പടങ്ങളിലും നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും എൻകൗണ്ടർ സ്പെഷലിസ്റ്റായ വിക്രം വേറെ ലെവലാണ്. ചിരിയിൽ ദേഷ്യം കലർത്തിയ നായകനെന്നാവും ഇനിയങ്ങോട്ട് മാധവൻ അറിയപ്പെടുക. വേദ(വിജയ് സേതുപതി)യ്ക്ക് പിന്നാലെയുള്ള വിക്രത്തിന്‍റെ പാച്ചിലാണ് സിനിമയെ ത്രില്ലിംഗ് മൂഡിലേക്ക് നയിക്കുന്നത്.

ഫ്ലാഷ് ബാക്കുകൾ പൊളിച്ചു

അടച്ചുറപ്പുള്ള തിരക്കഥയ്ക്ക് മുകളിൽ കയറിയുള്ള വേദ(വിജയ് സേതുപതി)യുടെ മാസ് പ്രകടനം ഒന്നു കാണേണ്ടത് തന്നെയാണ്. മാസ് ആൻ കൂൾ എൻട്രിക്ക് ശേഷമുള്ള വേദയുടെ ഇരുപ്പും ഭാവവും പിന്നീടുള്ള ഫ്ലാഷ്ബാക്കുകളും ചിത്രത്തിന് നൽകിയ ഉൗർജം ചെറുതല്ല. കണ്ടു പഴകിയ ഫ്ലാഷ്ബാക്ക് ടേണിംഗുകളെ ഉടച്ചുവാർക്കുന്നുണ്ട് സംവിധായകർ ചിത്രത്തിൽ. കഥയെ മുന്നോട്ടു കൊണ്ടുപോകുന്ന ഫ്ലാഷ്ബാക്ക് നന്പർ 1-ലെ പയ്യൻ ലുക്കും ഫ്ലാഷ്ബാക്ക് നന്പർ 2-ലെ ലോക്കൽ ലെവലിലുള്ള സ്റ്റൈലിഷ് ലുക്കും വിജയ് സേതുപതിയുടെ വരുംകാല ചിത്രങ്ങളുടെ ലെവൽ മാറ്റുമെന്നതിൽ സംശയമില്ല.



വിക്രത്തിന്‍റെ തോളിലേറിയ വേദ

കഥകൾ പറഞ്ഞ് വിക്രത്തിന്‍റെ തോളിലേറിയാണ് വേദയുടെ മുന്നോട്ടുള്ള പോക്ക്. ഉത്തരങ്ങളും ചോദ്യങ്ങളും മുഖാമുഖം നിൽക്കേ രണ്ടാളും പരസ്പരം നൽകുന്ന സൂചനകളിലൂടെയാണ് കഥയ്ക്കുള്ളിലെ കുരുക്കുകൾ താനെ അഴിയുന്നത്. ഇത്തരം കുരുക്കുകൾ ഇടുന്നതിലും അഴിക്കുന്നതിലും സംവിധായകർ കാട്ടിയ മികവ് പ്രശംസനീയം തന്നെയാണ്. എവിടെ വേണമെങ്കിലും താളം തെറ്റാവുന്ന കഥയുടെ പോക്കിനെ വിക്രത്തിന്‍റെ തോളിലേറുന്ന വേദയാണ് ശരിയായ വഴിക്ക് നയിക്കുന്നത്.

കോന്പിനേഷൻ ഗംഭീരം

ക്രിമിനലായ വേദയും പോലീസ് ഓഫീസറായ വിക്രവും തമ്മിലുള്ള കോന്പിനേഷൻ സീൻസാണ് ചിത്രത്തിന്‍റെ മാറ്റ് കൂട്ടുന്നത്. കഥയ്ക്കുള്ളിലെ ഉത്തരങ്ങൾ തേടിയുള്ള വിക്രത്തിന്‍റെ പോക്കും കഥപറഞ്ഞ് കുരുക്കിടുന്ന വേദയുടെ വിരുതും കാണേണ്ടത് തന്നെയാണ്. ഇവർ രണ്ടുപേർക്കും ഇടയിലൂടെ വരുന്ന കഥാപാത്രങ്ങൾക്കും ചിത്രത്തിൽ കൃത്യമായ സ്ഥാനമുണ്ട്. അവരുടെ ഇടപെടലുകൾ തന്നെയാണ് വിക്രംവേദയുടെ മാസ് പോയിന്‍റ്.



പശ്ചാത്തല സംഗീതവും കാമറയും ജോർ

ത്രില്ലർ മൂഡിലേക്ക് പിടിച്ചിടും വിധമുള്ള പശ്ചാത്തല സംഗീതമാണ് സാം ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. കണ്ണുംനട്ടിരിക്കാൻ പ്രേരിപ്പിക്കും വിധം കളർടോണിൽ വരെ പുതുമകൾ കൊണ്ടുവരാൻ കാമാറാമാൻ പി.എസ്.വിനോദും തുനിഞ്ഞപ്പോൾ ഗ്യാംഗ്സ്റ്റർ മൂവി ജോറായി. പക്ഷേ, ഒരു കാര്യം മറക്കണ്ട. മനസൊന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെന്നിയാൽ പിന്നെ കഥയിലേക്ക് തിരിച്ചുവരാൻ ഇത്തിരി പാടുപെടും. അപ്പോൾ പിന്നെ ഈ ആക്ഷൻ ത്രില്ലർ കാണാൻ ഇത്തിരി ക്ഷമയോടു കൂടി അല്പം സീരിയസായി ടിക്കറ്റെടുത്തോളു.

(വിജയ് സേതുപതി-മാധവൻ കെമിസ്ട്രി സ്ക്രീനിൽ കാണേണ്ടതാണ്... പറഞ്ഞറിയിക്കാൻ പറ്റില്ല.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.