ആദം "ത്രില്ലിംഗ്' ജോൺ...!
Saturday, September 2, 2017 6:08 AM IST
കാത്തിരുന്നെത്തിയ ക്ലൈമാക്സ് മുന്നിൽ പെയ്തിറങ്ങിയപ്പോൾ കൈയടിക്കണോ മൗനം പാലിക്കണോ എന്നറിയാതെ പോകുക... അപ്പോഴേക്കും തിയറ്ററിനുള്ളിൽ കൈയടികൾ ഉയർന്നു കഴിഞ്ഞിരുന്നു. പുതുമുഖ സംവിധായകൻ ജിനു എബ്രഹാമിന് അവകാശപ്പെട്ടതായിരുന്നു ആ കരഘോഷങ്ങൾ അത്രയും.

പൃഥ്വിരാജ്, ഭാവന, നരേൻ, ലെന തുടങ്ങിയ താരനിര ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും "ആദം ജോൺ' എന്ന ചിത്രത്തിന് താങ്ങും തണലുമായി മാറുന്നത് തിരക്കഥ തന്നെയാണ്. രണ്ടു മണിക്കൂറും 40 മിനിറ്റും ക്ഷമയോടെ കാത്തിരുന്ന ശേഷം എത്തുന്ന ആ രംഗം തന്നെയാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റ്. അത്രയും നേരം ഒരു തരി പോലും മുഷിപ്പിക്കാതെ പിടിച്ചിരുത്താൻ ഒരു പുതുമുഖ സംവിധായകന് സാധിച്ചതാണ് ആദം ജോണിനെ ഓണച്ചിത്രങ്ങളുടെ ഇടയിൽ തല ഉയർത്തി പിടിച്ചു നിർത്തുന്നത്.
ഓണാഘോഷ വേളയിൽ ആർത്തുല്ലസിച്ച് ചിരിക്കാനുള്ള വകയൊന്നും ആദം ജോണിൽ പ്രതീക്ഷിക്കരുത്. മറിച്ച് വികാരങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന ഒന്നാന്തരം ത്രില്ലർ ശ്രേണിയിലേക്കാണ് ചിത്രം കയറി കൂടിയിരിക്കുന്നത്. "മാസ്റ്റേഴ്സ്' എന്ന ത്രില്ലർ ഇറങ്ങിയപ്പോൾ കേട്ട പേരുകളിലൊന്നാണ് ജിനു എബ്രഹാം. ഒന്നാന്തരമൊരു കഥ എഴുതി അതിന് തിരക്കഥാ ഭാഷ്യവും രചിച്ച് സംവിധായകൻ ജോണി ആന്‍റണിയെ തേടിപ്പോയ ചെറുപ്പക്കാരൻ. ചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചില്ലെങ്കിലും തിരക്കഥയിലെ പുതുമ അന്നേ എല്ലാവരുടെയും ശ്രദ്ധയിൽപെട്ടു. ജിനു സംവിധാന രംഗത്തേക്ക് ചുവടു മാറ്റിയപ്പോഴും ത്രില്ലർ വിട്ടൊരു കളിക്ക് തയാറായില്ല. മാസ്റ്റേഴ്സിലെ പോലെ തന്നെ ഫ്ലാഷ് ബാക്കുകളെ കൂട്ടുപിടിച്ച് യാത്ര നടത്താനാണ് ആദം ജോണിലും ജിനു ശ്രമിച്ചിരിക്കുന്നത്.
സ്കോട്‌ലൻഡിലാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഒരു മാലയിൽ വിവിധ നിറങ്ങളുള്ള മുത്തുമണികൾ കോർത്തിട്ടാൽ നല്ല രസമായിരിക്കില്ലേ കാണാൻ. അതു പോലെ തന്നെ ഒരു സിനിമയിൽ മനുഷ്യന്‍റെ വിവിധ വിചാര-വികാര തലങ്ങളെ കോർത്തിണക്കിയിരിക്കുകയാണ് സംവിധായകൻ. സന്തോഷവും സങ്കടവും ഭയവും എല്ലാം കയറിയിറങ്ങി പോകുന്ന ചിത്രത്തിന് അതിനൊത്ത പശ്ചാത്തല സംഗീതം ഒരുക്കിയത് ദീപക് ദേവാണ്. ചിത്രത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കുന്നത് തന്നെ പശ്ചാത്തല സംഗീതമാണ്.

ആദം ജോണ്‍ എന്ന കേന്ദ്രകഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ഇമോഷണൽ രംഗങ്ങളിൽ തകർത്ത് അഭിനയിച്ചതിനൊപ്പം ആക്ഷനും റൊമാൻസും പിന്നെ കുറച്ചു കുറുന്പത്തരങ്ങളുമെല്ലാം ഒരേപോലെ കൈകാര്യം ചെയ്യാനും പൃഥ്വിക്ക് സാധിച്ചു. മകൾക്ക് വേണ്ടി നടത്തുന്ന ഒരു അച്ഛന്‍റെ പോരാട്ടമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രമേയം. കഥാഗതിയും സംഭവങ്ങളുമെല്ലാം നിസാരമായി തോന്നിപ്പിച്ച് അവതരണത്തിൽ പുതുമ കൊണ്ടുവരാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. സ്വാർഥത, പ്രണയം, സസ്പെൻസ് എന്നീ ഘടങ്ങൾ കോർത്തിണക്കി ജൂതന്മാർക്കിടയിലുള്ള ബ്ലാക്ക് മാജിക്കും ഉൾപ്പടുത്തി ചിത്രത്തിന് ത്രില്ലിംഗ് മൂട് കൂട്ടാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
ജൂതന്മാരുടെ കഥാഗതിയുമായി തിയറ്റിൽ സ്ഥാനം പിടിച്ച എസ്ര, കറുത്ത ജൂതൻ തുടങ്ങിയ ചിത്രങ്ങളുടെ പിന്നാലെയാണ് മറ്റൊരു ജൂത കഥ ബിഗ് സക്രീനിൽ ഇടം നേടുന്നത്. എസ്ര ഹൊറർ ത്രില്ലറാണെങ്കിൽ ആദം ജോണ്‍ ഇമോഷണൽ ത്രില്ലറാണ്. ഈ മൂന്നു ചിത്രങ്ങളിൽ വച്ച് ജൂതന്മാർക്കിടയിലെ ബ്ലാക്ക് മാജിക്കിനെ കുറിച്ച് കൂടുതലായി പ്രതിപാദിക്കുന്നതും ആദം ജോണിലാണ്. ഫ്ലാഷ് ബാക്കുകളിലൂടെ ചുരുളഴിഞ്ഞു വരുന്ന ആദ്യ പകുതിയിൽ കടന്നുവരാനിരിക്കുന്ന രണ്ടാം പകുതിയിലെ ത്രില്ലിംഗ് സംഭവങ്ങളെ കുറിച്ച് സൂചനകൾ മാത്രമാണ് നൽകുന്നത്.

രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെയാണ് ചിത്രത്തിന്‍റെ വേഗം കൂടി കൂടി വരുന്നത്. പൃഥ്വിരാജിന്‍റെ വണ്‍മാൻ ഷോയ്ക്കിടയിലും ഭാവന, ലെന, നരേൻ എന്നിവർ തങ്ങളുടെ വേഷങ്ങളിലെത്തി ചിത്രത്തിന്‍റെ ഒഴുക്കിന് വേഗം കൂട്ടുന്നുണ്ട്. സ്കോട്‌ലെൻഡിന്‍റെ വശ്യത ആവോളം ഒപ്പിയെടുത്ത് ജിത്തു ദാമോദർ ഫ്രെയിമുകളിൽ നിറച്ചപ്പോൾ ഒരു പ്രത്യേകം ചന്തം തന്നെ ചിത്രത്തിനുണ്ടായി. കളർഫുൾ ഫ്രെയിമുകളല്ല മറിച്ച് മനസിനെ തൊടുന്ന അഴക് തനിയെ ഫ്രെയിമുകൾക്ക് കൈവരുകയായിരുന്നു. സ്കോട്‌ലൻഡിലെ ഓരോ കാഴ്ചകളും ചിത്രത്തിന്‍റെ ത്രില്ലർ സ്വഭാവം നിലനിർത്താൻ നന്നേ ഗുണം ചെയ്തു.
ക്ലൈമാക്സിലേക്ക് എത്തുന്പോൾ ആകാംഷ കൂട്ടാനുള്ള മരുന്നെല്ലാം സംവിധായകൻ കരുതിവച്ചിട്ടുണ്ട്. ഓണത്തിന് അല്പം ത്രില്ലൊക്കെ വേണമെന്നു ആഗ്രഹിക്കുന്നവർക്ക് ഒരുമടിയും കൂടാതെ ആദം ജോണിന് ടിക്കറ്റെടുക്കാം. ജിനു എബ്രഹാം നിങ്ങളെ നിരാശരാക്കില്ല.

(സാധാരണ കഥയെ അവതരണത്തിലെ മേന്മകൊണ്ട് വേറെ ലെവലിൽ എത്തിച്ചിരിക്കുകയാണ് സംവിധായകൻ.)

വി.ശ്രീകാന്ത്