സ്കെച്ച്: പഴയ വീഞ്ഞ്, പുതിയ കുപ്പി...!
Saturday, January 13, 2018 5:22 PM IST
മസാലയില്ലാത്ത മാസ് ചിത്രം... ചിയാൻ വിക്രം നായകനായ "സ്കെച്ച്' എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. പതിവ് തമിഴ് സിനിമാക്കൂട്ട് തന്നെയാണ് സംവിധായകൻ വിജയ് ചന്ദർ സ്കെച്ചിന് വേണ്ടിയും ഉപയോഗിച്ചിരിക്കുന്നത്. ചേ​രി, ഗു​ണ്ടാ സം​ഘം, അ​ധോ​ലോ​ക​ത്തി​ന്‍റെ പ​ക തു​ട​ങ്ങി​യ പഴയ പരിപാടികളൊക്കെ തന്നെ. എന്നാൽ അവതരണത്തിൽ പുതുമകൊണ്ടു വന്നു എന്നതാണ് ചിത്രം കാണുന്ന പ്രേക്ഷകന് ലഭിക്കുന്ന ആശ്വാസം. ജീവിത സാഹചര്യങ്ങൾ എങ്ങനെയാണ് കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്നാണ് ചിത്രം കാട്ടിത്തരുന്നത്.

ചെ​ന്നൈ​യി​ലാ​ണ് ക​ഥ​ നടക്കുന്നത്. വ​ണ്ടിക്ക് സിസി നൽകുന്ന സേട്ടിന്‍റെ (ഹരീഷ് പേരടി) വലംകൈയാണ് നായകൻ സ്കെച്ച് (വിക്രം). പേര് സൂചിപ്പിക്കും പോലെ തന്നെയാണ് നായകൻ. സ്കെച്ച് ചെയ്താൽ നടത്തിയിരിക്കും. സിസി പിടുത്തത്തിനായി സ്കെച്ചിന് മൂന്ന് സഹായികളുമുണ്ട്. സ്കെച്ചിന്‍റെ ഒരു സ്കൂട്ടർ സ്കെച്ചിങ്ങിനിടെ നായിക അമ്മുവിനെയും (തമന്ന) സംവിധായകൻ രംഗത്തിറക്കും. പിന്നെ എങ്ങനെയൊക്കയോ സ്കെച്ചും അമ്മവും പ്രണയത്തിലാകും.
ഇങ്ങനെ കാര്യങ്ങളൊക്കെ പതിവ് പടി പോകുന്നതിനിടെയാണ് കഥയിലെ ആദ്യ ട്വിസ്റ്റ് എത്തുന്നത്. സ്കെച്ചിന് ഒരു പ്രത്യേക സാഹചര്യത്തിൽ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയുടെ വണ്ടി സിസി പിടിക്കേണ്ടിവരുന്നു. അതോടെ കളിമാറി. പിന്നെ സ്കെച്ചിനും കൂട്ടുകാർക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും തുടർ കൊലപാതകങ്ങളുമാണ് കഥ.

ക്ലീഷേ പ്രണയവും തട്ടിപൊളിപ്പൻ ഗാനങ്ങളും ഒക്കെ പതിവ് പോലെ സ്കെച്ചിലും നിറഞ്ഞിട്ടുണ്ട്. എന്നാൽ നായികയുടെ ഗ്ലാമർ പരമാവധി ഉപയോഗിക്കുന്ന പതിവ് തമിഴ് രീതി സംവിധായകൻ ഇവിടെയൊന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട്. ചിത്രത്തിൽ നായികയുടെ ഗ്ലാമർ ഷോ തീരെയില്ല. അവതരണത്തിൽ സംവിധായകൻ വരുത്തിയിരിക്കുന്ന പുതുമ ഏറ്റവും നന്നായി വന്നിരിക്കുന്നത് ആക്ഷൻ രംഗങ്ങളിലാണ്. വിക്രത്തിന്‍റെ ആക്ഷൻ തന്നെയാണ് സ്കെച്ചിന്‍റെ ഹൈലൈറ്റ്.പഞ്ചില്ലാത്ത ഡയലോഗാണ് ചിത്രത്തിന്‍റെ പ്രധാന പോരായ്മകളിൽ ഒന്ന്. വിക്രത്തിന്‍റെ ഡയലോഗുകൾക്കൊന്നും തീയറ്ററിൽ ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഇത്തരം പതിവ് കെട്ടുകാഴ്ചകൾക്കിടെ ലഭിക്കുന്ന അപ്രതീക്ഷിത ക്ലൈമാക്സാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. പതിവ് വഴിയേ പോകേണ്ടിയിരുന്ന ചിത്രത്തെ ക്ലൈമാക്സിലെ ട്വിസ്റ്റ് തന്നെയാണ് ഒരുപരിധിവരെ രക്ഷിച്ചെടുക്കുന്നതും.

ചിത്രത്തിലെ മലയാളി സാന്നിധ്യം എടുത്തുപറയേണ്ടത് തന്നെയാണ്. വിക്രത്തിന് പ്രതിനായകനായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ബാബുരാജാണ്. നായകന് ഒപ്പം കട്ടയ്ക്ക് നിൽക്കുന്ന വില്ലനായി മാറാൻ ബാബുരാജിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ സ്വന്തം ശബ്ദം കഥാപാത്രത്തിന് നൽകാൻ ബാബുരാജിന് കഴിയാതിരുന്നത് മലയാളികൾക്ക് കല്ലുകടിയായി അനുഭവപ്പെടും. വിക്രത്തിന്‍റെ ബോസായി വേഷമിടുന്ന ഹരീഷ് പേരടി തമിഴകത്തും മിന്നിത്തിളങ്ങുമെന്ന് ഉറപ്പാണ്.
തമാന്‍റെ പശ്ചാത്തലസംഗീതമാണ് ആക്ഷൻ ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. എം.സുകുമാരന്‍റെ ദൃശ്യങ്ങളും മനോഹരം തന്നെ. സ്കെച്ച് ക്ലീഷേയാണെങ്കിലും ചിത്രം മുന്നോട്ടുവയ്ക്കുന്ന സന്ദേശം സമൂഹം ചിന്തിക്കേണ്ടത് തന്നെയാണ്. വിക്രത്തിന്‍റെ ഒരു ആക്ഷൻ ചിത്രം കാണാൻ മൂഡുണ്ടോ... എങ്കിൽ ചിത്രം "സ്കെച്ച്' ചെയ്തോ...!

സോനു തോമസ്