University News
വിദൂരപഠന വിഭാഗത്തിന് അംഗീകാരം: യുജിസി സംഘം എത്തി
തേഞ്ഞിപ്പലം: വിദൂര പഠന വിഭാഗത്തിന്റെ അംഗീകാരം പുനഃസ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുജിസി ഉന്നത തല സംഘം കാലിക്കട്ട് സർവകലാശാലയിൽ സന്ദർശനം തുടങ്ങി. പ്രഫ. എച്ച്.ടി. ദീക്ഷിപ്, പ്രഫ. ജഗത് ഭൂഷൺ നദ്ദ, പ്രഫ. എ.എസ് നരംഗ്, ഡോ. പി. പ്രകാശ് എന്നിവരുൾപ്പെട്ട സംഘം മൂന്ന് ദിവസം വിദൂര പഠന വിഭാഗത്തിന്റെയും പഠന കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തും.

വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ, രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾ മജീദ്, പരീക്ഷാ കൺട്രോളർ ഡോ. വി.വി. ജോർജ് കുട്ടി, വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. വി.എം. കണ്ണൻ, തുടങ്ങിയവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. വിദൂര പഠന വിഭാഗം വിദ്യാർഥികൾക്ക് നൽകുന്ന സേവനങ്ങൾ ഉൾപ്പെടുത്തിയ പ്രസന്റേഷൻ ഡയറക്ടർ ഡോ. വി.എം. കണ്ണൻ അവതരിപ്പിച്ചു. വിദൂര പഠന വിദ്യാർഥികൾക്കായി വെബ്കാസ്റ്റിംഗ് സംവിധാനവും പ്രത്യേക ലൈബ്രറിയും നിലവിലുണ്ട്. 12 സ്റ്റഡി സെന്ററുകളും വിവിധ സ്‌ഥലങ്ങളിലായി പ്രവർത്തിക്കുന്നു. താരതമ്യേന ഏറ്റവും കുറഞ്ഞ ഫീസ് നിരക്കാണ് കാലിക്കട്ട് സർവകലാശാലയിൽ നിലവിലുള്ളത്. യുജിസി സംഘം ഇന്ന് സ്റ്റഡി സെന്ററുകൾ സന്ദർശിക്കും.
More News