കൺസ്ട്രക്ഷൻ മാനേജ്മെന്റ് പ്രോഗ്രാമുകൾ
നിർമാണ മേഖലയിലെ ഗവേഷണ, വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയിലെ നിർമാണ വ്യവസായ സംരംഭമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷൻ മാനേജ്മെൻറ് ആൻഡ് റിസർച്ച് (എൻഐസിഎംഎആർ) നടത്തുന്ന വിവിധ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സുകളിലേക്ക് രണ്ടാം റൗണ്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. പൂന ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ഗോവ, ഇൻഡോർ, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലെ കാമ്പസുകളിൽ നടത്തുന്ന കോഴ്സുകൾക്ക് ഓണ്‍ലൈനായി ഏപ്രിൽ 15 വരെ അപേക്ഷിക്കാം.
അഡ്വാൻസ്ഡ് കണ്‍സ്ട്രക്ഷൻ മാനേജ്മെന്റ് (പൂന, ഹൈദരാബാദ്, ഗോവ, ഇൻഡോർ, ന്യൂഡൽഹി കാന്പസുകളിൽ), പ്രൊജക്ട് എൻജിനിയറിംഗ് മാനേജ്മെന്റ് (പൂന കാന്പസ്), റിയൽ എസ്റ്റേറ്റ് ആൻഡ് അർബൻ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് (പൂന കാന്പസ്), ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ്, െഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (പൂന കാന്പസ്) എന്നീ ദ്വിവത്സര ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് 50 ശതമാനം മാർക്കോടെ ബിടെക്കോ ബിആർക്കോ പാസായവർക്ക് അപേക്ഷിക്കാം.
പൂന കാമ്പസിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് ഓഫ് ഫാമിലി ഓണ്‍ഡ് കണ്‍സ്ട്രക്ഷൻ ബിസിനസിന്, ന്യൂഡൽഹി കാമ്പസിൽ നടത്തുന്ന സ്മാർട് സിറ്റി ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, ഹൈദരാബാദിൽ നടത്തുന്ന ക്വാണ്ടിറ്റി സർവെയിംഗ് ആൻഡ് കോണ്‍ട്രാക്ട് മാനേജ്മെന്റ്, ഹെൽത്ത് സേഫ്റ്റി ആൻഡ് എൻവയണ്‍മെന്റ് മാനേജ്മെന്റ് എന്നീ ഒരു വർഷത്തെ പിജി കോഴ്സിന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്ക് മതി. മാനേജ്മെന്റ് ഓഫ് ഫാമിലി ഓണ്‍ഡ് കണ്‍സ്ട്രക്ഷൻ ബിസിനസ് കോഴ്സിലേക്ക് കണ്‍സ്ട്രക്ഷൻ ബിസിനസ് നടത്തുന്ന കുടുംബത്തിൽ നിന്നുള്ളവരായിരിക്കണം അപേക്ഷകർ. ഇതു സംബന്ധിച്ച രേഖകളും ഹാജരാക്കണം. അവസാന വർഷ പരിക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഒരു പ്രോഗ്രാമിന് 1900 രൂപയും ഒന്നിലധികം പ്രോഗ്രാമിന് 2500 രൂപയുമാണ് അപേക്ഷാ ഫീസ്.
എൻഐസിഎംഎആർ ക്യാറ്റിന്റെയും ഇന്റർവ്യു, റേറ്റിംഗ് ഓഫ് ആപ്ലിക്കേഷൻ എന്നിവയുടെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഏപ്രിൽ 23, 24 തീയതികളിലാണ് ടെസ്റ്റും ഇന്റർവ്യുവും. ക്വാണ്ടിറ്റേറ്റീവ് ആൻഡ് അനലിറ്റിക്കൽ എബിലിറ്റി, ഡാറ്റാ ഇന്റർപ്രട്ടേഷൻ, വെർബൽ ആൻഡ് ജനറൽ എബിലിറ്റി എന്നീ മേഖലകളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. എൻഐസിഎംഎആർ ക്യാറ്റ് പൂനയിൽ വച്ചു മാത്രമാണു നടത്തുക.w ww.nicmar.ac.in. ഫോണ്‍: 0206685 9166 / 270.