നിക്ഷേപിക്കാനിതാ പലതരം മ്യൂച്വൽ ഫണ്ടുകൾ
മ്യൂച്വൽ ഫണ്ടുകളുടെ ലോകം വിശാലമാണ്. ഉയർന്ന റിസ്കുള്ള ഇക്വിറ്റി ഫണ്ടുകൾ മുതൽ റിസ്ക് കുറഞ്ഞ ഗിൽറ്റ് ഫണ്ടുകൾ വരെ വൈവിധ്യമാർന്ന പദ്ധതികളാണ് മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജ്മെന്റ് കമ്പനികൾ നിക്ഷേപകർക്കു മുമ്പിൽ വച്ചിട്ടുള്ളത്. റിസ്ക് എടുക്കാനുള്ള ശേഷിയനുസരിച്ച് ഇവയിൽനിന്നു യോജിച്ച ഫണ്ട് തെരഞ്ഞെടുക്കാം.

1.ഇക്വിറ്റി ഫണ്ടുകൾ

മുഖ്യമായും ഓഹരികളിൽ നിക്ഷേപിക്കുന്നതുകൊണ്ടാണ് ഇവയെ ഇക്വിറ്റി ഫണ്ടുകൾ എന്നു വിളിക്കുന്നത്. ഓഹരി വിപണിയുടെ വ്യതിയാനങ്ങളുമായി ഇവയുടെ പ്രകടനം ബന്ധപ്പെട്ടിരിക്കുന്നു. സ്വാഭാവികമായും ഉയർന്ന റിസ്കാണ് ഇതിലെ നിക്ഷേപത്തിനുള്ളത്. ബോണ്ട് വിപണി, പണ വിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ വന്യമായ വ്യതിയാനമാണ് ഇവയിൽ അനുഭവപ്പെടുന്നത്.
പല കാരണങ്ങൾകൊണ്ടും ഓഹരിവിലകളിൽ ചാഞ്ചാട്ടമുണ്ടായിക്കൊണ്ടിരിക്കും. ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇന്ത്യ പാക്ക് അധിനിവേശ കാഷ്മീരിലെ ഭീകര ക്യാമ്പുകളിൽ നടത്തിയ ‘സർജിക്കൽ’ ആക്രമണത്തെ തുടർന്ന് ഓഹരി വിപണി സമീപകാലത്തെ ഏറ്റവും ഉയർന്ന ഇടിവാണ് കാണിച്ചതാണ്.

ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപകർ നേരിടുന്ന ഏറ്റവും വലിയ റിസ്കും ഇതാണ്. ചെറുതും വലുതുമായ കാരണങ്ങളാൽ വിപണിയിൽ നാടകീയ മാറ്റങ്ങൾ ഉണ്ടാകും. ചിലപ്പോൾ നിക്ഷേപം പൂർണമായും അപ്രത്യക്ഷമാകും. ചിലപ്പോൾ നിരവധി മടങ്ങ് വർധന കാണിക്കും...

പക്ഷേ, ഓഹരികൾ ദീർഘകാലത്തിൽ ഏറ്റവും മികച്ച റിട്ടേൺ നൽകുന്ന ആസ്തിയാണെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. വിപണിയിലുണ്ടാകുന്ന നാടകീയ വ്യതിയാനങ്ങളെ അതിജീവിക്കുവാൻ ഓഹരി വിപണിയെ സഹായിക്കുന്നത് കാലമാണ്. ആത്യന്തികമായി വിപണിയുടെ ശരിയായ ശക്‌തിയെ പ്രതിഫലിപ്പിക്കുന്നത് സമ്പദ്ഘടനയുടെ വളർച്ചയും ഡിമാൻഡുമാണ്. മറ്റുള്ളവയെല്ലാം താൽക്കാലികമാണ്.

2. സെക്ടർ ഫണ്ട്

പ്രത്യേക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തുന്നു. ഉദാഹരണത്തിനു ടെക്നോളജി, കൺസ്യൂമർ, ബാങ്കിംഗ് തുടങ്ങിയവ. ഈ മേഖലയുടെ പ്രകടനമനുസരിച്ചായിരിക്കും ഫണ്ടിന്റെ പ്രകടനം. ഈ ഫണ്ടുകൾ മികച്ച റിട്ടേൺ നൽകാനുള്ള സാധ്യതയുണ്ട്. പക്ഷേ ഉയർന്ന റിസ്കുമുണ്ട്.

3. തീമാറ്റിക് ഫണ്ടുകൾ

സെക്ടർ ഫണ്ടുകളുടേ അതേ രീതിയാണിതിനും. പ്രത്യേകം വിഷയം ആസ്പദമാക്കി തയാറാക്കിയിട്ടുള്ളതാണ് ഫണ്ടിന്റെ നിക്ഷേപ ലക്ഷ്യം. ഉദാഹരണത്തിനു ഐടി, ഫാർമ, കൃഷി തുടങ്ങിയവ. ഉയർന്ന റിട്ടേൺ ലഭിക്കുവാൻ സാധ്യതയുള്ളതുപോലെ തന്നെ നഷ്ടസാധ്യതയുമുണ്ട്.

4. ഇൻകം ഫണ്ടുകൾ

തുടർച്ചയായി ഉയർന്ന ഡിവിഡൻഡ് നൽകുന്ന, വിവിധ മേഖലകളിലെ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തുന്നു.

5. ഇൻഡെക്സ് ഫണ്ടുകൾ

സിഎൻഎക്സ് നിഫ്റ്റി, ബിഎസ്ഇ സെൻസെക്സ് തുടങ്ങിയവയിലെ ഓഹരികളുടെ അതേ പാറ്റേണിൽതന്നെ നിക്ഷേപം നടത്തുന്ന ഫണ്ടുകളാണിവ. ബഞ്ച്മാർക്ക് സൂചികയിലെ മാറ്റത്തിന്റെ അതേ അനുപാതത്തിൽ ഇൻഡെക്സ് ഫണ്ടിന്റെ മൂല്യത്തിലും മാറ്റം വരുന്നു.

6. ഇടിഎഫ്

നിഫ്റ്റി, സെൻസെക്സ്, പിഎസ്യു ഓഹരികൾ തുടങ്ങിയവ അടിസ്‌ഥാനമാക്കിയുള്ള നിക്ഷേപ ഉപകരണമാണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അഥവാ ഇടിഎഫ്. ഇടിഎഫ് സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുകയും ഓഹരിപോലെ വ്യാപാരം ചെയ്യപ്പടുകയും ചെയ്യുന്നു.


7. നികുതി ലാഭ ഫണ്ടുകൾ

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം അഥവാ ഇഎൽഎസ് എസ് എന്നറിയപ്പെടുന്നു. ഈ ഫണ്ടുകൾ വൈവിധ്യമാർന്ന ഓഹരികളിൽ നിക്ഷേപം നടത്തുന്നു. നികുതി ലാഭിക്കുവാൻ സഹായിക്കുന്ന ഈ ഫണ്ടുകളിലെ നിക്ഷേപത്തിന് മൂന്നു വർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ട്. ഓഹരി നിക്ഷേപത്തോടൊപ്പം നികുതി ലാഭിക്കുവാനും ഉദ്ദേശിക്കുന്നവർക്കു യോജിച്ച ഫണ്ടാണ്. ദീർഘകാലത്തിൽ പല ഇഎൽഎസ്എസ് ഫണ്ടുകളും മികച്ച റിട്ടേൺ നൽകുന്നുണ്ട്. ഇപ്പോൾ ആദായനികുതി നിയമമനുസരിച്ച് 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവു ലഭിക്കും. ഇതിന്റെ വരുമാനത്തിനും നികുതി നൽകേണ്ടതില്ല.

വാൽക്കഷണം: ഡെറ്റ് മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്കു ഉയർന്ന റിസ്കുണ്ട്. പക്ഷേ ഇതിലെ നിക്ഷേപം കൂടുതൽ പണം മടക്കിത്തരുവാനുള്ള സാധ്യതയേറെയാണ്.

വിവിധ ഇക്വിറ്റി ഫണ്ടുകൾ ഏതൊക്കെയാണെന്നു പരിശോധിക്കാം

ഗ്രോത്ത് ഫണ്ട്

വിവിധ മേഖലകളിലെ വൈവിധ്യമാർന്ന വിപണി മൂല്യമുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാലത്തിൽ മൂലധന വളർച്ച നേടിത്തരുന്ന ഫണ്ടുകളാണിവ.

ഓഹരി വിപണിയിൽ നേരിട്ടു നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് വൈവിധ്യമാർന്ന നിക്ഷേപത്തിലൂടെ റിസ്ക് കുറയ്ക്കുവാനും മെച്ചപ്പെട്ട റിട്ടേൺ നേടുവാനും സഹായിക്കുന്ന ഫണ്ടുകളാണ് ഈ വിഭാഗത്തിൽ വരുന്നത്.

ഈ ഫണ്ടുകൾ വൻവളർച്ചാസാധ്യതയുള്ള കമ്പനികളുടെ ഓഹരികളാണ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക. മറ്റു കാര്യങ്ങൾക്കെല്ലാം രണ്ടാം സ്‌ഥാനമേ ഈ ഫണ്ടുകൾ നൽകുന്നുള്ളു.
നിക്ഷേപ ലക്ഷ്യം അടിസ്‌ഥാനമാക്കി ഈ ഫണ്ടുകളെ വീണ്ടും വർഗീകരിക്കാം. സ്മോൾ, മീഡിയം, ലാർജ് കാപ് ഫണ്ടുകളുണ്ട്. അതേപോലെ ഡൈവേഴ്സിഫൈഡ് ഫണ്ട്, മിഡ് ആൻഡ് ലാർജ് കാപ് ഫണ്ട്, സ്മോൾ ആൻഡ് മിഡ്കാപ് ഫണ്ട്, മൾട്ടികാപ് ഫണ്ട് എന്നിങ്ങനെ വൈവിധ്യമാർന്ന ഫണ്ടുകൾ നിക്ഷേപത്തിനു ലഭ്യമാണ്.

ലാർജ് കാപ് ഫണ്ട്:

ഇത്തരം ഫണ്ടുകൾ ആസ്തിയുടെ വലിയൊരു പങ്കും വൻ വിപണി മൂല്യമുള്ള കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിക്കുക. ഇത്തരം ഫണ്ടുകൾ ദീർഘകാലത്തിൽ സ്‌ഥിരതയോടൊപ്പം മോശമല്ലാത്ത റിട്ടേണും നൽകുന്നതിൽ പ്രസിദ്ധമാണ്.

മിഡ്കാപ് ഫണ്ട്:

ഇടത്തരം കമ്പനികളുടെ ഓഹരികളിലായിരിക്കും ഇത്തരം ഫണ്ടുകൾ കൂടുതൽ നിക്ഷേപം നടത്തുക. അതായതു വളർന്നുവരുന്ന കമ്പനികളുടെ ഓഹരികളിൽ. സമ്പദ്ഘടന മികച്ച വളർച്ച നേടുന്ന സാഹചര്യങ്ങളിൽ മികച്ച റിട്ടേൺ നൽകുന്നതിനുള്ള സാധ്യതയേറെയാണ്.

സ്മോൾകാപ് ഫണ്ട്:

സൂക്ഷ്മ, ചെറുകിട കമ്പനികളുടെ ഓഹരികളിലായിരിക്കും ഇത്തരം ഫണ്ട് അവരുടെ ആസ്തി നിക്ഷേപിക്കുക. ഉയർന്ന റിസ്കാണ് ഇതിനുള്ളത്. അതേപോലെ വളർച്ചാ സാധ്യതയുമുണ്ട്.

മൾട്ടികാപ് ഫണ്ട്:

വിപണി മൂല്യം കണക്കിലെടുക്കാതെ എല്ലാ വിഭാഗങ്ങളിലേയും എല്ലാ മേഖലകളിലേയും കമ്പനികളിൽ നിക്ഷേപം നടത്തുന്നു. ഇതുവഴി ഫണ്ടിന്റെ റിസ്ക് കുറയുന്നു. വൈവിധ്യവത്കരണമാണ് ഈ ഫണ്ടിന്റെ ശക്‌തി.