ഗർഭാശയഗള കാൻസറിനെ കരുതിയിരിക്കാം
ഇന്ത്യയിൽ സ്ത്രീകളിലെ കാൻസറുകളിൽ ഒന്നാം സ്‌ഥാനത്താണ് ഗർഭാശയഗള കാൻസർ. കേരളത്തിൽ രണ്ടാം സ്‌ഥാനത്തും. ഗർഭാശയഗള കാൻസറിന്റെ കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധയാണെന്നു സ്‌ഥിരീകരിച്ചിട്ടുണ്ട്. ഗർഭാശയഗള കാൻസറിനെക്കുറിച്ച് അറിയാം...

ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി)

നൂറോളം തരത്തിലുള്ള എച്ച്പിവി നമുക്കിടയിലുണ്ട്. ഇവയിൽ ചിലത് വളരെ അപകടകാരികളാണ് (ഹൈ റിസ്ക്). ചിലത് അപകടം കുറഞ്ഞതും (ലോ റിസ്ക്). പതിനഞ്ചോളം അർബുദകാരികളായ ഹ്യൂമൻ പാപ്പിലോമ വൈറസുകളിൽ ഹൈ റിസ്ക്കിൽപ്പെട്ട അഞ്ച് തരമാണ് ഗർഭാശയഗള കാൻസർ ഉണ്ടാക്കുന്നത്.

ഈ വൈറസ് അണുബാധ ഉണ്ടാകാനുള്ള പ്രധാന കാരണം ലൈം ഗികബന്ധം തന്നെയാണ്. എന്നാൽ ജനനേന്ദ്രിയവും ചർമവുമായുള്ള സ്പർശം മൂലവും വൈറസ് അണുബാധ ഉണ്ടാകാം. അതിൽ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നതുകൊണ്ടുമാത്രം വൈറസ് അണുബാധ തടയാൻ കഴിയില്ല.

മറ്റു ഘടകങ്ങൾ

* പുകവലി
* ലൈംഗിക ശുചിത്വമില്ലായ്മ
* കൂടുതൽ ലൈംഗിക പങ്കാളികൾ ഉണ്ടാവുക
* ഗർഭനിരോധന ഗുളികകൾ കൂടുതൽ കാലം ഉപയോഗിക്കുക
ഇന്ത്യയിൽ ഗർഭാശയഗള കാൻസറിന്റെ പ്രധാന കാരണങ്ങളായി നേരത്തെ എടുത്തുപറഞ്ഞിരുന്നത് പുകവലിയും ലൈംഗികശുചിത്വമില്ലായ്മയുമാണ്. ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികളുണ്ടാകുന്നതും അനേകവർഷങ്ങളായുള്ള ഗർഭനിരോധന ഗുളികകളുടെ ഉപയോഗവും ഈ കാൻസർ സാധ്യത വർധിപ്പിക്കുന്നു.

ഗർഭാശയഗള കാൻസറിന്റെ പ്രത്യേകതകൾ

ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറാണ് ഗർഭാശയഗള കാൻസർ. പാപ്സ്മിയർ ടെസ്റ്റിലൂടെ ഗർഭാശയഗള കാൻസർ ആരംഭ ഘട്ടത്തിലേ കണ്ടെത്താൻ കഴിയും. കാൻസർ രോഗനിർണയത്തിലെ ഏറ്റവും കൃത്യതയുള്ള പരിശോധനയാണ് പാപ്സ്മിയർ ടെസ്റ്റ്.

കാരണവും തടയാനുള്ള വാക്സിനും കണ്ടുപിടിച്ചിട്ടുള്ള ഒരേയൊരു കാൻസറാണിത്. ഗർഭാശയഗള കാൻസറിനു കാരണമാകുന്നത് എച്ച്പിവി അണുബാധയാണെന്നു സ്‌ഥിരീകരിച്ചതോടെ ഇതിന്റെ പ്രതിരോധ മാർഗം ഏറെ ഫലപ്രദമായി.

ഗർഭാശയത്തിന്റെ ഘടന

ഗർഭാശയത്തിന്റെ താഴ്ഭാഗമാണ് സെർവിക്സ് അഥവാ ഗർഭാശയഗളം എന്നറിയപ്പെടുന്നത്. യോനിയിലേക്ക് തള്ളിനിൽക്കുന്ന ഈ ഭാഗമാണ് ഗർഭാശയത്തെ യോനിയിലേക്കും അതുവഴി പുറത്തേക്കും ബന്ധിപ്പിക്കുന്നത്.

ഗർഭാശയത്തിന്റെയും ഗർഭാശയഗളത്തിന്റെയും ഉൾഭാഗം ആവരണം ചെയ്തിരിക്കുന്ന കോശങ്ങളിൽ നിന്നു വിഭിന്നമാണ് പുറംഭാഗം (യോനിയിലേക്ക് തള്ളി നിൽക്കുന്ന ഭാഗം) ആവരണം ചെയ്തിരിക്കുന്ന കോശങ്ങൾ. തൊലിപ്പുറ രോഗങ്ങളോടും സാദൃശ്യമുള്ള ഈ കോശങ്ങൾ സ്ക്വാമസ് കോശങ്ങളാണ്. ഉൾഭാഗത്തെ ഗ്ലാൻഡ് കോശങ്ങളും പുറംഭാഗത്തെ സ്ക്വാമസ് കോശങ്ങളും ചേരുന്ന ഭാഗമാണ് ’ ട്രാൻസ് ഫോർമേഷൻ സോൺ. വിഭജിച്ചുകൊണ്ടിരിക്കുന്ന കോശങ്ങൾ ഈ ഭാഗത്താണ് കാണുന്നത്. പ്രായപൂർത്തിയാകുന്ന സമയത്തും (പുബേർട്ടി) ആദ്യ ഗർഭകാലത്തും ഒരുപാടു കോശവ്യതിയാനങ്ങൾ ഈ ഭാഗത്തുണ്ടാകുന്നുണ്ട്. ഈ സന്ദർഭങ്ങളിലുണ്ടാകുന്ന വൈറസ് അണുബാധ അർബുദത്തിനു മുന്നോടിയായിട്ടുള്ള വ്യതിയാനങ്ങളിലേക്ക് കോശങ്ങളെ തള്ളിവിടും. ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ മൂലഘടകം (ഡി.എൻ.എ) ഗർഭാശയകോശ ഡിഎൻഎയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതുകൊണ്ടാണ് ഈ അണുബാധ ഏറ്റവും അപകടകാരിയാകുന്നത്.

ലക്ഷണങ്ങൾ

ഗർഭാശയഗള കാൻസർ ഉള്ളവരിൽ 90 ശതമാനം പേരിലും പ്രാരംഭദശയിൽ തന്നെ രോഗത്തിന്റെ സൂചനകൾ കാണാം. മാസമുറ അല്ലാത്ത ഏതു രക്‌തസ്രാവവും അസാധാരണമാണ്.
float:left;min-height:2px;width:100%;" data-slot="311045" data-position="1" data-section="0" data-ua="M" class="colombia">


കാൻസർ പ്രതിരോധം

കാൻസർ പ്രതിരോധത്തിനു പ്രധാനമായി രണ്ടു മാർഗങ്ങളാണുള്ളത്.

1. പ്രാഥമിക നിവാരണം : കാൻസർ ഉണ്ടാകാനുള്ള കാരണം ഉന്മൂലനം ചെയ്യുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് രോഗപ്രതിരോധ വാക്സിൻ എടുക്കുന്നത് ഫലപ്രദമാണ്. ഏതുപ്രായത്തിലൂള്ള സ്ത്രീകൾക്കും ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയുടെ സാധ്യതയുണ്ട്. അതുകൊണ്ട് വാക്സിനേഷൻ എടുക്കുന്നതു പിന്നീടുള്ള അണുബാധയെ തടയാൻ സഹായിക്കുന്നു. ഗർഭകാലത്ത് വാക്സിൻ എടുക്കുന്നതു നിർദേശിക്കുന്നില്ല

ഗർഭാശയഗള കാൻസറിനെതിരേ വാക്സിൻ

ലൈംഗികബന്ധം തുടങ്ങും മുൻപേ തന്നെ വാക്സിൻ എടുക്കുന്നതാണ് ഫലപ്രദം. ഡോക്ടറുടെ നിർദേശമനുസരിച്ച് പത്തുവയസിനുശേഷം ഈ കുത്തിവയ്പ് എടുക്കാം. 45 വയസുവരെ ഫലപ്രദമാണ്. ഗർഭിണികളിൽ ഈ കുത്തിവയ്പ് എടുക്കാൻ പാടില്ല. രണ്ടു ഡോസ് വാക്സിൻ ആണ് ഉപയോഗിക്കുന്നത്. 0–1, 6 മാസം ആണ്. രണ്ടാമത്തെ ഇൻജക്ഷൻ രണ്ടര മാസം വരെയാകുന്നതു കൊണ്ടു കുഴപ്പമില്ല.

2. രണ്ടാംഘട്ട നിവാരണം : പ്രാരംഭദശയിലോ അല്ലെങ്കിൽ കാൻസറാകുന്നതിനു മുൻപുതന്നെയോ കണ്ടുപിടിച്ചു ചികിത്സിച്ച് ഭേദമാക്കുക.

ഗർഭാശയഗള കാൻസർ : മുൻകൂർ പരിശോധന

1. പാപ്സ്മിയർ ടെസ്റ്റ്
2. കോൾപോസ്കോപ്പി
3. എച്ച്പിവി ഡി.എൻ.എ ടെസ്റ്റ്
രോഗ നിർണയം ബയോപ്സി പരിശോധന

പ്രധാന ചികിത്സാരീതികൾ

ഗർഭാശയഗള കാൻസർ പരിഹരിക്കാനുള്ള മാർഗങ്ങൾ ശസ്ത്രക്രിയയും റേഡിയേഷനുമാണ്. ഗർഭപാത്രവും യോനിയുടെ മുകൾ ഭാഗവും നീക്കം ചെയ്യുന്ന റാഡിക്കൽ ഹിസ്റ്ററക്ടമി, സാധാരണ ഗർഭപാത്ര ശാസ്ത്രക്രിയകളേക്കാൾ ഏറെ സങ്കീർണമാണ്. ഗർഭപാത്രത്തിന്റെ ഇരുവശങ്ങളിലുമുള്ള കുഴലുകളും നീക്കം ചെയ്യും. അതോടെ കാൻസർ ബാധിച്ച കോശങ്ങൾ പൂർണമായും ഇല്ലാതാകുന്നു.
ശസ്ത്രക്രിയയ്ക്ക് മുൻപു ശസ്ത്രക്രിയ ചെയ്യാൻ പറ്റുമോ എന്നറിയാൻ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത് എം.ആർ.ഐ സ്കാനാണ്.

കാൻസർ ഏതു ഘട്ടത്തിലെത്തി എന്നു കണ്ടുപിടിക്കാൻ വിവിധ മാർഗങ്ങളുണ്ട്. നെഞ്ചിന്റെ എക്സറേ, വയറിന്റെ അൾട്രാ സൗണ്ട് സ്കാൻ, മൂത്രാശയത്തിന്റെ പരിശോധന എന്നിവയിലൂടെ ഇത് സാധ്യമാകും. ചില രോഗികൾക്ക് റേഡിയേഷൻ മാത്രം മതിയാകും.

ഗർഭാശയഗള കാൻസർ പ്രധാനമായും നാലു ഘട്ടങ്ങളിലായിട്ടാണു കാണുന്നത്. ഒന്നാം ഘട്ടത്തിൽ ഇതു ഗർഭാശയ ഗളത്തിൽ മാത്രമായിരിക്കും. അപ്പോൾ ശസ്ത്രക്രിയയും റേഡിയേഷനും ഒരേ ഫലം തരും. ചെറുപ്പക്കാർക്ക് ശസ്ത്രക്രിയയാണ് ഏറെ ഗുണം ചെയ്യുന്നത്.

രണ്ടാംഘട്ടത്തിൽ കാൻസർ ഗർഭാശയഗളത്തിന്റെ വശങ്ങളിലേക്കു വ്യാപിക്കും. ഈ അവസ്‌ഥയിൽ റേഡിയേഷനും ആഴ്ചതോറുമുള്ള കീമോതെറാപ്പിയും വേണ്ടിവരും.

ഒന്നാംഘട്ടത്തിലെ കാൻസർ ചികിത്സ ഏറെ ഫലപ്രദമാണ്. 90–95 ശമതാനം പേർക്കും രോഗം പൂർണമായി ഭേദപ്പെടാറുണ്ട്. 92 ശതമാനം പേർക്കും അഞ്ചുവർഷത്തേക്കുള്ള ആയുർദൈർഘ്യം ലഭ്യമാകുന്നു എന്നാണു കണക്ക്.

കാൻസറിന്റെ വലിപ്പം കുറവാണെങ്കിൽ ഗർഭാശയഗളത്തെ ബാധിച്ച ഭാഗം മുറിച്ചുമാറ്റി ശസ്ത്രക്രിയ ചെയ്യാം. കുട്ടികൾ ഇല്ലാത്ത സ്ത്രീകളിലും ഇത്തരത്തിൽ ഗർഭാശയഗളത്തിലെ ആ ഭാഗം മാറ്റി ശസ്ത്രക്രിയ നടത്താവുന്നതാണ്.

ഡോ. കെ. ചിത്രതാര
സീനിയർ കൺസൾട്ടന്റ്
സർജിക്കൽ ആൻഡ് ഗൈനക് ഓങ്കോളജി ലേക്ഷോർ ഹോസ്പിറ്റൽ, എറണാകുളം

തയാറാക്കിയത്– സീമ മോഹൻലാൽ