സ്വഭാവ വൈകല്യം തിരിച്ചറിയാം
സ്വഭാവ വൈകല്യം തിരിച്ചറിയാം
Friday, August 25, 2017 3:35 AM IST
ടോം നാലാം ക്ലാസ് വിദ്യാർഥിയാണ്. ഏതെങ്കിലും തരത്തിൽ അവന് അസ്വസ്ഥതയുണ്ടായാൽ ബെഡിൽ കിടന്ന് തല ശക്തിയായി മുട്ടിക്കും. ചിലപ്പോൾ ഭിത്തിയിൽ മുട്ടി തല മുഴയ്ക്കുകയും ചെയ്യും. അടുത്ത കാലത്ത് ഒരു ദിവസം തലയിൽ നിന്ന് രക്തം വന്നു. ഡോക്ടറെ കാണിച്ചപ്പോൾ ഇങ്ങനെ ചെയ്താൽ തലയ്ക്കകത്ത് രക്തസ്രാവം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് അതു പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പറഞ്ഞു. ടോം വെറുതെയിരിക്കുന്പോൾ കൈകാലുകൾ കൊണ്ട് ഗോഷ്ടികൾ കാണിക്കുകയും തലയിട്ടു വെട്ടിക്കുകയും ചെയ്യും. തീരെ ചെറുപ്പത്തിൽ തള്ളവിരൽ വായിൽവച്ച് കിടക്കുന്ന സ്വഭാവമുണ്ടായിരുന്നെങ്കിലും അതു താനെ മാറി. തലയിട്ട് വെട്ടിക്കുന്നതും കൈകൾ ചലിപ്പിക്കുന്നതും ചിലപ്പോൾ ക്ലാസിൽ വച്ചും സംഭവിക്കാറുണ്ട്. അധ്യാപകർ മുന്നറിയിപ്പ് നൽകിയിട്ടും അവൻ അതു പലതവണ ആവർത്തിച്ചു. ഇതിെൻറ പേരിൽ അവനെ ക്ലാസിനു പുറത്തു നിർത്തുകയും പിന്നീട് മാതാപിതാക്കളെ വിളിച്ച് താക്കീത് നൽകുകയും ചെയ്തിട്ടുമുണ്ട്. അതുകൊണ്ടൊന്നും സ്വഭാവത്തിന് മാറ്റം വന്നില്ല എന്ന് മാത്രമല്ല അതു വർധിക്കുകകൂടി ചെയ്തുവെന്നാണ് ടോമിെൻറ മാതാപിതാക്കൾ പറയുന്നത്. ടോമിന് ഒരു വയസുള്ളപ്പോൾ അവെൻറ ഇളയകുട്ടി ജനിച്ചു. അന്നുമുതലാണ് തള്ളവിരൽകുടി ആരംഭിച്ചതെന്ന് മാതാപിതാക്കൾ ഓർമിക്കുന്നു. ഇളയകുട്ടിയെ അ താലോലിക്കുന്പോൾ മുറിയുടെ മൂലയ്ക്ക് മാറിയിരുന്ന് അവൻ അമ്മയെ നോക്കുമായിരുന്നു. ചിലപ്പോൾ അമ്മയുടെ അടുത്തുവന്ന് കിടക്കാൻ ശാഠ്യം പിടിക്കുമായിരുന്നു. സൗകര്യമുള്ളപ്പോൾ കൂടെ കിടത്തുമായിരുന്നെങ്കിലും അ അത് പലപ്പോഴും ഒഴിവാക്കിയിരുന്നത് അവനെ വേദനിപ്പിച്ചിരുന്നു. ഇളയകുട്ടി വളർന്നുവന്നപ്പോൾ അവർ തമ്മിൽ ശണ്ഠകൂടുവാൻ തുടങ്ങി. ക്രമേണ മേൽപ്പറഞ്ഞ പെരുമാറ്റ വൈകല്യങ്ങളും പ്രത്യക്ഷപ്പെു തുടങ്ങി.

പല കുട്ടികളും ഇത്തരത്തിലുള്ള പെരുമാറ്റ വൈകല്യങ്ങൾ കാണിക്കാറുണ്ട്. തള്ളവിരൽ കുടിക്കുന്നത് മോണയ്ക്കും പല്ലിനും വിരലിനും ക്ഷതമുണ്ടാക്കുന്നു. ഇത്തരം സ്വഭാവങ്ങളെ അവഗണിക്കുന്നതാണ് നല്ലത്. കുട്ടിയെ വിമർശിക്കുകയും ശിക്ഷിക്കുകയും തിരുത്തുകയും ചെയ്യുന്നതിനു പകരം ഏതെങ്കിലും കാര്യത്തിൽ പുകഴ്ത്തുകയും, മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.

എന്താണ് ചെറുപ്പകാല സ്വഭാവങ്ങൾ

പലപ്പോഴും മാതാപിതാക്കൾ കുട്ടികളുടെ ചില പെരുമാറ്റങ്ങളെപ്പറ്റി ആകുലരാണ്. തള്ളവിരൽ കുടിക്കൽ, നഖം കടിക്കൽ, തലമുടി വലിച്ചുപറിക്കൽ, ശ്വാസം പിടിച്ചുകരയൽ, ശ്വാസം കിട്ടാത്തതുപോലെ ഏങ്ങലടിക്കൽ, ബോധം കെട്ടതുപോലെ കിടക്കൽ, നിലത്ത് കിടന്ന് ഉരുളൽ തുടങ്ങി, നിരവധി പ്രശ്നങ്ങൾ കുട്ടികളിൽ നിന്ന് മാതാപിതാക്കൾക്ക് നേരിടേണ്ടതായി വരാറുണ്ട്. പലപ്പോഴും സംഘർഷത്തെ തരണം ചെയ്യാൻ കുട്ടികൾ അവലംബിക്കുന്ന മാർഗങ്ങളാണ് ഇവയെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ചിലപ്പോൾ മുതിർന്നവരെ അനുകരിക്കുക മാത്രമായിരിക്കും ചെയ്യുക. ഉദാഹരണത്തിന് ഒരു മൂന്നുവയസുകാരിയായ കുട്ടിയുള്ള വീട്ടിൽ വീട്ടുജോലിക്കാരിക്കൊപ്പം അവരുടെ മൂന്നുവയസുള്ള കുട്ടിയും വരുമായിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ വീട്ടിലെ കുട്ടി എന്തെങ്കിലും കാര്യം സാധിക്കേണ്ടി വരുന്പോൾ കരങ്ങൾ ചുരുട്ടി നെഞ്ചത്തടിച്ചുകരയാൻ തുടങ്ങി. പെന്ന്െ വന്ന ഈ സ്വഭാവം കണ്ട് മാതാപിതാക്കൾ അന്പരന്നു. ജോലിക്കാരിയുടെ കുട്ടിയെക്കണ്ട് പഠിച്ചതാണ് ഈ സ്വഭാവമെന്ന് പിന്നീട് മനസിലായി. ജോലിക്കാരിയോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ അവരും വിഷമം വരുന്പോഴും ഭർത്താവുമായി വഴക്കടിക്കുന്പോഴും കൈകൾ കൊണ്ട് നെഞ്ചിൽ ഇടി്കാറുണ്ട് എന്ന് ജാള്യതയോടെ പറഞ്ഞു.


പല പെരുമാറ്റങ്ങളും ഉപദ്രവമുള്ളവയല്ല. പക്ഷെ ചിലതു പ്രശ്നങ്ങളുണ്ടാക്കാം. പല്ലുകടിക്കുന്നതും, വിരൽ കുടിക്കുന്നതും വഴി പല്ലിന് പ്രശ്നങ്ങൾ സംഭവിക്കാം. ചില സ്വഭാവങ്ങൾ സമൂഹത്തിൽ മതിപ്പ് കുറവ് സൃഷ്ടിക്കാൻ കാരണമാകുകയും ചിലപ്പോൾ വേദനാജനകമാകുകയും ചെയ്യാം. പൊതുവായിപ്പറഞ്ഞാൽ ഈ പെരുമാറ്റങ്ങൾക്ക് അമിതപ്രാധാന്യം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികൾ സാമൂഹ്യ സാഹചര്യങ്ങളിലും പിന്നീട് എല്ലാ തലങ്ങളിലും അവ സ്വയം നിയന്ത്രിച്ച് ഇല്ലാതാക്കിക്കൊള്ളും. തലയ്ക്കടിക്കലും മുടി പറിക്കലും മുറിവും അപകടം വരുത്തിവച്ചേക്കാം. ഈ സ്വഭാവങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികളിലും അവഗണിക്കപ്പെവരിലും ബുദ്ധിവൈകല്യമുള്ളവരിലും വളർച്ചാ താമസമുള്ളവരിലുമാണ് സാധാരണയായി കാണപ്പെടുക. ആദ്യം പറഞ്ഞ തലതിരിക്കലും കൈകൊണ്ടു ഗോഷ്ടി കാണിക്കലും ഒരു സ്വഭാവം (habit) എന്നതിന് പകരം ടിക്സ് എന്നാണ് വിളിക്കപ്പെടുക.

തിരിച്ചറിയാം

പ്രധാനപ്പെട്ട സ്വഭാവങ്ങൾ താഴെ പറയുന്നവയാണ്. വിരൽകുടിക്കൽ, പല്ലുകടിക്കൽ, കിടക്കുന്നിടത്ത് കിടന്ന് വട്ടം കറങ്ങുക, തലയിൽ അടിക്കുക, നഖം കടിക്കുക എന്നിവയാണ് പ്രധാനപ്പെ സ്വഭാവങ്ങൾ.
ഇവയ്ക്ക് സാധാരണ ഒരു ചികിത്സയും ആവശ്യമില്ല. ഇവ ക്രമേണ അപ്രത്യക്ഷമാകുകയാണ് പതിവ്. നാം അമിത ശ്രദ്ധ കൊടുക്കുകയും തിരുത്താൻ ശ്രമിക്കുകയും ശിക്ഷ നൽകുകയും ഒക്കെ ചെയ്യുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത്തരം പ്രവൃത്തികൾ അത്തരം സ്വഭാവത്തെ കൂടുതൽ ശക്തിപ്പെടുത്താനേ ഉപകരിക്കുകയുള്ളു. കുട്ടിയെ മറ്റേതെങ്കിലും വിഷയത്തിലേക്ക് തിരിക്കുകയാണ് മറ്റൊരുവഴി.

നഖം കടിക്കുന്ന കുട്ടിയെ നഖം കടിക്കുന്ന കാര്യത്തിൽ കുറ്റപ്പെടുത്താതെ ആ സമയത്ത് ക്രയോണ്‍സും കളറുമൊക്കെ കൊടുത്ത് വരയ്ക്കാൻ പ്രേരിപ്പിക്കണം. അവരുടെ കൂടെയിരിക്കുകയും വരയ്ക്കുന്പോൾ പ്രോത്സാഹനവും അഭിനന്ദനവും കൊടുക്കുകയും ചെയ്യണം. കുടുംബത്തിലും കുട്ടിയുടെ ജീവിതത്തിലും ഏതെങ്കിലും ടെൻഷനുള്ള കാര്യമുണ്ടെങ്കിൽ അതിനെ കഴിയുന്നത്ര ലഘൂകരിക്കുകയോ, ഇല്ലാതാക്കുകയോ ചെയ്യണം.

കുട്ടികൾ വിരൽ കുടിക്കാതിരിക്കുന്പോൾ അതിന് നിരന്തരം അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നൽകണം. അതിനൊപ്പം കളികളിൽ ഏർപ്പെടുത്തുകയും ഉത്തരവാദിത്വമുള്ള ചെറിയ ജോലികൾ ഏൽപിച്ച് അവ ചെയ്യുന്പോൾ അഭിനന്ദനം ചൊരിയുകയോ വേണം. പഴയ കാലത്ത് കയ്പുള്ള സാധനങ്ങൾ വിരൽ തുന്പിൽ പുരുന്ന രീതിയുണ്ടായിരുന്നു. ഇതിെൻറ ഫലസിദ്ധിയെപ്പറ്റി വ്യക്തതയില്ലാത്തതിനാൽ ഈ രീതി പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. എന്നാൽ ചെയ്യുന്നത് തെറ്റാണെന്ന് പറയാൻ കഴിയുകയുമില്ല.

പല്ലുകടി ആകാംക്ഷയും ഭയവും കൊണ്ട് ഉണ്ടാകാം. അതുകൊണ്ട് ടെൻഷൻ കുറയ്ക്കാനുള്ള മറ്റു രീതികൾ കുട്ടിയെ പരിശീലിപ്പിക്കണം. ഈ ഹാബിറ്റുകൾ ശാരീരിക ക്ഷതമോ, മാനസിക പ്രശ്നങ്ങളോ കുട്ടിയുടെ ജീവിതത്തെയും പുരോഗതിയെയും തടസപ്പെടുത്തുന്ന കാരണങ്ങളോ ആയി മാറിയാൽ സൈക്കോളജിസ്റ്റിനെ സമീപിക്കുന്നതാണ് ഉത്തമം.

ഡോ. പി.എംചാക്കോ പാലാക്കുന്നേൽ
പ്രിൻസിപ്പൽ, നിർമല ഇൻസ്റ്റിറ്റ്യൂ് ഓഫ് കൗണ്‍സലിംഗ് ആൻഡ് സൈക്കോതെറാപ്പി സെൻറർ, കാഞ്ഞിരപ്പള്ളി