പാൻമസാലയും അപകടകാരി
Friday, August 5, 2016 4:02 AM IST
പുകയിലയിൽ കാണപ്പെടുന്ന ടാർ ഏകദേശം 40 ഓളം രാസവസ്തുക്കൾ അടങ്ങിയതാണ്. അവയിൽ പലതും കാൻസർ ഉണ്ടാക്കുന്നവയാണ്. ശ്വാസകോശ കാൻസറാണ് ഇതിൽ പ്രധാനം.
അടയ്ക്ക, പുകയിലപ്പൊടി, ചുണ്ണാമ്പ്, കൊന്നമരത്തിന്റെ പശ, സുഗന്ധദ്രവ്യങ്ങൾ ഇത്യാദി നിരവധി വസ്തുക്കൾ അടങ്ങിയതാണ് പാൻമസാല. എന്നാൽ പഠനങ്ങൾ വ്യക്‌തമാക്കുന്നത് നിക്കൽ, കാഡ്മിയം തുടങ്ങിയ ലോഹവിഷങ്ങൾ, കീടനാശിനിയുടെ അവശിഷ്ടങ്ങൾ, ചില്ലുപൊടി... മാരകരോഗങ്ങൾ ഉണ്ടാക്കുന്ന ഇത്യാദി വസ്തുക്കൾ പോലും ഇതിൽ ചേർന്നിരിക്കുന്നുവെന്നാണ്.

ചുരുങ്ങിയകാലത്തെ ഉപയോഗം നിമിത്തം കവിളിന്റെ കട്ടികൂടി വായ തുറക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു. എരിവ്, പുളി തുടങ്ങിയവയ്ക്ക് അസ്വസ്‌ഥതയുണ്ടാക്കുന്ന സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്ന അവസ്‌ഥയും ചിലരിൽ വായിൽ വെളുത്തതോ ചുവപ്പ് കലർന്നതോ ആയ പാടകൾ ലൂകോപ്ലാക്കിയ ഇത്യാദി കാൻസറിന് മുന്നോടിയായ അവസ്‌ഥകളും സംജാതമാകുന്നു. തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ കമ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത് നമ്മുടെ നാട്ടിൽ പുകയില ഉപയോഗിക്കുന്ന പുരുഷന്മാരിൽ കാണാറുള്ള കാൻസറിൽ ഏകദേശം 13 ശതമാനം ശ്വാസകോശാർബുദവും 11 ശതമാനം വായിലെ കാൻസറുമാണെന്നാണ്.


<യ> കുട്ടികളിലെ ദൂഷ്യഫലങ്ങൾ

വളരെ ചെറുപ്പത്തിൽ പുകവലി ആരംഭിക്കുകയോ പുകവലിക്കാരായ മാതാപിതാക്കളുടെ കൂടെ താമസിക്കുകയോ ചെയ്യുന്ന കുട്ടികളിൽ വിട്ടുമാറാത്ത ചുമ, വലിവ്, ജലദോഷം, വയറുവേദന, ന്യുമോണിയ ഇത്യാദി അസുഖങ്ങൾ കൂടുതൽ കണ്ടുവരുന്നു. ഇത്തരം കുട്ടികൾ മറ്റുകുട്ടികളെ അപേക്ഷിച്ച് ശ്രദ്ധയും ഉണർവും ഉന്മേഷവും കുറഞ്ഞുകാണുന്നു.

<യ>സ്ത്രീകളിലെ ദൂഷ്യഫലങ്ങൾ

സിഗരറ്റ് വലി, പുകയില കൂട്ടിയുള്ള മുറുക്കൽ എന്നീ ദുശീലങ്ങൾ സ്ത്രീകൾക്കിടയിൽ കൂടിവരുന്നതായാണ് കാണുന്നത്. ഗർഭിണി പുകവലിച്ചാൽ രക്‌തസ്രാവം, ഗർഭം അലസൽ, മാസം തികയാത്ത പ്രസവം, പ്രസവിച്ച കുഞ്ഞിന്റെ ഭാരക്കുറവ്, പ്രതിരോധ ശക്‌തിക്കുറവ്, ശ്വാസകോശ രോഗങ്ങൾ, അംഗവൈകല്യങ്ങൾ എന്നുവേണ്ട ബുദ്ധിമാന്ദ്യം വരെ ഉണ്ടാകാം.

വിവരങ്ങൾ: <യ>ഡോ.പ്രശാന്ത്, പ്രാഥമികാരോഗ്യ കേന്ദ്രം, പാമ്പാടുംപാറ.