കുടിവെള്ളപാത്രങ്ങളും അണുവിമുക്‌തമാക്കാം
Monday, September 5, 2016 4:41 AM IST
* ചോർച്ചയുളള ജലവിതരണ ൈപെപ്പുകളും ടോയ്ലറ്റിൽ നിന്നുളള വേസ്റ്റ് പൈപ്പുകളും അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നം പരിഹരിക്കുക. പൊതുസ്‌ഥാപനങ്ങൾ മാത്രമല്ല വീടുകളും ഇക്കാര്യത്തിൽ സജീവശ്രദ്ധ പുലർത്തണം. കുടിവെളളവും ജലസ്രോതസുകളും മലിനപ്പെടുന്നതു തടയാൻ അതുപകരിക്കും.

* ഉപയോഗത്തിനു ശേഖരിച്ച കുടിവെളളം അടച്ചുസൂക്ഷിക്കുക. തിളപ്പിച്ചാറിച്ച വെളളവും അടച്ചുസൂക്ഷിക്കണം. ചെറുപ്രാണികൾ, അവയുടെ വിസർജ്യങ്ങൾ എന്നിവ കുടിവെളളത്തിൽ വീഴാനും കലരാനുമുളള സാധ്യത അപ്രകാരം തടയാം. വാട്ടർ ടാങ്കുകളും അടച്ചുസൂക്ഷിക്കണം. പക്ഷികളുടെയും മരപ്പട്ടി, പൂച്ച തുടങ്ങിയവയുടെ വിസർജ്യങ്ങൾ കലരുന്നതും അങ്ങനെ ഒഴിവാക്കാം.
* അടുക്കളയിൽ വെളളം സൂക്ഷിക്കുന്ന പാത്രം ദിവസവും കഴുകി വൃത്തിയാക്കണം. ടാങ്കുകൾ മാസത്തിൽ ഒരു തവണയെങ്കിലും കഴുകി വൃത്തിയാക്കണം. പൊട്ടാസ്യം പെർമാംഗനേറ്റ് നേർപ്പിച്ച ലായനി വെളളത്തിൽ കലർത്തി തളിച്ചാൽ അണുവിമുക്‌തമാക്കാം.

* ടെറസിൽ നിന്നു മഴവെളളം ശേഖരിക്കുമ്പോൾ അണുക്കളും പക്ഷികളുടെ വിസർജ്യ അവശിഷ്‌ടങ്ങളും കലരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക. മഴവെളള സംഭരണികളുടെ ശുചിത്വവും ഉറപ്പാക്കുക. ഇക്കാര്യത്തിൽ പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശം തേടുക.

* കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം പരമവധി കുറയ്ക്കുക. പൂർണമായും ഒഴിവാക്കുകയാണെങ്കിൽ അത്രയും നല്ലത്. ജലമലിനീകരണസാധ്യത കുറയും. സാധ്യമെങ്കിൽ ജൈവകൃഷി സ്വീകരിക്കാം. ശുദ്ധമായ പച്ചക്കറികൾ അടുക്കളയ്ക്ക് അനുഗ്രഹമാവും; ആയുസിനും.

* അടുക്കളയിൽ നിന്നുളള മലിനജലം ഒഴുക്കിക്കളയാതെ ജൈവ പച്ചക്കറിത്തോട്ടം നനയ്ക്കുന്നതിന് ഉപയോഗപ്പെടുത്താം. മലിനജലം ശുദ്ധജല സ്രോതസുകളെ മലിനപ്പെടുന്നതു തടയാൻ അതുപകരിക്കും. കൂടാതെ അടുക്കളയിലേക്കു കീടനാശിനികളിൽ കുളിക്കാത്ത ശുദ്ധമായ നാടൻപച്ചക്കറികൾ ദിവസേന ലഭ്യമാവുകയും ചെയ്യും.


<യ> യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പലപ്പോഴും വിനോദയാത്രകളുടെ രസംകൊല്ലുന്നത് അസുഖങ്ങളാവാം. മാലിന്യങ്ങൾ കലർന്ന കുടിവെളളത്തിലൂടെയാവാം പലപ്പോഴും അസുഖങ്ങൾ മനസറിയാതെയെത്തുന്നത്. ഇ. കോളി പോലെയുളള ബാക്ടീരിയകൾ ആമാശയരോഗങ്ങൾക്ക് ഇടയാക്കുന്നു. ഹെപ്പറ്റൈറ്റിസ് എ വൈറസ്, പോളിയോ വൈറസ്, റോട്ട വൈറസ് എന്നിവയും മലിനജലത്തിലൂടെയാണ് എത്തുന്നത്.

* തിളപ്പിച്ചാറിച്ച വെളളം കുടിക്കുക എന്നതാണ് പ്രതിരോധതന്ത്രം. യാത്രകളിൽ തിളപ്പിച്ചാറിച്ച വെളളം കരുതുന്നത് ഉത്തമം. രാമച്ചം, അയമോദകം എന്നിവയിലൊന്നു ചേർത്തു തിളപ്പിച്ച വെളളം രണ്ടു ദിവസത്തേക്ക് ചീത്തയാവില്ല. ഫ്ളാസ്കിൽ തിളപ്പിച്ച വെളളം കരുതുന്നതും ഉചിതം.

* തിളപ്പിച്ചാറിച്ച വെളളം, മറ്റു ശാസ്ത്രീയ മാർഗങ്ങളിലൂടെ ശുദ്ധീകരിച്ച വെളളം, വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നു വാങ്ങുന്ന കുപ്പിവെളളം എന്നിവ ഉപയോഗിക്കാം.

* മലിനീകരിക്കപ്പെട്ട ജലം കുടിക്കുന്നതുകൊണ്ടുമാത്രമല്ല രോഗാണുക്കൾ ശരീരത്തിലെത്തുക. പല്ലു തേയ്ക്കുന്നതിനും കുളിക്കുന്നതിനും അത്തരം വെളളം ഉപയോഗിക്കുന്നതിലൂടെ, കണ്ണാടിയോ കൃത്രിമ പല്ലുസെറ്റോ കഴുകാൻ മലിനജലം ഉപയോഗിക്കുന്നതിലൂടെ.... രോഗാണുക്കൾ മനസറിയാതെ ശരീരത്തിലെത്തും. കുളവും പുഴയും മറ്റും മലിനീകരിക്കപ്പെട്ടതാണെന്നു തിരിച്ചറിഞ്ഞാൽ അത്തരം ഇടങ്ങളിലെ കുളി ഒഴിവാക്കുന്നതാണ് ആരോഗ്യജീവിതത്തിനു ഗുണപ്രദം.

* യാത്രകൾക്കിടെ സാലഡുകൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു ഗുണകരം. മലിനജലത്തിൽ കഴുകിയ പച്ചക്കറികളും പഴങ്ങളും രോഗാണുക്കളെ ശരീരത്തിലെത്തിക്കും എന്നത് ഓർക്കുമല്ലോ.