എച്ച് 1 എൻ 1– ഭീതി വേണ്ട; ശുചിത്വം ശീലമാക്കിയാൽ
Wednesday, September 7, 2016 2:38 AM IST
എച്ച് 1 എൻ 1 പനിക്കെതിരേ ജാഗ്രത പാലിക്കണം. ഒരു തരം പകർച്ചപ്പനിയാണിത്. ഇൻഫ്ളുവൻസ– എ (എച്ച് 1 എൻ 1) വൈറസാണ് രോഗകാരി. പന്നികളിൽ കാണപ്പെട്ടിരുന്ന ശ്വാസകാശരോഗമാണ് എച്ച് 1 എൻ 1 അഥവാ ‘സ്വിൻ ഫ്ളൂ’ കാലക്രമത്തിൽ പന്നിയിൽ നിന്നു വൈറസ് മനുഷ്യരിലെത്തി. മനുഷ്യനിൽ നിന്നു മനുഷ്യരിലേക്കു പടർന്നു.

രോഗബാധിതർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കു ചീറ്റുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെ രോഗാണുക്കൾ വായുവിൽ കലരുന്നു. മാസ്ക് ധരിക്കാതെ പൊതുസ്‌ഥലങ്ങളിലും മറ്റും തങ്ങുമ്പോൾ എച്ച് 1 എൻ 1 വൈറസ് ശ്വസനത്തിലൂടെ മറ്റുളളവരുടെ ശ്വാസനാളത്തിലെത്തുന്നു. രോഗാണുക്കൾ നിറഞ്ഞ ഇത്തരം സ്രവങ്ങളിൽ സ്പർശിക്കുന്നതു വഴിയും രോഗം മറ്റുളളവരിലേക്കു വ്യാപിക്കുന്നു.

എച്ച് 1 എൻ1 പനിക്കും സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ തന്നെയാണ്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന, അതിസാരം, ഛർദ്ദി, വിറയൽ, ക്ഷീണം തുടങ്ങിയവ. ആസ്ത്്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുളളവരിൽ രോഗം കടുക്കാനിടയുണ്ട്.


പനിയോ ചുമയോ ശ്വാസകോശ അണുബാധയോ കുറയാതിരിക്കുകയാണെങ്കിൽ ഏറെ വൈകാതെതന്നെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി വൈദ്യസഹായം തേടണം.

എച്ച് 1 എൻ1 ചികിത്സയ്ക്കു പ്രത്യേക മരുന്നുകളില്ല. വൈറസുകൾക്കെതിരേയുളള മരുന്നുകളാണ് എച്ച് 1 എൻ 1 പനിക്കു നല്കുന്നത്. മിക്കവരിലും വൈറസിനെതിരേയുളള മരുന്നുകൾ ഫലവത്താകുന്നു. എച്ച് 1 എൻ 1 ചികിത്സയ്ക്കു നല്കുന്ന ഒസൾട്ടാമിവിർ എന്ന മരുന്ന് എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ഗർഭിണികൾ, പ്രമേഹരോഗികൾ, ദീർഘകാലമായി മറ്റു രോഗങ്ങളുളളവർ എന്നിവർ പനിയും ചുമയും കുറയാതിരിക്കുകയാണെങ്കിൽ എച്ച്1 എൻ1 പരിശോധന നടത്തി ചികിത്സ തേടാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ ഫലപ്രദമായ പ്രതിരോധ വാക്സിനുകൾ നിലവിലില്ല.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്