സോറിയാസിസ്: സ്വയംചികിത്സ പാടില്ല; പരസ്യങ്ങളിൽ വീഴരുത്
Monday, September 26, 2016 2:43 AM IST
ചിലരിൽ ചർമത്തിലുള്ള രോഗം സന്ധികളെയും ബാധിക്കാറുണ്ട്. പത്തുശതമാനം രോഗികളെയാണ് ഇത്തരത്തിൽ സോറിയാറ്റിക് ആർത്രോപ്പതി ബാധിക്കുന്നത്. സന്ധികളിൽ വേദനയും നീർവീക്കവുമാണ് ലക്ഷണങ്ങൾ. പിന്നീട് അവ ചലനത്തെ ബാധിക്കുന്നു. ചികിത്സ സ്വീകരിക്കാതിരുന്നാൽ സ്‌ഥിരമായ വൈകല്യങ്ങൾക്കു കാരണമാകുന്നു. അപൂർവം വ്യക്‌തികൾ നട്ടെല്ലിനെ ബാധിക്കുകവഴി ശയ്യാവലംബിയായി പോകാറുണ്ട്.

ചികിത്സ

രണ്ടുമൂന്നു വിഷയങ്ങൾ ഇതുമായി ബന്ധപ്പെടുത്തി പ്രതിപാദിക്കാനുണ്ട്.

1. സോറിയാസിസ് മാറ്റിത്തരാമെന്ന വാഗ്ദാനവുമായി പല മാധ്യമങ്ങളിലും പല അവകാശവാദങ്ങളുമായി പലരും പ്രത്യക്ഷപ്പെടാറുണ്ട്. അസുഖംമൂലം നിസഹായരായവർ പലരും ഇവർക്ക് തലവച്ചുകൊടുക്കാറുമുണ്ട്. ഒരു വ്യക്‌തി ഏതുതരം ചികിത്സ സ്വീകരിക്കണമെന്ന് ആ വ്യക്‌തിയുടെ പൂർണ സ്വാതന്ത്ര്യമാണ്. എങ്കിലും പറയട്ടെ ഇത്തരം അതിവിദഗ്ധ ചികിത്സകന്മാർ നൽകുന്ന പല ലേപനങ്ങളും പുരട്ടി, ഞാൻ നേരത്തേ സൂചിപ്പിച്ച എറിത്രോഡെർമാക്, പസ്റ്റ്യുലാർ സോറിയാസിസ് ആയി വരുന്ന പലരെയും ലേഖകൻ കണ്ടിട്ടുണ്ട്.

2. സ്വയംചികിത്സയ്ക്ക് മുതിരാതിരിക്കുക. ഒരു ചർമരോഗ വിദഗ്ധന്റെ വ്യക്‌തമായ രോഗനിർണയത്തിനും ചികിത്സയ്ക്കും മാത്രം വിധേയനാവുക. സ്വയം ചികിത്സ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രത്യക്ഷത്തിൽനിന്നു മാറ്റാനും പലപ്പോഴും രോഗനിർണയം വൈകിക്കാനും ഇടവരുത്താറുണ്ട്.

3. ചികിത്സകനെ ഇടയ്ക്കിടെ മാറ്റാതെ ഒന്നിൽതന്നെ ഉറച്ചുനിൽക്കുക. ഒന്നോ രണ്ടോ ആഴ്ച ചികിത്സയെടുത്തശേഷം വേറൊരാളെ തേടിപ്പോകുന്ന പ്രവണത മലയാളിയുടെ ഒരു സ്വഭാവമായതുകൊണ്ട് കുറിക്കുന്നതാണിത്.ധാരാളം മരുന്നുകൾ സോറിയാസാസിന്റെ ചികിത്സയ്ക്കായി വിപണിയിലുണ്ട്. രോഗാവസ്‌ഥ പൂർണമായും മനസിലാക്കിവേണം ചികിത്സിക്കാൻ. രോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ ഡോക്സിസൈക്ലിൻ, അസിത്രോമൈസിൻ പോലുള്ള ആന്റിബയോട്ടിക്കുകൾക്ക് വ്യക്‌തമായ പങ്കുണ്ട്. ഞാൻ നേരത്തേ സൂചിപ്പിച്ച ന്യൂട്രോഫിലുകളെ ചർമത്തിലെത്താതെ പ്രതിരോധിക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് സോറിയാസിസ് ചികിത്സയിൽ പ്രാധാന്യം കൽപിക്കുന്നത്.


മദ്യപാനവും പുകവലിയും പൂർണമായി നിർത്തുക എന്ന കാര്യത്തിൽ വേറൊരഭിപ്രായം തേടേണ്ടതില്ല.
മാനസികസമ്മർദം കുറയ്ക്കാൻ യോഗപോലുള്ള മാർഗം തേടുന്നതിൽ തെറ്റില്ല.

സോറിയാസിസ് വർധിപ്പിക്കുന്ന ഏതെങ്കിലും തരത്തിലുള്ള മരുന്നുകളുണ്ടെങ്കിൽ പൂർണമായും ഒഴിവാക്കണം. ചികിത്സിക്കുന്ന ഡോക്ടറോട് കഴിക്കുന്ന മരുന്നുകൾ പൂർണമായും വെളിപ്പെടുത്തുക. ഏതെങ്കിലും തരത്തിലുള്ള അണുബാധ ശരീരത്തുണ്ടെങ്കിൽ അത് ചികിത്സിച്ചു ഭേദമാക്കണം. കുളിക്കാൻ പ്രത്യേക സോപ്പുകൾ (ആവശ്യമെങ്കിൽ മാത്രം) വേണ്ടിവരും. (തുടരും)

ഡോ.പി.ജയേഷ്
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ