ഹൃദയത്തിനും ഒമേഗ 3
Tuesday, October 11, 2016 4:42 AM IST
ഹൃദയാരോഗ്യത്തിനു ഗുണകരമായ എച്ച്ഡിഎൽ എന്ന നല്ല കൊളസ്ട്രോളിന്റെ തോതു കൂട്ടുന്നതിന് ഒമേഗ 3 സഹായകം. ഡിഎച്ച്എ എന്ന ഒമേഗ 3 ഫാറ്റി ആഡിഡ് ട്രൈ ഗ്ലിസറൈഡുകൾ എന്നറിയപ്പെടുന്ന രക്‌തത്തിലെ കൊഴുപ്പിന്റെ തോതു കുറയ്ക്കുന്നു. അങ്ങനെ ടോട്ടൽ കൊളസ്ട്രോൾ കുറയ്ക്കുന്നു. ഒമേഗ 3 ഫാറ്റി ആഡിഡുകൾ അടങ്ങിയ ഭക്ഷണം ശീലമാക്കിയാൽ ഹൈപ്പർടെൻഷൻ(ഉയർന്ന ബിപി) ഉളളവരുടെ രക്‌തസമ്മർദം കുറയ്ക്കാം. ഉയർന്ന ബിപിക്കു ചികിത്സതേടുന്നവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം ഒമേഗ 3 ഭക്ഷണക്രമം സ്വീകരിക്കാം
ഉയർന്ന കൊളസ്ട്രോളും രക്‌തസമ്മർദവും കുറയ്ക്കുന്ന ഒമേഗ 3 ഫാറ്റി ആഡിഡുകൾ ഹൃദയരോഗ സാധ്യതയും കുറയ്ക്കുന്നു. സ്ട്രോക്, ഹൃദയാഘാതം. ഹൃദയമിടിപ്പിൽ ക്രമവ്യതിയാനം തുടങ്ങിയവയ്ക്കുളള സാധ്യതയും കുറയ്ക്കുന്നു.

തലച്ചോറിലേക്കുളള രക്‌തക്കുഴലുകളിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടി പ്ലേക് രൂപപ്പെടുന്നതും രക്‌തം കട്ടപിടിക്കുന്നതും തടയുന്നു.


ധമനികളുടെ കട്ടികൂടി ഉൾവ്യാസം കുറയുന്ന ആർട്ടീരിയോസ്ളീറോസിസ് എന്ന രോഗം തടയുന്നതിനും ഒമേഗ 3 സഹായകം. എന്നാൽ ദിവസവും മൂന്നു ഗ്രാമിലധികം ഒമേഗ 3 ഫാറ്റി ആസിഡുകൾ(ദിവസവും മൂന്നുതവണ മീൻ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഒമേഗ 3യ്ക്ക് തുല്യം) ശരീരത്തിലെത്തിയാൽ ചിലപ്പോൾ ശിരസിലെ രക്‌തക്കുഴലുകൾ പൊട്ടി ബ്ലീഡിംഗിനുളള (ഹെമറജിക് സ്ട്രോക്) സാധ്യത കൂടുമെന്നു പഠനങ്ങൾ പറയുന്നു.

അതിനാൽ മീൻ കഴിക്കുന്നത് ആഴ്ചയിൽ രണ്ടു തവണയായി പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യകരം; അതും കറിയാക്കി കഴിക്കുന്നതാണ് ഉചിതം. പ്രമേഹനിയന്ത്രണത്തിനും ഒമേഗ 3
ഒരു പരിധിവരെ സഹായകം. (തുടരും)

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്