കൊളസ്ട്രോൾ കുറയ്ക്കാൻ ബീറ്റ്റൂട്ട്
Tuesday, October 18, 2016 3:10 AM IST
ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അഥവാ എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോളിന്റെ തോതു കുറയ്ക്കുന്നതിന് ബീറ്റ്റൂട്ട് ഗുണപ്രദം. ബീറ്റ്റൂട്ടിലെ കരോട്ടിനോയ്ഡ്സ്, ഫ്ളേവനോയ്ഡ്സ് എന്നിവ ചീത്ത കൊളസ്ട്രോളിന്റെ തോതു കുറയ്ക്കുന്നു. ബീറ്റ് റൂട്ടിലെ നാരുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനു സഹായകം. ട്രൈ ഗ്ലിസറൈഡ്സ്, ടോട്ടൽ കൊളസ്ട്രോൾ എന്നിവയുടെ തോതു കുറയ്ക്കുന്ന ബീറ്റ്റൂട്ട് ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ എച്ച്ഡിഎൽ എന്ന നല്ല കൊളസ്ട്രോളിന്റെ തോതു കൂട്ടുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

ബീറ്റ്റൂട്ടിൽ ഉയർന്ന തോതിൽ നൈട്രേറ്റ് അടങ്ങിയിരിക്കുന്നു. ശരീരം നൈട്രേറ്റിനെ നൈട്രൈറ്റും നൈട്രിക് ഓക്സൈഡുമാക്കി മാറ്റുന്നു. ഇവ രക്‌തധമനികളുടെ ഉൾവ്യാസം വർധിപ്പിക്കുന്നു. രക്‌തസമ്മർദം കുറയ്ക്കുന്നു. രക്‌തസമ്മർദം നിയന്ത്രിതമായാൽ സ്ട്രോക്ക്, ഹൃദയാഘാതം, ഹൃദയസംബന്ധമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയും. അതിനാൽ ബീറ്റ്റൂട്ട് പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ നിർദേശിക്കാറുണ്ട്.


ബീറ്റ്റൂട്ടിലുളള ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി തന്മാത്രകളും കാൻസർസാധ്യത കുറയ്ക്കുന്നു. കുടൽ, ശ്വാസകോശം, ആമാശയം, നാഡികൾ, സ്തനങ്ങൾ, പ്രോസ്റ്റേറ്റ് തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകൾ ഒരു പരിധിവരെ തടയാനും ബീറ്റ്റൂട്ട് സഹായകമെന്നു പഠനങ്ങൾ പറയുന്നു. അതിലടങ്ങിയ ബീറ്റസയാനിൻ കാൻസർമുഴകളുടെ വളർച്ച കുറയ്ക്കുന്നതായി യുഎസിൽ നടത്തിയ ഒരു പഠനം പറയുന്നു. (തുടരും)

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്