നാഡീകോശങ്ങളെ നശിപ്പിക്കുന്ന പ്രമേഹം
Thursday, November 17, 2016 7:09 AM IST
പ്രമേഹരോഗ ബാധിതനായ ഒരു വ്യക്‌തി ശരീരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട അവയവം തന്റെ പാദങ്ങൾ തന്നെയാണ്. ശരീരത്തിലെ മറ്റവയവങ്ങൾക്ക് പ്രാധാന്യം ഇല്ലെന്നല്ല മറിച്ച് സൂചിമുനകൊണ്ട് പാദത്തിലേൽക്കുന്ന നിസാരമെന്നു തോന്നിക്കുന്ന ഒരു പോറൽപോലും അയാളുടെ പ്രാണനെടുക്കുന്ന അവസ്‌ഥയ്ക്ക് നിമിത്തമായേക്കാം. അതുകൊണ്ടുതന്നെയാണു പ്രമേഹരോഗികൾ തങ്ങളുടെ പാദങ്ങൾ മുഖംപോലെ കരുതി ശ്രദ്ധിക്കണമെന്നു പറയുന്നതും.

രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുമ്പോൾ അത് രക്‌തക്കുഴലുകളിൽ അടിഞ്ഞുകൂടുകയും തത്ഫലമായി കാലുകളിലേക്കുള്ള രക്‌തപ്രവാഹം കുറയുകയും ചെയ്യുന്നു. കാലിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതിരിക്കാൻ ഇത് കാരണമാകുന്നു. ഇതു കോശങ്ങൾ നശിക്കുന്നതിനും ജീവാപായത്തിനുവരെ ഇടയാക്കിയേക്കാവുന്ന വ്രണങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. നാഡീകോശങ്ങളിലേക്കുള്ള രക്‌തയോട്ടം കുറയുന്നത് ന്യൂറോപ്പതി എന്ന അവസ്‌ഥയ്ക്കു കാരണമാകുന്നു.

നമ്മുടെ ചർമത്തിൽ സ്പർശനത്തിനും വേദനയറിയുന്നതിനും സഹായിക്കുന്ന നാഡീകോശങ്ങൾ നശിക്കുന്നതുമൂലം രോഗി മുറിവ് സംഭവിച്ചത് അറിയാതെപോകുന്നു. ശരീരചലനത്തിന് സഹായിക്കുന്ന മോട്ടോർ നാഡീകോശങ്ങൾ ക്ഷയിക്കുന്നതുമൂലം വിരലുകളുടെയും പാദങ്ങളുടെയും ആകൃതിക്ക് കാര്യമായ വ്യതിയാനം വരുന്നു.

തന്മൂലം പാദരക്ഷകൾ ഉപയോഗിക്കുമ്പോൾ ചില ഭാഗങ്ങളിൽ കൂടുതൽ സമ്മർദം അനുഭവപ്പെടുകയും ആ ഭാഗത്ത് മുറിവുകൾ ഉണ്ടാവുകയും ചെയ്യുന്നു. കാലിന്റെ വെള്ളയിൽ ആണികളും തടിപ്പുകളും ഉണ്ടാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. കൂടാതെ വിരലുകൾ ഒട്ടിച്ചേരുന്നതുമൂലം അവയ്ക്കിടയിൽ എപ്പോഴും ജലാംശം നിലനിൽക്കുകയും അവിടെ പൂപ്പൽബാധ ഉണ്ടാവുകയും ചെയ്യുന്നു.


പ്രമേഹം ഓട്ടോണമിക് നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം ചർമത്തിലുള്ള സ്വേദഗ്രന്ഥികളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതുമൂലം വിയർപ്പിന്റെ ഉത്പാദനം കുറയുന്നു. ഇതു കാലിന്റെ ചർമം വരളുന്നതിനു കാരണമാകുന്നു. തന്മൂലം കാലിൽ എക്സിമ, കാൽവെള്ളയിൽ വിണ്ടുകീറൽ എന്നിവയുണ്ടാകുന്നു.

രോഗപരിശോധന

കാലിൽ അൾസർ ബാധിതനായ ഒരാളിൽ രക്‌തപ്രവാഹത്തിന്റെ ന്യൂനതകൾ പരിശോധിച്ചറിയാൻ ഡോപ്ലർ പരിശോധന, എബിപിഐ എന്നിവ സഹായിക്കും. കൂടാതെ അൾസറിൽനിന്ന് അണുബാധ എല്ലുകളിലേക്ക് ബാധിച്ചിട്ടുണ്ടോ എന്നറിയാൻ എക്സ്–റേ പരിശോധനയും ആവശ്യമാണ്.

അൾസറിൽ അണുബാധയുണ്ടെങ്കിൽ കൾച്ചർ പരിശോധന ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. രോഗിക്ക് ന്യൂറോപ്പതി സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ 10 ജി മോണോഫിലമെന്റ്, 128 ഹെർട്സ് ട്യൂണിംഗ് ഫോർക്ക് എന്നിവ എന്നിവ ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തേണ്ടിവരും. ചിലയവസരങ്ങളിൽ നെർവ് കണ്ടക്ഷൻ സ്റ്റഡി, ഇലക്ട്രോ മയോഗ്രാം എന്നിവയും ആവശ്യമായി വന്നേക്കാം.(തുടരും)

ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ, ഫോൺ: 04972 727828