പായ്ക്കറ്റിലെത്തുന്ന രോഗങ്ങൾ
Saturday, November 26, 2016 4:22 AM IST
കുട്ടികളും ജീവിതശൈലി രോഗങ്ങളും– 2
വീട്ടാവശ്യത്തിനുള്ള മസാലകളും പലഹാരങ്ങൾക്കുള്ള മാവുമെല്ലാം പണ്ടൊക്കെ വീടുകളിൽതന്നെ തയാറാക്കുകയായിരുന്നു പതിവ്. ജീവിതത്തിനു തിരക്കേറിയതുകൊണ്ടും സ്വന്തമായി ഉണ്ടാക്കാനുള്ള മടികൊണ്ടും ഉപ്പുതൊട്ട് ദോശമാവുവരെ സൂപ്പർമാർക്കറ്റിൽനിന്ന് വാങ്ങുന്നു. ഒരു പാലപ്പത്തിന്റെ പായ്ക്കറ്റിൽ എന്തെല്ലാം ചേരുവകൾ ഉണ്ടെന്ന് ചോദിച്ചാൽ എത്രപേർക്ക് പറയാനാകും. ഈ അറിവല്ലായ്മയിൽ ഉണ്ട് ആരോഗ്യത്തിന്റെ ഉത്തരം. പായ്ക്കറ്റിൽ കിട്ടുന്ന പൊടികൾ കേടാവാതിരിക്കാൻ ഇവയിൽ ചേർക്കുന്ന പല വസ്തുക്കളും കാൻസർ പോലുള്ള ഗുരുതരരോഗങ്ങളിലേക്കാണ് തള്ളിവിടുന്നത്.

നമ്മുടെ ഭക്ഷണം, നമ്മുടെ ആരോഗ്യം

ഏറെ വൈവിധ്യമുള്ള വിഭവങ്ങളുടെ നാടാണ് കേരളം. ശൈശവം മുതൽ വാർധക്യം വരെയുള്ള ഭക്ഷണം എന്തായിരിക്കണമെന്ന് തലമുറകളിലൂടെ പകർന്നുകിട്ടിയ അറിവ് നമുക്കുണ്ട്. ഈ ഭക്ഷണക്രമവും ഭക്ഷണവും ശരിയായ രീതിയിൽ പിന്തുടരുന്നവർക്ക് ഭക്ഷണത്തിനു പുറമെ മറ്റൊരു ടോണിക്കിന്റെയും ആവശ്യം വരുന്നില്ല. എന്നാൽ ഇപ്പോൾ ആരോഗ്യസമ്പുഷ്‌ടമായ ഭക്ഷണത്തിനു പകരം വിലകൂടിയ ഫാസ്റ്റ് ഫുഡ് ഭക്ഷണവും മറ്റുപാനിയങ്ങളും കഴിച്ച് നമ്മൾ പോഷകദാരിദ്ര്യം അനുഭവിക്കുകയാണ്. എഴുപതുകളിൽ കേരളീയർക്കുണ്ടായിരുന്ന പോഷകാവബോധം ഇന്നില്ല.

ആ അവബോധം തിരികെ കൊണ്ടുവരികയും വിഷദ്രാവകങ്ങളിൽ മുക്കാത്ത ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുകയും ചെയ്താൽ പല രോഗങ്ങളിൽനിന്നും അടുത്ത തലമുറയെയെങ്കിലും രക്ഷിക്കാനാകും. ഈ മാറ്റം സ്വന്തം അടുക്കളയിൽനിന്ന് തുടങ്ങണം. ആരോഗ്യപരമായ പാചകരീതികൾ, ചിട്ടയായ ഭക്ഷണരീതികൾ എന്നിവ തിരികെ കൊണ്ടുവരണം.

അടുക്കള വീട്ടിലെ വെറും പാചകപ്പുരയല്ല. രുചിവൈവിധ്യങ്ങൾ പിറക്കുന്ന ആ പാചകശാലയിൽനിന്നാണ് കുടുംബത്തിന്റെ ആരോഗ്യവും സന്തോഷവും തളിർക്കുന്നതും പൂക്കുന്നതും. അടുക്കളയുടെ വളർച്ചയും തളർച്ചയും അതുകൊണ്ടുതന്നെ കുടുംബാംഗങ്ങളുടെ ശരീരത്തിലും മനസിലും പ്രതിഫലിക്കും. നമുക്ക് ഇനി വേണ്ടത് ആശുപത്രികളല്ല. സജീവമായ അടുക്കളകളും വ്യായാമ കേന്ദ്രങ്ങളുമാണ്.


ശ്രദ്ധിക്കുക ഇലകട്രോണിക് ഉപയോഗം

മൊബൈൽ ഫോൺ, ടിവി, മറ്റു ഗെയിം ഉപകരണങ്ങൾ എന്നിവയുടെ അമിത ഉപയോഗം ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ മാതാപിതാക്കൾക്കു കുട്ടികളുടെ ശാരീരിക–മാനസിക ആനന്ദത്തിന് വേണ്ടതെന്താണെന്ന് കൃത്യമായി നിർണയിക്കാൻ സാധിക്കാതെ പോകുന്നുണ്ട്. സാമൂഹിക–കുടുംബ ബന്ധങ്ങളുടെ ശരിയായ ഇടപെടലുകളിൽ നിന്നു കുട്ടികളെ അവർ അറിയാതെ തന്നെ പിന്തിരിപ്പിക്കുന്നുണ്ട്. ഇത്തരം മാധ്യമങ്ങളുടെ അമിതോപയോഗം കളികൾ, പ്രാർഥന, വായന, ആശയവിനിമയം, കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും കൂടെയുള്ള സമയം ചെലവഴിക്കൽ മുതലായ കാര്യങ്ങൾ ഇല്ലാത്ത അവസ്‌ഥയാണ് ഇലകട്രോണിക് മാധ്യങ്ങളുടെ അമിതോപയോഗം കൊണ്ട് സംഭവിക്കുന്നത്. ഉറക്കപ്രശ്നം, ശ്രദ്ധക്കുറവ്, മാനസിക നിലയിലുള്ള വ്യതിയാനങ്ങൾ, ആരോഗ്യനിലവാരം, കാഴ്ചവൈകല്യം, വ്യായാമക്കുറവ്, സാമൂഹ്യ വിരുദ്ധ സ്വഭാവം എന്നീ പ്രശ്നങ്ങൾക്കും ടിവി, മൊബൈൽ ഫോൺ എന്നിവ കാരണമാകും.

നമ്മുടെ കുട്ടികൾ നാടിന്റെ ഭാവി വാഗ്ദാനങ്ങളാണ്. കുട്ടികളുടെ ശാരീരിക–മാനസിക ആരോഗ്യത്തിന് ശരിയായ ജീവിത രീതികളും ചിട്ടയായ ഭക്ഷണരീതികളും അത്യന്താപേക്ഷിതമാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധവത്കരിക്കാനും നേരായ മാർഗനിർദേശങ്ങൾ നൽകുവാനും പ്രോത്സാഹിപ്പിക്കുവാനും മാതാപിതാക്കൾ ശ്രമിക്കേണ്ടതുണ്ട്.

ഡോ. കെ.പി.എ. സിദ്ദീഖ്
എംബിബിഎസ്, ഡിസിഎച്ച്, എംഡി (പീഡിയാട്രിക്സ്) കൺസൽട്ടന്റ് പീഡിയാട്രീഷ്യൻ,
പ്രസിഡന്റ് ഐഎപി തലശേരി മെഡിക്കൽ ഡയറക്ടർ ഇന്ദിരാഗാന്ധി കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റൽ,
തലശേരി.