ഇരുമ്പിന്റെ ആഗിരണം തടയുന്ന വിഭവങ്ങൾ ശീലമാക്കരുത്
Thursday, December 29, 2016 5:00 AM IST
വിളർച്ചയുളളവരുടെ രക്‌താണുക്കൾക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശസമൂഹങ്ങളിലേക്കും മതിയായ തോതിൽ ഓക്സിജൻ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരൾ, വൃക്കകൾ, ഹൃദയം എന്നിവയുടെ ജോലിപ്പാടു കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിൻ സി, ബി12 എന്നീ പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളർച്ചയ്ക്ക് ഇടയാക്കുന്നത്.

സ്ത്രീകളിലും ഗർഭിണികളിലും വിളർച്ചാസാധ്യത കൂടുതലാണ്. രക്‌തസ്രാവം, ബോൺമാരോ
യിലെ അസുഖങ്ങൾ, കാൻസർ, കുടൽ രോഗങ്ങൾ, വൃക്ക തകരാർ, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മറ്റു ഗുരുതരരോഗങ്ങൾ എന്നിവ ബാധിച്ചവർക്കു വിളർച്ചാസാധ്യതയേറും.

കാൻസർ ചികിത്സകളിൽപ്പെടുന്ന കീമോതെറാപ്പിക്കു വിധേയമാകുന്നവരിലും ഹീമോഗ്ലോബിൻ കൗണ്ട് കുറയുന്നതായി കാണാറുണ്ട്. ഹീമോഗ്ലോബിൻ തന്മാത്രയിലുണ്ടാകുന്ന അസ്വാഭാവികത്വമാണ് അരിവാൾ രോഗത്തിന് (സിക്കിൾ സെൽ അനീമിയ) ഇടയാക്കുന്നത്. ഇതു പാരമ്പര്യരോഗമാണ്.

ഹീമോഗ്ലോബിൻ കൗണ്ട് വേണ്ടതിലും കുറഞ്ഞാൽ ഇരുമ്പ് ധാരാളമടങ്ങിയ ആഹാരം ശീലമാക്കണം. ചുവന്ന ഹീമോഗ്ലോബിന്റെ രൂപീകരണത്തിൽ ഇരുമ്പിനു നിർണായകപങ്കുണ്ട്. പച്ചനിറമുളള ഇലക്കറികൾ, ശർക്കര, തക്കാളി, ഉലുവ, ബീറ്റ്റൂട്ട്, മാതളനാരങ്ങ, എളള്, ചീര, തവിടുകളയാത്ത ധാന്യങ്ങൾ, മഞ്ഞൾ, പാവയ്ക്ക, നെല്ലിക്ക, ഈന്തപ്പഴം, തേൻ, ഇളനീര്, മൃഗങ്ങളുടെ കരൾ, മുട്ട, ചീര, ഏത്തപ്പഴം, ശതാവരി, ചേന, ഓട്സ്, സോയാബീൻ, പയർ, തുവര, ഉരുളക്കിഴങ്ങ് തുടങ്ങിയവയിൽ ഇരുമ്പ് ധാരാളം.

വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങളും ഇരുമ്പ് അടങ്ങിയ വിഭവങ്ങൾക്കൊപ്പം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ സിയുടെ സഹായമില്ലാതെ ശരീരത്തിന് ആഹാരത്തിൽനിന്ന് ഇരുമ്പ് പൂർണമായും വലിച്ചെടുക്കാനാവില്ല. പപ്പായ, ഓറഞ്ച്, നാരങ്ങ, സ്ട്രോബറി, മധുരനാരങ്ങ, തക്കാളി, ചീര തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം. എന്നാൽ വിറ്റാമിൻ ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം സ്വീകരിക്കുന്നതാണ് ഉചിതം.


ഫോളിക്കാസിഡും വിറ്റാമിൻ ബി12 ഉം ചുവന്നരക്‌താണുക്കളുടെ രൂപീകരണത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. അതിനാൽ ഇവയുടെ കുറവ് നിശ്ചയമായും ഹീമോഗ്ലോബിന്റെ അളവിലും കുറവുവരുത്തും. കോഴി, താറാവ് എന്നിവയുടെ ഇറച്ചി,ചീര, മീൻ, മുട്ട, പാൽ, വെണ്ണ തുടങ്ങിയവയിൽ വിറ്റാമിൻ ബി12 ധാരാളമടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ ബി 9 ആണ് ഫോളിക് ആസിഡ് എന്ന് അറിയപ്പെടുന്നത്. ഫോളേറ്റ് എന്നും അറിയപ്പെടുന്നു. ചുവന്നരക്‌താണുക്കളുടെ എണ്ണം കൂട്ടി വിളർച്ച തടയുന്നതിന് ഫോളിക് ആസിഡും സഹായിക്കുന്നു. കാബേജ്, പരിപ്പുകൾ, ഇലക്കറികൾ, നാരങ്ങ, ശതാവരി, ചീര, കോളിഫ്ളവർ, കാബേജ്, മുട്ടയുടെ മഞ്ഞക്കരു, ഏത്തപ്പഴം, ഓറഞ്ച്, ബീൻസ്, ഉരുളക്കിഴങ്ങ്, തവിടു കളയാത്ത ധാന്യങ്ങൾ തുടങ്ങിയവ
യിൽ ഫോളേറ്റുകളുണ്ട്.

ഭക്ഷണത്തിൽ നിന്ന് ഇരുമ്പിനെ വലിച്ചെടുക്കാനുളള ശരീരത്തിന്റെ കഴിവു കുറയ്ക്കുന്ന വിഭവങ്ങളുണ്ട്. അവ ശീലമാക്കരുത്. കാപ്പി, ചായ, കോള പാനീയങ്ങൾ, ബീയർ, വൈൻ, കാൽസ്യം ധാരാളമടങ്ങിയ പാലുത്പന്നങ്ങൾ, കാൽസ്യം സപ്ളിമെന്റ്സ് തുടങ്ങിയവ ഇരുമ്പിന്റെ ആഗിരണം തടയുന്നതായി വിദഗ്ധർ പറയുന്നു. ഹീമോഗ്ലോബിൻ കൗണ്ട് തീരെ കുറവുളളവർ ഇത്തരം വിഭവങ്ങൾ എത്രത്തോളം ഉപയോഗിക്കണം എന്നതു സംബന്ധിച്ചു കൺസൾട്ടിംഗ് ഡോക്ടറുടെ ഉപദേശം തേടണം.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്