എന്താണ് കൊളസ്ട്രോൾ?
രക്‌തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോൾ ശരീരത്തിന്റെ ഊർജ്‌ജാവശ്യങ്ങൾ നിറവേറ്റുന്നു. രക്‌തത്തിൽ ലയിച്ച് ചേരാത്ത കൊളസ്ട്രോൾ പ്രോട്ടീനുമായി കൂടിച്ചേർന്നുു ലിപോ പ്രോട്ടീൻ കണികയായി രക്‌തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. ശരീരത്തിനു വേണ്ട അളവിൽ മാത്രം കൊളസ്ട്രോൾ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശ ഭിത്തിയുടെ നിർമ്മിതിക്കും കോശങ്ങളുടെ വളർച്ചയ്ക്കും കൊളസ്ട്രോൾ ഒരു മുഖ്യ ഘടകമാണ്. അതുപോലെ തന്നെ സെക്സ് ഹോർമോണുകളായ ആൻഡ്രജൻ, ഈസ്ട്രജൻ എന്നിവയുടെ ഉല്പാദനത്തിനും, എ, ഡി, ഇ, കെ വിറ്റാമിനുകളെ പ്രയോജനപ്പെടുത്തുവാനും, സൂര്യപ്രകാശത്തെ വിറ്റാമിൻ ഡി യാക്കി മാറ്റുവാനും കൊളസ്ട്രോൾ സഹായകമാണ്. അതോടൊപ്പം തന്നെ വൃക്കകളിലെ കോർട്ടിസോൾ ഹോർമോണുകളുടെ ഉത്പാപാദനത്തിനും കൊളസ്ട്രോൾ സഹായിക്കുന്നു.

നമ്മുടെ ശരീരത്തിന് ആവശ്യമായ ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും കരൾ തന്നെയാണ് ഉത്പാപാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്ട്രോൾ മാത്രമേ കഴിക്കുന്ന ആഹാരത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്നുള്ളൂ.

എൽഡിഎൽ: ലോ ഡെൻസിറ്റി ലിപോ പ്രോട്ടീൻ അഥവാ ചീത്ത കൊളസ്ട്രോൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ കൊളസ്ട്രോൾ ഘടകത്തിന്റെ അളവ് രക്‌തത്തിൽ കൂടിയാൽ ഇത് രക്‌ത ധമനികൾക്കുള്ളിൽ അടിഞ്ഞുകൂടി അപകടകരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം.

എച്ച്ഡിഎൽ: ഹൈ ഡെൻസിറ്റി ലിപോ പ്രോട്ടീൻ അഥവാ നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ഈ കൊളസ്ട്രോൾ രക്‌തധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടാതെ അതിനെ കരളിലെത്തിക്കാൻ പരമാവധി ശ്രമിക്കുന്നു.

വിഎൽ.ഡിഎൽ: വെരി ലോ ഡെൻസിറ്റി ലിപോ പ്രോട്ടീൻ ഏറ്റവും കൂടുതൽ ട്രൈ ഗ്ലിസറൈഡുകൾ കാണപ്പെടുന്ന കൊഴുപ്പു കണികയാണ്. ഇത് വളരെ സാന്ദ്രത കുറഞ്ഞ കൊളസ്ട്രോളിനെ രക്‌തത്തിലൂടെ സഞ്ചരിക്കുവാൻ സഹായിക്കുന്നു.

റ്റി.ജി: റ്റി.ജി അഥവാ ട്രൈ ഗ്ലിസറൈഡുകൾ സാധാരണ കൊഴുപ്പാണ്. ഇവ ഊർജ്‌ജം സൂക്ഷിച്ചുവച്ച് ആവശ്യമുള്ളപ്പോൾ ശരീരത്തിനു അധിക ഊർജ്‌ജം നല്കുന്നു. എൽഡിഎൽ രക്‌തധമനികളിൽ അടിഞ്ഞുകൂടാൻ ഇവ കാരണമാകുന്നു.

കൊളസ്ട്രോളിന്റെ അളവ്:

എൽഡിഎൽ, എച്ച്ഡിഎൽ, വി.എൽ.ഡി.എൽ, എന്നീ മൂന്നു കൊളസ്ട്രോൾ ഘടകങ്ങളും കൂടിച്ചേരുന്നതാണ് ടോട്ടൽ കൊളസ്ട്രോൾ. ഇത് രക്‌ത പരിശോധനയിൽ 200 mg/dL താഴെയായിരിക്കുന്നതാണ് ഉത്തമം.

എൽഡിഎൽ: ഹൃദ്രോഗങ്ങളുടെ പ്രധാന കാരണക്കാരനായ എൽഡിഎൽ– ന്റെ അളവ് 100 mg/dL കുറവായിരിക്കുന്നതാണ് സുരക്ഷിതം.

എച്ച്ഡിഎൽ: എച്ച്ഡിഎൽ കൂടുന്നതാണ് നല്ലത്. ഇത് 40 mg/dL കുറയുന്നത് എൽഡിഎൽ കൂടുതൽ അടിയാൻ കാരണമാകും.

വി.എൽഡി.എൽ: വിഎൽഡിഎൽ അളവ് കൂടുന്നതും കൊളസ്ട്രോൾ ദോഷം കൂട്ടും. 30 mg/dL കൂടാതിരിക്കുന്നതാണ് സുരക്ഷിതം.

റ്റി.ജി: അഥവാ ട്രൈ ഗ്ലിസറൈഡുകൾ രക്‌തധമനികളിൽ കൊഴുപ്പ് അടിയാൻ കാരണമാ കുമെന്നതിനാൽ അതിന്റെ അളവ് 150 mg/dL താഴ്ന്നു നില്ക്കുന്നതാണ് നല്ലത്.


പ്രധാന പരിശോധനകൾ:

രണ്ടു വിധത്തിലുള്ള പരിശോധനകളാണ് പൊതുവേ കൊളസ്ട്രോൾ നിർണ്ണയത്തിനുള്ളത്.

* രക്‌തത്തിലെ ടോട്ടൽ കൊളസ്ട്രോൾ അളവ് നിർണ്ണയം
* ലിപിഡ് പ്രൊഫൈൽ പരിശോധന

നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് വളരെ കുറഞ്ഞും, ചീത്ത കൊളസ്ട്രോളായ എൽഡിഎല്ലിന്റെ അളവ് കൂടിയും ഇരിക്കുന്ന അപകടാവസ്‌ഥയിലും ടോട്ടൽ കൊളസ്ട്രോൾ സുരക്ഷിത നിലയിലായിരിക്കും. വേർതിരിച്ചുള്ള കൃത്യമായ അളവ് ലിപിഡ് പ്രൊഫൈലിൽ നിന്നും കൃത്യമായി അറിയാം എന്നതിനാൽ ലിപിഡ് പ്രൊഫൈൽ പരിശോധനയാണ് കൂടുതൽ അഭികാമ്യം.

പരിശോധനയ്ക്കു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ::

* കൊളസ്ട്രോൾ നില ശരിയായി മനസിലാക്കുന്നതിനായ് 9–12 മണിക്കൂർ ഉപവാസം വേണം എന്നാണ് നിലവിലുള്ള നിർദ്ദേശം. രാത്രി ഭക്ഷണം കഴിഞ്ഞു ഉറങ്ങാൻ കിടന്നാൽ രാവിലെ പ്രഭാത ഭക്ഷണത്തിനു മുൻപ് രക്‌തം പരിശോധിക്കുന്നതാണ് പ്രായോഗികം. എന്നാൽ വെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ല.

* പ്രമേഹരോഗികൾ, ഹൃദ്രോഗികൾ, പക്ഷാഘാതം വന്നവർ, പുകവലിക്കുന്നവർ, ഉയർന്ന രക്‌ത സമ്മർദ്ദമുള്ളവർ പാരമ്പര്യമായ് ഹൃദയാഘാത സാധ്യത ഉള്ളവർ തുടങ്ങിയവർക്ക് കൊളസ്ട്രോൾ പരിശോധന അനിവാര്യമാണ്.

* 20 വയസാകുമ്പോൾ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്ത് തുടങ്ങണം. ഫലം നല്ലതാണെങ്കിൽ അഞ്ച് വർഷത്തിലൊരിക്കൽ ടെസ്റ്റ് ചെയ്താൽ മതി. അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചുരുങ്ങിയത് വർഷത്തിലൊരിക്കൽ പരിശോധന നടത്തണം.

* പരിശോധനയ്ക്കു മുൻപ് വ്യായാമം പാടില്ല. കാരണം വ്യായാമത്തിൽ ഏർപ്പെട്ടാൽ കൊഴുപ്പ് ഊർജ്‌ജമായ് മാറുന്നതിന്റെ അളവ് വർദ്ധിക്കും

കൊളസ്ട്രോളും രോഗങ്ങളും:

ഹൃദയം: ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്‌തയോട്ടം കുറഞ്ഞാൽ ഹൃദയ പേശികൾ നിർജീവമായ് ഹൃദയാഘാതം വരാം.

സ്ട്രോക്ക്:തലച്ചോറിലേക്കുള്ള രക്‌തക്കുഴലുകളിൽ തടസ്സം വന്നാൽ സ്ട്രോക്ക് ഉണ്ടാകാം.
ഉയർന്ന ബിപി: കൊഴുപ്പ് അടിഞ്ഞു കൂടി ധമനികൾ ഇടുങ്ങിയാൽ ഹൃദയത്തിന്റെ ജോലി ഭാരം കൂടി ബിപി വളരെ കൂടുന്നു.

വൃക്ക: വൃക്കകളിലെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി വൃക്കകൾ പൂർണ്ണമായും
പ്രവർത്തനരഹിതമാകാം.

കാലുകൾ: കാലുകളിലെ രക്‌തക്കുഴലുകളുടെ വ്യാസം കുറഞ്ഞ് രക്‌തയോട്ടം കുറയുന്നതുമൂലം രോഗങ്ങൾ ഉണ്ടാകാം.

ലൈംഗികശേഷിക്കുറവ്: ഉദ്ധാരണശേഷിക്കുറവ് പോലെയുള്ള രോഗങ്ങൾക്കുള്ള സാധ്യത.

കോളസ്ട്രോൾ കുറയ്ക്കാൻ ചില വഴികൾ :

* നടത്തം ശീലമാക്കുക
* ടെൻഷൻ ഉള്ളപ്പോൾ ഭക്ഷണം ഒഴിവാക്കുക
* ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുക
* പഴങ്ങളും പച്ചക്കറികളും ശീലമാക്കുക

ഡോ. പീറ്റർ കെ. ജോസഫ് MD, MRCP (UK), D.CARD( LON), FRCP (LON)
സീനിയർ കൺസൾട്ടന്റ്, കാർഡിയോളജി, കിംസ്