വിഷാദം എന്ന വില്ലനെ എങ്ങനെ മനഃശാസ്ത്രപരമായി മെരുക്കാം?
Wednesday, January 11, 2017 5:08 AM IST
അലയടിക്കുന്ന നിഷേധചിന്തകളുടെ തിരമാലകളേറ്റ് പരിക്ഷീണനായി വിഷാദത്തിലേക്ക് നിപതിച്ച ഒരു എൻജിനിയർ കുറേ നാൾ മുമ്പ് എന്നെ കാണാൻ വന്നു. അയാൾ പറഞ്ഞു. ‘‘ സർ, എനിക്ക് ഒരുകാര്യത്തെക്കുറിച്ചും പോസിറ്റീവ് ആയി ചിന്തിക്കാൻ കഴിയുന്നില്ല. എപ്പോഴും ടെൻഷനും നിരാശയും എന്നെ ഇടതടവില്ലാതെ വേട്ടയാടുന്നു. ഓരോ ദിവസവും വളരെ പണിപ്പെട്ടാണ് ഞാൻ തള്ളിനീക്കുന്നത്. ഭയമുണ്ടാകുമ്പോഴുള്ള അമിതമായ നെഞ്ചിടിപ്പും പിരിമുറുക്കവും തലമരവിപ്പും കാരണം ഫിസിഷ്യനെ കണ്ടുനോക്കി. ശരീരത്തിന് ഒരുകുഴപ്പവുമില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഈ അവസ്‌ഥകളെല്ലാം കൂടിവരികയാണ്. ഇത്തരം ചിന്തകൾ കാരണം ഉറങ്ങാൻപോലും കഴിയുന്നില്ല. ഈ ജീവിതം അങ്ങ് അവസാനിപ്പിച്ചുകളഞ്ഞാലോ എന്നുപോലും എനിക്കു തോന്നിപ്പോകുന്നു. അങ്ങനെ ചിന്തിച്ചുകഴിയുമ്പോൾ പിന്നെ എനിക്ക് വലിയ കുറ്റബോധമാണ്. ദൈവത്തോടു പാപം ചെയ്തെന്നായിരിക്കും പിന്നീടുള്ള ചിന്ത. ഇങ്ങനെ എന്റെ ചിന്തകൾ കാടുകയറുകയും കുഴഞ്ഞുമറിയുകയും ചെയ്യുന്നു. ഈ ചിന്തകൾക്ക് ഒരറുതി വരുത്താൻ എന്താണ് ഞാൻ ചെയ്യേണ്ടത്? ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് അറിയാമെങ്കിലും റൂമിൽ ഒറ്റയ്ക്കു കിടക്കുമ്പോൾ ഒരു ബലഹീന നിമിഷത്തിൽ മുകളിൽ കാണുന്ന ഫാനിൽ തൂങ്ങി എല്ലാം അങ്ങ് അവസാനിപ്പിച്ചുകളഞ്ഞാലോ എന്നുവരെ ചിന്തിച്ചുപോയിട്ടുള്ള മഹാപാപിയാണു ഞാൻ.’’ ചിന്തകൾ ഉണ്ടാക്കുന്ന വിഷാദത്തിന്റെ നിസഹായാവസ്‌ഥയ്ക്ക് ഒരു മകുടോദാഹരണമാണ് ചെന്നൈയിൽ ജോലിചെയ്യുന്ന ആ സോഫ്റ്റ്വേർ എൻജിനിയർ.

കെട്ടുപിണഞ്ഞുകിടക്കുന്ന നെഗറ്റീവ് ചിന്തകളുടെ ആധിക്യത്താൽ അയാൾക്കുണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങളും അയാൾ മനഃശാസ്ത്രജ്‌ഞനോട് വിവരിച്ചു. ഇത്തരം വിഷാദചിന്തകൾ മനുഷ്യരുടെ സൈക്കോ ന്യൂറോ ഇമ്യൂൺ നെറ്റ്വർക്കിൽ വ്യതിയാനം വരുത്തി ബയോളജിയെ മാറ്റിമറിക്കുന്നതായി സൈക്കോ ന്യൂറോ ഇമ്യൂണോളജി എന്ന ശാസ്ത്രശാഖയിൽ നടന്നിട്ടുള്ള അനേക ഗവേഷണപഠനങ്ങൾ തെളിയിക്കുന്നു. ഇത്തരം ചിന്തകളുടെ കണ്ണികളെ മനഃശാസ്ത്രപരമായി ഡിസ്കണക്ട് ചെയ്യാൻ സാധിച്ചാൽ ഇത് ഫലപ്രദമായി പരിഹരിക്കാൻ സാധിക്കുമെന്ന് ഞാൻ ആ ചെറുപ്പക്കാരന് പ്രത്യാശ നൽകി. മനഃശാസ്ത്ര ചികിത്സയോട് അദ്ഭുതകരമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായി ഞങ്ങൾ ഒരു ഉടമ്പടി തീർത്തു. ഡീപ് റിലാക്സേഷൻ തെറാപ്പി, തോട്ട് സ്റ്റോപ് ടെക്നോളജി, കൊഗിനിറ്റീവ് ബിഹേവിയർ തെറാപ്പി തുടങ്ങി മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സാ മാർഗങ്ങളിലൂടെ അയാളുടെ അലയടിച്ച് തിമിർക്കുന്ന അനാവശ്യചിന്തകൾക്ക് ഒരു സഡൻ ബ്രേക്ക് ഇടാനും പ്രത്യാശയുടെ ലോകത്തിലേക്ക് മടക്കിക്കൊണ്ടുവരാനും അതിസമർഥനായ യുവാവിന്റെ സഹകരണംകൊണ്ട് എനിക്ക് അതിവേഗം സാധിച്ചു. ഇന്ന് അയാൾ മനഃശാസ്ത്രജ്‌ഞന്റെ ഉറ്റസുഹൃത്തായി ഔദ്യോഗിക രംഗത്ത് മികവ് തെളിയിച്ച് ജീവിതപ്രേമിയായി കഴിയുന്നു. ഞാൻ മേൽപറഞ്ഞ കേസ് ഇവിടെ ഉദ്ധരിച്ചത് ആധുനിക മനുഷ്യനെ ഇന്ന് ഏറ്റവും ഭീകരമായി വേട്ടയാടുന്ന വിഷാദം എന്ന വില്ലനെ എങ്ങനെ മനഃശാസ്ത്രപരമായി മെരുക്കിയെടുക്കാം എന്ന് ഉദാഹരിക്കുന്നതിനുവേണ്ടിയാണ്.


വിഷാദത്തിന്റെ കാണാക്കയങ്ങളിൽ മുങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന നിർഭാഗ്യവാന്മാർക്ക് പ്രത്യാശയുടെ സന്ദേശം കുറിക്കാൻ മനസ് പിടയുമ്പോഴൊക്കെ ഓർമയിൽ ആദ്യം ഓടിയെത്തുന്നത് ഫ്രെഡ് എന്ന രോഗിയുടെ പരമദയനീയ ചിത്രമാണ്. ഒരു മിന്നൽപിണർ പോലെ മനഃശാസ്ത്രജ്‌ഞന്റെ മനസിൽ ഉൾക്കിടിലം സൃഷ്‌ടിച്ച ഈ ഫ്രെഡ് ആരാണെന്ന് അറിയാമോ? ശാസ്ത്രഗവേഷണത്തിന് ബെന്നറ്റ് അവാർഡ് നേടിയ സുപ്രസിദ്ധ മനഃശാസ്ത്ര വിദഗ്ധൻ ഡോ.ഡേവിഡ് ബേൺസിന്റെ ചിന്തയിൽ കോളിളക്കം സൃഷ്ടിച്ച കടുത്ത വിഷാദരോഗി. അമേരിക്കയിലെ പെൻസിൽവാനിയ സ്കൂൾ ഓഫ് മെഡിസിനിലെ ഡിപ്രഷൻ റിസേർച്ച് യൂണിറ്റിൽ വളരെകാലം ചികിത്സയ്ക്ക് വിധേയനായ ഫ്രെഡ് അന്നത്തെ സൈക്യാട്രി ചികിത്സാരീതികൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ചികിത്സകന്മാരെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. പത്തുവർഷത്തിലേറെയായി മരുന്നു ചികിത്സകൾക്ക് വിധേയനായിക്കഴിഞ്ഞിട്ടും മനോനിലയിൽ കാര്യമായ മാറ്റമൊന്നുമില്ലാത്തതിനാൽ ആത്മഹത്യയല്ലാതെ മറ്റു പോംവഴിയില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ഫ്രെഡ് തന്റെ വിധിയെ പഴിച്ച് ദിനങ്ങൾ തള്ളിനീക്കി. ചികിത്സയുടെ ഓരോ ഘട്ടം കഴിയുമ്പോഴും തന്നെ മനസിലാക്കാൻ ഈ ലോകത്ത് ആരുമില്ലെന്ന ഏകാന്തതാ ബോധവുമായി വാർഡിന്റെ ഭിത്തിയിലേക്ക് തുറിച്ചുനോക്കി ഫ്രെഡ് കിടക്കും. രോഗി എന്ന മുദ്രയും വാങ്ങി ചികിത്സ എന്ന നിതാന്ത ശിക്ഷയും വാങ്ങി വാർഡിന്റെ മൂലയിൽ കഴിഞ്ഞിരുന്ന ഫ്രെഡിനെ സുബോധമുള്ള ഒരു മനുഷ്യനാക്കിയെടുക്കാൻ പടച്ചട്ട അണിഞ്ഞിറങ്ങിയ ഡോ.ഡേവിഡ് ബേൺസ് എന്ന ശാസ്ത്രജ്‌ഞൻ പലവുരു അയാളുമായി സംഭാഷണത്തിൽ ഏർപ്പെട്ടുനോക്കി. ഫ്രെഡിനെ ഉഷാറാക്കാനും ഉണർത്താനും എന്തെങ്കിലും ഒരു നല്ല വാക്ക് ഉരിയാടാനും ഡോ.ബേൺസ് ശ്രമിക്കുമ്പോഴൊക്കെ അമ്പരപ്പോടെ തുറിച്ചുനോക്കി ഒരു വാചകം മാത്രം അയാൾ പിറുപിറുക്കുമായിരുന്നു. ‘ഞാൻ മരിക്കും. ഡോക്ടർ ഒരിക്കൽ ഞാൻ മരിക്കും.’ ദീർഘനാൾ ചികിത്സയിൽ കഴിഞ്ഞിട്ടും അയാളുടെ ആത്മഹത്യാചിന്തകൾക്ക് ഒരറുതിവരുത്താൻ മരുന്നുകൾക്കൊന്നും കഴിയുന്നില്ലല്ലോ എന്നോർത്ത് ബേൺസ് സദാ ഖിന്നനായിക്കൊണ്ടിരുന്നു. (തുടരും)

ഡോ.ജോസഫ് ഐസക്,
(റിട്ട. അസിസ്റ്റന്റ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്)
കാളിമഠത്തിൽ,അടിച്ചിറ റെയിൽവേ ക്രോസിനു സമീപം,തെളളകം പി.ഒ.–കോട്ടയം 686 016, ഫോൺ നമ്പർ – 9847054817. സന്ദർശിക്കുക. www.drjosephisaac.com