പ്രമേഹം: ശരിയായ ഭക്ഷണം, ചിട്ടയായ ജീവിതം, ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ
ചില വസ്തുതകൾ

പാദങ്ങളിൽ അൾസർ ഉള്ള പ്രമേഹരോഗികളിൽ ഹൃദ്രോഗബാധ, സ്ട്രോക്ക് എന്നിവയുണ്ടാകാനുള്ള സാധ്യത അൾസർ ഇല്ലാത്ത പ്രമേഹരോഗികളെക്കാൾ വളരെ കൂടുതലാണ്.
* 25 ശതമാനം പ്രമേഹരോഗികളിലും അവരുടെ ജീവിതകാലഘത്തിൽ ഒരുതവണയെങ്കിലും പാദങ്ങളിൽ അൾസർ ഉണ്ടാവാറുണ്ട്.
* പ്രമേഹരോഗികളിൽ രോഗത്തിൻറെ മൂർധന്യത്തിൽ കാൽ മുറിച്ചുമാറ്റപ്പെടാനുള്ള സാധ്യത പ്രമേഹരോഗബാധിതരല്ലാത്തവരേക്കാൾ 25 ഇരട്ടി കൂടുതലാണ്.
* ലോകത്ത് ഇന്നു നടക്കുന്ന കാൽ മുറിച്ചുമാറ്റൽ ശസ്ത്രക്രിയകളിൽ 70 ശതമാനവും പ്രമേഹരോഗികളിലാണ്.
* ശരിയായ പാദരക്ഷകൾ ഉപയോഗിക്കാത്തതുമൂലം വികസിതരാജ്യങ്ങളിൽ 15 ശതമാനം പ്രമേഹരോഗികളിൽ വ്രണങ്ങളുണ്ടാകുന്നു. വികസ്വരരാജ്യങ്ങളിൽ ഇത് 40 ശതമാനമാണ്.

ചികിത്സ

പ്രമേഹം, രക്‌താതിസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക. പുകവലി, മദ്യപാനം ഇവ പൂർണമായും നിർത്തുക. കാലിലെ രക്‌തയോട്ടം വർധിപ്പിക്കാൻ സഹായകമായ
മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം.

അൾസറിൽ അണുബാധയുണ്ടെങ്കിൽ കൾച്ചർ പരിശോധനയുടെ അടിസ്‌ഥാനത്തിൽ മാത്രം ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുക. പൊവിഡോൺ അയഡിൻ വ്രണത്തിൽ പുരട്ടരുത്. വിപണിയിൽ ലഭ്യമായ കാൽസ്യം ആൽജിനേറ്റ്, ഹൈഡ്രോജെൽ, പോളിയൂറേത്രേൻ ഡ്രസിംഗുകൾ നല്ല ഗുണംചെയ്യും.

മുറിവുണക്കത്തിന് സിറ്റോസ്റ്റിറോൾ, ലൈസീൻ, ബെക്കാപ്ലെർമിൻജെൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. ജനറ്റിക് എൻജിനിയറിംഗ് വഴി വികസിപ്പിച്ചെടുത്ത അപ്ലിഗ്രാഫ്റ്റ്, ഡെർമാഗ്രാഫ്റ്റ് എന്നിവ അൾസർ ചികിത്സയിലെ നൂതനരീതികളാണ്. ആൽഫാ ലൈപോയിക് ആസിഡ്, ഈവനിംഗ് പ്രിംറോസ് ഓയിൽ എന്നിവയടങ്ങിയ ആൻറി ഓക്സിഡൻറുകൾ നല്ലതാണ്.മരുന്നുകൾ ഡോക്ടറുടെനിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

കിടത്തിചികിത്സ

താഴെപറയുന്ന സാഹചര്യങ്ങളിൽ രോഗിയെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടതാണ്.
* വ്രണത്തിന് കറുപ്പുനിറം.
* അൾസറിൽനിന്ന് അണുബാധ എല്ലുകളിലേക്കു വ്യാപിച്ചാൽ.
* അൾസർ പാദങ്ങളിൽനിന്ന് കാലുകളിലേക്കു വ്യാപിച്ചാൽ.
* അൾസറിൽനിന്ന് ദുർഗന്ധം വമിക്കുന്ന തരത്തിൽ പഴുപ്പ് നിറയുകയാണെങ്കിൽ.

* അനിയന്ത്രിതമായി രക്‌തത്തിലെ പഞ്ചസാര ഉയർന്നാൽ.

ശ്രദ്ധിക്കുക

* രക്‌തസമ്മർദം, രക്‌തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ നിയന്ത്രണവിധേയമാക്കുക. എച്ച്ബിഎ1സി, ലിപിഡ് പ്രൊഫൈൽ, രക്‌തത്തിലെ പഞ്ചസാര എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിപ്പിക്കുക.
*ഡോക്ടർ നിർദേശിച്ച പ്രകാരം മരുന്നുകൾ കഴിക്കുക.
* കൊഴുപ്പു കുറഞ്ഞതും നാരുകൾ കൂടിയതുമായ ഭക്ഷണം കഴിക്കുക.
* മദ്യപാനം പൂർണമായും നിർത്തുക.
* എല്ലാദിവസവും രാത്രി കാൽപാദം പരിശോധിക്കുക. മുറിവുകൾ, നിറവ്യത്യാസം, നീർക്കെട്ട് , വിരലുകൾക്കിടയിൽ പൂപ്പൽബാധ, കാൽവെള്ളയിൽ ആണി, തടിപ്പ് ഇവയുണ്ടോയെന്ന് പരിശോധിക്കുക. ഇളംചൂടുവെള്ളത്തിൽ കാൽ കഴുകുക. കാൽ കഴുകിയശേഷം നന്നായി ഉണക്കിയെടുക്കുക. വിരലുകൾക്കിടയിലുള്ള വെള്ളം ഒപ്പിയെടുക്കുക. ഇത് പൂപ്പൽബാധ ഉണ്ടാകാതെ തടയും.
* ചർമത്തിൻറെ മൃദുലത നിലനിർത്താൻ പെട്രോളിയം ജെല്ലി പുരട്ടുക. കാലിൻറെ അടിയിൽ ആണികൾ കണ്ടാൽ അത് റേസർ ഉപയോഗിച്ച് മുറിക്കാൻ ശ്രമിക്കരുത്. പകരം ഒരു ചർമരോഗ വിദഗ്ധൻറെ സേവനം തേടുക.
* കൃത്യമായ ഇടവേളകളിൽ ശ്രദ്ധയോടെ നഖം മുറിക്കുക. നഖത്തിൻറെ അരികുകൾ മുറിക്കാൻ ശ്രമിക്കരുത്.
* എല്ലാസമയവും ഷൂസ്, സോക്സ് ഇവ ഉപയോഗിക്കുക. പാദരക്ഷകൾ ഉപയോഗിക്കാതെ നടക്കരുത്. കാലിന് പാകമായ ഷൂസ് മാത്രം ഉപയോഗിക്കുക. പ്ലാസ്റ്റ്ിക് ഷൂസ്, അറ്റം കൂർത്തതും ഉയർന്ന ഹീൽ ഉള്ളതുമായ ഷൂസ് ഇവ ഉപയോഗിക്കരുത്.

* ഇരിക്കുന്പോൾ കാലുകൾ തറനിരപ്പിൽനിന്ന് ഉയർത്തിവയ്ക്കുക. കാലുകൾ തമ്മിൽ പിണച്ചുകൊണ്ട് ഇരിക്കരുത്.
* ശരിയായ രീതിയിൽ വ്യായാമം ചെയ്യുക. നടത്തം, നൃത്തം, നീന്തൽ, സൈക്ലിംഗ് എന്നിവ നല്ല വ്യായാമമാണ്. ഓട്ടം, ഹൈജംപ് ഇവ ചെയ്യരുത്.

* ശരിയായ ഭക്ഷണവും ചിട്ടയായ ജീവിതവും ഡോക്ടർമാർ നിർദേശിക്കുന്ന രീതിയിലുള്ള മരുന്നുകളുടെ ഉപയോഗവുംകൊണ്ട് പ്രമേഹബാധിതനായ ഒരാളുടെ ജീവിതം സുഗമമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാകും.

വിവരങ്ങൾ
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ, ഫോൺ: 04972 727828.