ഐപിഎൽ: ചെന്നൈയുടെ ഹോം മത്സരങ്ങൾ തിരുവനന്തപുരത്ത് ന‌ടത്തില്ല
ഐപിഎൽ: ചെന്നൈയുടെ ഹോം മത്സരങ്ങൾ തിരുവനന്തപുരത്ത് ന‌ടത്തില്ല
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഹോം മത്സരങ്ങൾക്കുള്ള വേദി മാറ്റില്ലെന്ന് ബിസിസിഐ. ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയമാണ് സൂപ്പർ കിംഗ്സിന്‍റെ ഹോം മത്സരങ്ങൾക്ക് വേദിയായി തീരുമാനിച്ചിരുന്നത്.

ഇവിടെ നിന്ന് മത്സരം മാറ്റില്ലെന്നും മത്സരങ്ങൾക്ക് കനത്ത സുരക്ഷയൊരുക്കുമെന്നും ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല പറഞ്ഞു.

കാവേരി ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ കനത്ത പ്രതിഷേധം നടക്കുന്നതിനിടെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഹോം മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റിയെക്കുമെന്ന അഭ്യൂഹം പ്രചരിച്ചത്.

ഐപിഎൽ വേദിയിലും പ്രതിഷേധം രേഖപ്പെടുത്തണമെന്ന് ചില തമിഴ് തീവ്ര സംഘടനകൾ നിലപാടെടുത്തിരുന്നു. ഇതേതുടർന്നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ചെന്നൈയുടെ ഹോം മത്സരങ്ങൾ മാറിയേക്കുമെന്ന വാർത്തയുണ്ടായത്.


ബിസിസിഐ മുൻ നിശ്ചയിച്ച പോലെ തന്നെ മത്സരങ്ങൾ നടക്കുമെന്നും വേദി മാറ്റം ഉദ്ദേശിക്കുന്നില്ലെന്നുമാണ് രാജീവ് ശുക്ല വ്യക്തമാക്കിയത്. മുംബൈയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിന് ശേഷം ചെന്നൈയിൽ തിരിച്ചെത്തിയ ടീമിന് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.