ആൾക്കൂട്ടത്തെ തനിച്ചാക്കി...
ആൾക്കൂട്ടത്തെ തനിച്ചാക്കി... സാബു ജോണ്‍
ജനകീയൻ എന്ന വാക്കിനു പകരം വയ്ക്കാവുന്ന മറ്റൊരു വാക്കാണ് ഉമ്മൻ ചാണ്ടി. എന്നും ജനങ്ങൾക്കിടയിൽ കഴിയുകയും അവരുടെ പ്രശ്നങ്ങളും ആവലാതികളും പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുകയും ചെയ്ത മനുഷ്യസ്നേഹി എന്ന് ഉമ്മൻ ചാണ്ടിയെ വിശേഷിപ്പിക്കാം.

അറുപതുകളുടെ ഒടുവിൽ കെഎസ്യു നേതാവായ കാലം മുതൽ തുടങ്ങിയതാണ് അലച്ചിലും കഷ്ടപ്പാടും നിറഞ്ഞ സംഘടനാപ്രവർത്തനം. കാൽനടയായും ബസിൽ യാത്ര ചെയ്തും പാർട്ടി ഓഫീസുകളിലും ബസ് സ്റ്റാൻഡുകളിലും കിടന്നുറങ്ങിയും രാഷ്ട്രീയപ്രവർത്തനം നടത്തിയ അതേ ചെറുപ്പക്കാരന്‍റെ ആവേശം തന്നെയായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും.

തുടർച്ചയായ ഇരുപതു മണിക്കൂർ നിന്നനിൽപിൽ ജനങ്ങളിൽനിന്നു പരാതികൾ സ്വീകരിക്കാനും അവയ്ക്കു പരിഹാരം നിർദേശിക്കാനും മുഖ്യമന്ത്രി എന്ന നിലയിൽ സാധിച്ചതും അതുകൊണ്ടാണ്. രാഷ്ട്രീയപ്രവർത്തകന്‍റെയും ഭരണാധികാരിയുടെയും നിർവചനം സ്വന്തം പ്രവർത്തനംകൊണ്ടു മാറ്റിയെഴുതിയ അദ്ഭുതപ്രതിഭ കൂടിയായിരുന്നു ഉമ്മൻ ചാണ്ടി.



കേരളമാകെ പരിചയം

കേരളത്തിന്‍റെ മുക്കും മൂലയും ഇത്രമേൽ പരിചയമുള്ള മറ്റൊരാൾ കേരളത്തിലുണ്ടാകില്ല. കേരളത്തിലെ ഏതു കുഗ്രാമത്തിൽ ചെന്നാലും ഉമ്മൻ ചാണ്ടിക്കു പേരെടുത്തു വിളിക്കാൻ പരിചയമുള്ള ഒരാളെങ്കിലുമുണ്ടാകും.

സംസ്ഥാനത്തെ ഏതു പ്രദേശത്തിന്‍റെയും രാഷ്ട്രീയവും രാഷ്ട്രീയാഭിമുഖ്യവുമൊക്കെ ഉമ്മൻ ചാണ്ടിക്കു മനഃപാഠമായിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുന്ന സമയം. അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലിരുന്ന് തെരഞ്ഞെടുപ്പ് ഫലം ടെലിവിഷനിലൂടെ കാണുന്നു. തിരുവനന്തപുരത്ത് ശശി തരൂരിന്‍റെ ഭൂരിപക്ഷം ഓരോ റൗണ്ട് കഴിയുന്പോഴും നേർത്തു വരുന്നു. ഒ. രാജഗോപാൽ അതിവേഗം മുന്നേറുകയാണ്. ക്ലിഫ് ഹൗസിൽ കൂടിനിൽക്കുന്ന കോണ്‍ഗ്രസ് നേതാക്കളിൽ ആശങ്ക നിറയുകയാണ്. കണ്ണൂരിൽ കെ. സുധാകരന് പി.കെ. ശ്രീമതിയെക്കാൾ ലീഡുണ്ട്.

"തരൂരിന്‍റെ കാര്യം കുഴപ്പമില്ല. കയറി വന്നോളും. സുധാകരന്‍റെ കാര്യം പ്രശ്നമാണല്ലോ’- ഉമ്മൻ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് വോട്ടെണ്ണാനുള്ള ബൂത്തുകൾ കോണ്‍ഗ്രസിന് അനുകൂലമാണെന്നും കണ്ണൂരിൽ സ്ഥിതി മറിച്ചാണെന്നും ഉമ്മൻ ചാണ്ടിക്കറിയാം. ഒടുവിൽ ഫലം വന്നപ്പോൾ ഉമ്മൻ ചാണ്ടിയുടെ ആശങ്ക ശരിയായി.

അവിടെയെല്ലാം പലകുറി കറങ്ങി നടന്നും ക്യാന്പ് ചെയ്തും രാഷ്ട്രീയപ്രവർത്തനം നടത്തിയ അനുഭവസന്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരുപക്ഷേ കേരളത്തിനകത്ത് ഇത്രയേറെ യാത്ര ചെയ്ത മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടാകില്ല.



പ്രശ്നങ്ങളറിഞ്ഞാൽ പരിഹാരം റെഡി

എത്ര പേജുള്ള നിവേദനവുമായി ഉമ്മൻ ചാണ്ടിയെ കാണാൻ ചെന്നാലും അതിലേക്കൊന്നു കണ്ണോടിച്ചാൽ മതി കാര്യങ്ങൾ മനസിലാക്കാൻ. കാരണം ഒട്ടുമിക്ക പ്രശ്നങ്ങളും അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽ വന്നിട്ടുള്ളതാകും. നിവേദനത്തിന്‍റെ അവസാനഭാഗത്തുള്ള ആവശ്യങ്ങൾ മാത്രം അറിഞ്ഞാൽ മതി.

ഓഫീസിലായാൽപോലും ഉമ്മൻ ചാണ്ടി കസേരയിൽ ഇരിക്കുന്നത് അപൂർവം. എപ്പോഴും ചുറ്റും ജനക്കൂട്ടമുണ്ടാകും. അവരെ കേട്ടും സംസാരിച്ചും നിൽക്കുകയായിരിക്കും ഉമ്മൻ ചാണ്ടി. ഈ ആൾക്കൂട്ടം ഉമ്മൻ ചാണ്ടിക്ക് ശല്യമായിരുന്നില്ല. അദ്ദേഹം അത് ആസ്വദിക്കുകയായിരുന്നു.

ഏതൊരു പ്രശ്നത്തിനും ഉടനടി പരിഹാരം നിർദേശിക്കാനുള്ള അപാരമായ കഴിവായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രത്യേകത. ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥർ പോലും ഈ കഴിവിൽ അദ്ഭുതപ്പെട്ടു പോയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെയും മറ്റും യോഗങ്ങളിൽ ആർക്കും നിർഭയം അഭിപ്രായം പറയാം. ഏറ്റവുമൊടുവിൽ ഉമ്മൻ ചാണ്ടി ഒരു തീരുമാനം പറയും. അത് എല്ലാവർക്കും സ്വീകാര്യവുമായിരിക്കും.



ജനങ്ങളുടെ മനസറിഞ്ഞ്...

ജനങ്ങളുടെ മനസറിഞ്ഞ ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി. ഓരോ വിഷയത്തിലും ജനം എങ്ങനെ ചിന്തിക്കുന്നു എന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെ ഉമ്മൻ ചാണ്ടി എടുക്കുന്ന തീരുമാനങ്ങൾ തെറ്റാറില്ല. ഇനി അഥവാ ഒരു തീരുമാനം തെറ്റാണെന്നു ബോധ്യപ്പെട്ടാൽ അതു തിരുത്താൻ ഉമ്മൻ ചാണ്ടിക്ക് ഒരു മടിയുമില്ല. ദുരഭിമാനത്തിന്‍റെ പ്രശ്നമേയില്ല.

കരുണയും മനുഷ്യസ്നേഹവും

പാവപ്പെട്ട മനുഷ്യരുടെ ദയനീയ കഥകൾ കേട്ടാൽ ഉമ്മൻ ചാണ്ടിയുടെ കണ്ണു നിറയും. അവരുടെ ദുരിതങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം എന്നു മാത്രമാണ് അദ്ദേഹം ചിന്തിക്കുക. ജനസന്പർക്ക പരിപാടിയൊക്കെ തുടങ്ങുന്നത് ഇത്തരം അനുഭവങ്ങളിൽ നിന്നാണ്.

കേൾവിശക്തിയില്ലാത്ത കുഞ്ഞുങ്ങളുടെ കേൾവി ശക്തി വീണ്ടെടുക്കാനുള്ള കോക്ലിയർ ഇംപ്ലാന്‍റേഷൻ പദ്ധതി ഉമ്മൻ ചാണ്ടി നേരിട്ടു മുൻകൈയെടുത്തു നടത്തിയതാണ്. ഒരു കുട്ടിക്കു ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ ചെലവു വരും. അതു സർക്കാർ ഏറ്റെടുത്തു. എത്രയോ കുട്ടികൾക്ക് ഇതുവഴി കേൾവിശക്തി ലഭിച്ചു.

അതിവേഗം തീരുമാനങ്ങളെടുത്തു മുന്നോട്ടു പോകുന്പോൾ ചിലപ്പോൾ തെറ്റുകൾ പറ്റാമെന്ന് ഉമ്മൻ ചാണ്ടി സമ്മതിക്കും. എന്നാൽ തെറ്റപറ്റുമെന്നു പേടിച്ച് ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാൾ ഭേദം കുറച്ചു തെറ്റുകൾ വന്നാലും വേഗത്തിൽ കാര്യങ്ങൾ ചെയ്തു തീർക്കുന്നതു തന്നെയാണെന്ന് ഒരു മടിയും കൂടാതെ അദ്ദേഹം പറയുമായിരുന്നു. 2004ൽ ആദ്യം മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹം മുന്നോട്ടു വച്ച മുദ്രാവാക്യം തന്നെ "അതിവേഗം ബഹുദൂരം’ എന്നായിരുന്നു.



അധികാരത്തിൽനിന്ന് അകന്നും അടുത്തും

ഇരുപത്തിയേഴാം വയസിൽ ആദ്യമായി നിയമസഭയിലെത്തിയ ഉമ്മൻ ചാണ്ടി അന്നു മുതൽ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശക്തനായ നേതാവും അധികാരകേന്ദ്രവുമാണ്. എംഎൽഎ യായി 34-ാം വർഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിലെത്തുന്നത്. അതിനു മുന്പു മൂന്നു തവണകളിലായി മന്ത്രിക്കസേരയിലിരുന്നത് കഷ്ടിച്ചു നാലു വർഷം മാത്രം.

എന്നാൽ അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ശബ്ദങ്ങളിലൊന്നായിരുന്നു ഉമ്മൻ ചാണ്ടിയുടേത്.
മുപ്പത്തിനാലാം വയസിൽ ആദ്യം മന്ത്രിയായ ഉമ്മൻ ചാണ്ടി പിന്നീട് 1981ൽ ആഭ്യന്തരമന്ത്രിയായി. വെറും 80 ദിവസം മാത്രമാണ് ആ മന്ത്രിസഭ അധികാരത്തിലിരുന്നത്.

1982ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുന്പോൾ ഉമ്മൻ ചാണ്ടിതന്നെ ആഭ്യന്തരമന്ത്രി ആകുമെന്നാണു കരുതപ്പെട്ടിരുന്നത്. എന്നാൽ, വയലാർ രവിയുടെ പേര് ഉയർന്നു വന്നപ്പോൾ ഉമ്മൻ ചാണ്ടി പിന്മാറി.

1995ൽ കരുണാകരൻ മാറി എ.കെ. ആന്‍റണി മുഖ്യമന്ത്രിയായപ്പോൾ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ, കരുണാകരനെതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന താൻ അധികാരത്തിലേക്കു വരുന്നതു ശരിയല്ലെന്ന നിലപാടെടുത്ത് ഉമ്മൻ ചാണ്ടി സ്വയം വിട്ടു നിന്നു. 1982-85 കാലയളവിലും 2001-2004 കാലയളവിലും യുഡിഎഫ് കണ്‍വീനർ ആയതു മാത്രമായിരുന്നു ഇതിനിടയിൽ ഉമ്മൻ ചാണ്ടി വഹിച്ച പദവികൾ.



പ്രതിസന്ധികൾ, വെല്ലുവിളികൾ

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം എന്നും വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. കോണ്‍ഗ്രസിനുള്ളിൽ എന്നും ഒരു പക്ഷത്തിന്‍റെ ശക്തനായ വക്താവായിരുന്നു അദ്ദേഹം. എ.കെ. ആന്‍റണിയുടെ നിഴലായി നിൽക്കുന്പോഴും എ ഗ്രൂപ്പിന്‍റെ കമാൻഡറായിരുന്നു ഉമ്മൻ ചാണ്ടി.

മുഖ്യമന്ത്രിയായപ്പോൾപോലും ഗ്രൂപ്പിനു പുറത്തേക്കു വരാൻ കഴിയുന്നില്ല എന്നതായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരേയുള്ള വിമർശനം. ആന്‍റണി- കരുണാകരൻ ഗ്രൂപ്പ് പോരിന്‍റെ കാലത്ത് എ ഗ്രൂപ്പിന്‍റെ രാഷ്ട്രീയതന്ത്രങ്ങളൊരുക്കുന്ന ഗ്രൂപ്പിലെ പ്രധാനിയും ഉമ്മൻ ചാണ്ടിയായിരുന്നു.

72 പേരുടെ നേരിയ ഭൂരിപക്ഷവുമായി ഉമ്മൻ ചാണ്ടി അധികാരത്തിലെത്തിയപ്പോൾ ഒരാൾക്കു മൂത്രശങ്ക തോന്നിയാൽ സർക്കാർ താഴെ വീഴാവുന്നതേയുള്ളു എന്നായിരുന്നു വി.എസ്. അച്യുതാനന്ദൻ പറഞ്ഞത്.

എന്നാൽ, സർക്കാർ അധികാരത്തിലേറി ഒരു വർഷം കഴിയും മുന്പ് നെയ്യാറ്റിൻകരയിൽനിന്നുള്ള സിപിഎം എൽഎൽഎ ആയ ആർ. ശെൽവരാജിനെ രാജിവയ്പിച്ച് ഉമ്മൻ ചാണ്ടി സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു. പിന്നീട് ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ശെൽവരാജ് ജയിക്കുകയും ചെയ്തു.



ആരോപണങ്ങളിൽ അടിതെറ്റി

സോളാർ ആരോപണമായിരുന്നു ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ വീണ കരിനിഴൽ. അതുവരെ അജയ്യനായി മുന്നേറുകയായിരുന്നു ഉമ്മൻ ചാണ്ടി. ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ഉജ്വല വിജയം നേടി.

ജനപ്രിയ പദ്ധതികളിലൂടെയും ഭരണനടപടികളിലൂടെയും തുടർഭരണം ഉറപ്പിച്ച സമയത്തായിരുന്നു ഒന്നിനു പിറകെ ഒന്നായി ആരോപണങ്ങളുടെ മലവെള്ളപ്പാച്ചിലിൽ മുന്നണിയും സർക്കാരും ആടിയുലഞ്ഞത്. സർക്കാരിനെ വെട്ടിലാക്കുന്നതിൽ മുന്നണിയിലെ നേതാക്കൾതന്നെ ചെറുതല്ലാത്ത പങ്കു വഹിച്ചു.

സോളാർ കേസിൽ ഉമ്മൻ ചാണ്ടി അർഹിക്കുന്നതിനപ്പുറം ആക്ഷേപം കേട്ടു. സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ പേരു കേട്ടാൽ ഹാലിളകുന്ന ഇപ്പോഴത്തെ ഭരണകക്ഷി സോളാർ കേസ് സിബിഐക്കു വിടാൻ വരെ മടിച്ചില്ല. ഒടുവിൽ കാലം കനിവു കാട്ടി. സോളാർ കേസിൽ നിരപരാധിത്വം തെളിയുന്നതു കാണാൻ സാധിച്ചു എന്നതു മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് ആശ്വസിക്കാനുള്ളത്.

രാഷ്ട്രീയത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന മാന്യതയുടെയും അന്തസിന്‍റെയും ആൾരൂപമായിരുന്നു ഉമ്മൻ ചാണ്ടി. രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കാൻ അദ്ദേഹം മുതിർന്നിട്ടില്ല. ഒപ്പമുള്ളവരെ അതിന് അനുവദിച്ചിട്ടുമില്ല.

തന്നെ വേട്ടയാടിക്കൊണ്ടിരുന്നവർക്ക് തനിക്കു സമാനമായ ദുരനുഭവങ്ങളുണ്ടായപ്പോൾ അതു പറഞ്ഞ് അവരെ കുത്തിനോവിക്കാൻ ഉമ്മൻ ചാണ്ടി മുതിർന്നിട്ടില്ല. ജാതി, മത, സമുദായ ഭേദമില്ലാതെ എല്ലാവർക്കും സ്വീകാര്യനായ ജനകീയനേതാവായ ഉമ്മൻ ചാണ്ടിക്കു സമം ഉമ്മൻ ചാണ്ടി മാത്രം.

ഉമ്മൻ ചാണ്ടിയെ അനുകരിക്കാൻ എളുപ്പമല്ല. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അവഗണിക്കാൻ അത്രപോലും എളുപ്പമല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.