ആകർഷക ലാളിത്യത്തിന് ഇനി ഇടയദൗത്യം
ആകർഷക ലാളിത്യത്തിന് ഇനി ഇടയദൗത്യം
<യ>സെബി മാളിയേക്കൽ

ഇരിങ്ങാലക്കുട: ആകർഷകമായ സംസാരശൈലിയും ശരീരപ്രകൃതിയും കൈമുതലാക്കിയ, കുലീനത്വം മുഖമുദ്രയാക്കിയ വൈദികൻ മോൺ. സ്റ്റീഫൻ ചിറപ്പണത്തിന് ഇനി പുതിയ ഇടയ ദൗത്യം – യൂറോപ്പിലെ സിറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ.

ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളിലെല്ലാം തനതായ കയ്യൊപ്പു ചാർത്തിയ സ്റ്റീഫനച്ചനു പുതുദൗത്യത്തിലും വ്യക്‌തിമുദ്ര പതിപ്പിക്കാനാകുമെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്ന ആർക്കും നിസ്സംശയം പറയാനാകും.
ലഹരിമോചന പരിശീലന കേന്ദ്രമായ ആളൂർ നവചൈതന്യ ഡയറക്ടർ, ഇരിങ്ങാലക്കുട സെന്റ് പോൾസ് മൈനർ സെമിനാരി റെക്ടർ, കോട്ടയം വടവാതൂർ മേജർ സെമിനാരി വൈസ് റെക്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചപ്പോൾ ഈ സ്‌ഥാപനങ്ങളുടെ മുഖച്ഛായതന്നെ മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. കെട്ടിടങ്ങളുടെ നവീകരണം മാത്രമല്ല, ആരെയും പ്രാർഥിക്കാൻ പ്രചോദിപ്പിക്കുന്ന ചാപ്പലുകൾ അദ്ദേഹത്തിനു ഹരമായിരുന്നു. ഗായകനെന്ന നിലയിലും സ്ഫുടമായും അർത്ഥ സമ്പുഷ്‌ടമായും പ്രാർഥനകൾ ചൊല്ലി ദൈവജനത്തെ ആത്മീയാനുഭവത്തിലേക്കു നയിക്കുന്ന വൈദികനെന്ന നിലയിലും അദ്ദേഹമർപ്പിക്കുന്ന ദിവ്യബലികൾ വിശ്വാസ സമൂഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. ദാർശനിക സ്വഭാവമുള്ള ആശയസമ്പുഷ്‌ടമായ ക്ലാസുകളും പ്രസംഗങ്ങളും അദ്ദേഹത്തെ അത്തരത്തിലും പ്രശസ്തനാക്കി.


ഒരു പുതുവത്സര സന്ദേശത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു; “ഗതകാല ജീവിതാനുഭവങ്ങളുടെ മൂശയിൽ ഉരുക്കി ഉൺമയുടെയും ഉണർവിന്റെയും നിറവിനായി ജീവിതത്തെ മുന്നോട്ടുനയിക്കാൻ അവസരം തന്നെ ദൈവത്തോടു നന്ദിയുള്ളവരായിരിക്കണം. മറ്റൊരവസരത്തിൽ ജീവിതത്തെക്കുറിച്ചുള്ള ദർശനം പറഞ്ഞുവച്ചതിങ്ങനെയാണ്. “ഉത്തരം കാണേണ്ട ഒരു സമസ്യയല്ല ജീവിതം. പിന്നെയോ, വിസ്മയം കൊള്ളുകയും ആസ്വദിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ട, പകർന്നുകൊടുക്കേണ്ട ഒരു രഹസ്യമാണത്.

മുതിർന്നവരേയും സഹോദര വൈദികരേയും അങ്ങേയറ്റം ബഹുമാനിക്കുന്ന, ആതിഥ്യമര്യാദയ്ക്കു പുതിയ മാനങ്ങൾ ചമച്ച, വെടിപ്പിന്റെയും വൃത്തിയുടേയും കാര്യത്തിൽ ഏറെ കണിശക്കാരനായ, രുചികരമായ ഭക്ഷണം തയാറാക്കുന്നതിൽ അതി നിപുണനായ ഈ വൈദികൻ യൂറോപ്പിലെ സിറോ മലബാർ സഭ കെട്ടിപ്പടുക്കുന്ന ദൗത്യത്തിൽ ശോഭിക്കുമെന്നു തീർച്ച.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.