ഉരുളികുന്നം ഇടവകയ്ക്കും സ്രാമ്പിക്കൽ കുടുംബത്തിനും ഇതു ധന്യവേള
ഉരുളികുന്നം ഇടവകയ്ക്കും സ്രാമ്പിക്കൽ കുടുംബത്തിനും ഇതു ധന്യവേള
കോട്ടയം: ഉരുളികുന്നം സെന്റ് ജോർജ് ഇടവയ്ക്ക് ദൈവകൃപയുടെ ധന്യവേള. സ്രാമ്പിക്കൽ പരേതനായ മാത്യു മത്തായിയുടെയും ഏലിയാമ്മയുടെ ആറ് ആൺമക്കളിൽ നാലാമനായ ബെന്നി മാത്യു എന്ന ഫാ. ജോസഫ് സ്രാമ്പിക്കലിന്റെ പുതിയ നിയോഗവാർത്ത ഉരുളികുന്നം ഇടവകയും ദേശവാസികളും തികഞ്ഞ സന്തോഷത്തോടെയാണ് ഇന്നലെ ശ്രവിച്ചത്.

പാലാ കത്തീഡ്രൽ ഇടവകയിലെ തറയിൽ കുടുംബത്തിന്റെ ശാഖകളിൽപ്പെട്ടതാണ് ദൈവവിളിയാൽ സമ്പന്നമായ സ്രാമ്പിക്കൽ കുടുംബം. നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ പിതാവ് കർഷകനായിരുന്ന മാത്യു എന്ന കൊച്ചൂട്ടി 34 വർഷം മുമ്പ് നിര്യാതനായി. അമ്മ ഏലിക്കുട്ടി പൂവരണി പൂവത്താനിക്കൽ കുടുംബാംഗമാണ്. അഡ്വ. മാത്യു എം. സ്രാമ്പിക്കൽ, ജോൺസൺ മാത്യു (പെരിങ്ങുളം അടിവാരം), ഷാജി മാത്യു (ബിഎസ്എൻഎൽ കോട്ടയം), ബിജു മാത്യു (കാരികുളം), ജിപ്സൺ മാത്യു (സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് ചൂണ്ടച്ചേരി) എന്നവരാണ് നിയുക്‌ത മെത്രാന്റെ സഹോദരങ്ങൾ. സഹോദരൻ മേൽപ്പട്ടക്കാരന്റെ പദവിയിലേക്ക് ഉയർത്തപ്പെട്ട സന്തോഷം പങ്കുവയ്ക്കാൻ സഹോരങ്ങൾ ഇന്നലെ വൈകുന്നേരം വിളക്കുമാടത്തെ കുടുംബവസതിയിൽ അമ്മയോടൊപ്പം ഒത്തുചേർന്നു. ബന്ധുക്കളും ഇടവക വികാരി ഫാ. മൈക്കിൾ ചീരാംകുഴിയും ഇടവകാംഗങ്ങളും സന്തോഷത്തിൽ പങ്കുചേർന്നു.


ഉരുളികുന്നം സെന്റ് ജോർജ് യുപിഎസ്, വിളക്കുമാടം സെന്റ് ജോസഫ്സ് എച്ച്എസ് എന്നിവിടങ്ങളിൽ സ്കൂൾ പഠനത്തിനുശേഷം പ്രീഡിഗ്രി മുതൽ പാലാ സെന്റ് തോമസ് കോളജിലായിരുന്നു പഠനം. പൊളിറ്റിക്സ് ഐശ്ചികമായി ബിഎയും എംഎയും നേടിയശേഷം പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളജിൽനിന്നു ബിഎഡ് ബിരുദമെടുത്തു. ചെറുപുഷ്പ മിഷൻ ലീഗ്, കെസിവൈഎം എന്നിവയുടെ നേതൃനിരയിൽ ഏറെക്കാലം തീഷ്ണമായ പ്രവർത്തനം കാഴ്ചവച്ചശേഷം ഫാ. തോമസ് ഓലിക്കൽ ഉരുളികുന്നം ഉരുളികുന്നം പള്ളി വികാരിയായിരിക്കെയാണ് ഇദ്ദേഹം സെമിനാരിയിൽ ചേർന്നത്. പാലായിൽ മൈനർ സെമിനാരി പഠനത്തിനുശേഷം വിദേശത്തായിരുന്നു ഉപരിപഠനം. വൈദികനായശേഷം മംഗലാപുരത്തുനിന്നും എംഎഡ് ബിരുദവും കരസ്‌ഥമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.