സുരാജ് വെഞ്ഞാറമൂടിന്‍റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല: അലന്‍സിയര്‍
Monday, June 13, 2022 11:27 AM IST
സുരാജിന്‍റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ലെന്ന് നടന്‍ അലന്‍സിയര്‍. ഹെവന്‍ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്തസമ്മേളനത്തിനിടയിലാണ് ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അലന്‍സിയര്‍ മറുപടി നല്‍കിയത്.

സുരാജിന്‍റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങള്‍ എഴുതിക്കോ' എന്നായിരുന്നു അലന്‍സിയറുടെ മറുപടി. നടി വിനയ പ്രസാദിന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് സുരാജ് വെഞ്ഞാറമൂട് മറുപടി നല്‍കിയതിന് പിന്നാലെയായിരുന്നു അലന്‍സിയറുടെ പ്രതികരണം.

"വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം എന്‍റെ അമ്മയായിട്ടാണ്. എന്‍റെ ഭാര്യയെക്കുറിച്ച് സിനിമയില്‍ പറയുന്നില്ല, ഇതില്‍ ഒരു നായികാ കഥാപാത്രമില്ല'എന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അലന്‍സിയറിന്‍റെ പരാമര്‍ശം വന്നത്.

ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. താങ്കള്‍ക്കെന്താ, കുറേ നേരമായല്ലോ, ചോദ്യങ്ങള്‍ ചോദിച്ച് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ. സുരാജ് വെഞ്ഞാറമൂടിന്‍റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങള്‍ എഴുതിക്കോ, എന്നായിരുന്നു അലന്‍സിയറിന്‍റെ മറുപടി.

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെവന്‍. ജാഫര്‍ ഇടുക്കി, സുദേവ് നായര്‍, അലന്‍സിയര്‍, വിനയ പ്രസാദ്, ജോയ് മാത്യു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജൂണ്‍ പതിനേഴിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.