എല്ലാം അവസാനം അറിയുന്നത് ഞാൻ: പ്രിയ വാര്യർ
Saturday, February 25, 2023 10:49 AM IST
ഒരൊറ്റ കണ്ണിറുക്കൽ കൊണ്ടു രാജ്യമൊട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. സോഷ്യല്‍ മീഡിയയിലൂടെ ആഗോളതലത്തില്‍തന്നെ പ്രിയയുടെ കണ്ണിറുക്കല്‍ വൈറലായി മാറുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൊക്കെ ഒറ്റരാത്രികൊണ്ടാണ് പ്രിയയുടെ ഫോളോവേഴ്സ് രണ്ടും മൂന്നും മില്യണ്‍ കടന്നത്. തെന്നിന്ത്യയിലെ പല സൂപ്പര്‍ നായികമാരെയും പിന്തള്ളിക്കൊണ്ടായിരുന്നു പ്രിയയുടെ കുതിപ്പ്.

അതേസമയം, പ്രശസ്തി വര്‍ധിക്കുന്നതിനനുസരിച്ച് നടിക്കെതിരെ ട്രോളുകളും സൈബര്‍ ആക്രമങ്ങളും വ്യാപകമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങളും സിനിമയുടെ പരാജയവും ഇതെല്ലാം വര്‍ധിപ്പിച്ചു. സൈബര്‍ ആക്രമണങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് പ്രിയ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അതേസമയം, ഇപ്പോള്‍ അതിനെയെല്ലാം താന്‍ അവഗണിക്കുകയാണ് എന്നാണ് പ്രിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തന്നെ കുറിച്ചു വരുന്ന ട്രോളുകളൊന്നും താന്‍ പലപ്പോഴും അറിയാറില്ലെന്ന് അടുത്ത കാലത്ത് ഒരഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു. താരത്തിന്‍റെ വാക്കുകൾ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്.

എന്നെപ്പറ്റി വരുന്ന വാര്‍ത്തകള്‍ ഏറ്റവും അവസാനം അറിയുന്ന ആളാണ് ഞാന്‍. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ആയാലും യൂട്യൂബിലായാലും അപ്ഡേറ്റഡായി എല്ലാം കാണാറുള്ള ആളല്ല. എന്നെ പറ്റി വാര്‍ത്തകള്‍ എവിടെയെങ്കിലും വന്നാല്‍ എന്‍റെ ഫ്രണ്ട്സ് ആരെങ്കിലും അയച്ച് തരും. അല്ലെങ്കില്‍ അമ്മയുടെ വിളി വരും.

പ്രിയാ ഇങ്ങനെ ഒരു വാര്‍ത്ത വന്നിട്ടുണ്ടല്ലോ. ഇത് എന്താണ് സംഭവം. നീ എവിടെയാണ്, ഇങ്ങനെ ഡ്രസ് ഇട്ടുവെന്ന് പറഞ്ഞ് ഫോട്ടോ വന്നിട്ടുണ്ടല്ലോ എന്നൊക്കെ ചോദിച്ചാകും അമ്മ വിളിക്കുന്നത്. ഇങ്ങനത്തെ ചോദ്യങ്ങള്‍ വരുന്പോഴാണ് ഇതൊക്കെ ഷെയര്‍ ചെയ്തിട്ടുണ്ടെന്ന് നമ്മള്‍ അറിയുന്നത്.

ഞാന്‍ എന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ കയറുന്നു. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. പോരുന്നു. പിന്നീട് അതിന്‍റെ പുറകില്‍ നടക്കുന്ന സംഭവങ്ങള്‍ ഒന്നുംതന്നെ ഞാന്‍ അറിയുന്നില്ല. അത് യൂട്യൂബില്‍ ഷെയര്‍ ചെയ്യുന്നു. ട്രോള്‍ ആവുന്നു. അത് ഒന്നും ഞാന്‍ അറിയാറില്ല. ഞാന്‍ അതിന് വേണ്ടി സമയം ചെലവാക്കാറില്ല. ആരെങ്കിലും പറയുന്പോള്‍ ആണ് ഞാന്‍ അറിയുന്നത്. എല്ലാം അവസാനം അറിയുന്നത് ഞാന്‍ ആയിരിക്കും- പ്രിയ വാര്യര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.