"ഒരു സ്ത്രീയെ പ്രണയിച്ചതിന് എന്നെ അറസ്റ്റ് ചെയ്തു, ഇപ്പോളും വേട്ടയാടപ്പെടുന്നു'
Tuesday, July 12, 2022 10:18 AM IST
സര്‍ക്കാരിനെതിരെ ആരു സംസാരിച്ചാലും അവര്‍ ഭീക്ഷണിയുടെ വക്കിലാകുമെന്ന്
സംവിധായകന്‍ സനല്‍കമാര്‍ ശശിധരന്‍. സര്‍ക്കാരിന്‍റെ മുഖംമൂടി സംരക്ഷിക്കാന്‍ പോലീസിനെ കളിപ്പാവകളായി ഉപയോഗിക്കുകയാണ്. ഒരു സ്ത്രീയെ പ്രണയിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും വേട്ടയാടലുകൾ തുടരുകയാണെന്നും സനൽകുമാർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

അറസ്റ്റ് ചെയ്ത് രണ്ടുമാസം കഴിഞ്ഞതിന് ശേഷം എനിക്ക് എന്‍റെ ഗൂഗിള്‍,സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തിരികെ ലഭിച്ചു. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവളെ ഉപദ്രവിച്ചു എന്ന ആരോപണവും ഉയര്‍ത്തി എന്നെ അറസ്റ്റ് ചെയ്തു.

ഞാന്‍ തന്നെ എനിക്ക് വേണ്ടി വാദിക്കേണ്ട ഒന്നല്ല സത്യം. അത് സ്വന്തമായി പുറത്തുവരണം. അത് പുറത്തുവരട്ടെ, അതുവരെ എനിക്ക് ഏറ്റ പ്രണയത്തിന്‍റെ മുറിവുകള്‍ വഹിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാനം തകരുമെന്ന് ആശങ്ക ഉയര്‍ത്തി എന്നെ അറസ്റ്റ് ചെയ്തത് പോലീസിന്‍റെ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് വ്യക്തമാകുന്നത്.

എന്നെ ശവക്കുഴിയില്‍ കുടുക്കാനോ അല്ലെങ്കില്‍ എന്‍റെ ജീവന്‍ അപഹരിക്കുകയോ ചെയ്യുക എന്ന നികൃഷ്ടമായ പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അപ്പോള്‍ ഫേസ്ബുക്ക് ലൈവ് വന്നത് അവരുടെ പ്ലാന്‍ തകര്‍ത്തു.

അന്ന് അര്‍ദ്ധരാത്രി പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം നേടണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്നെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്‍റെ സര്‍വീസ് റിവോള്‍വര്‍ കാട്ടി ഭീഷണിപ്പെടുത്തി.

എന്നാല്‍ ഞാന്‍ മരണത്തെ ഭയപ്പെട്ടില്ല. എന്‍റെ വാക്കില്‍ ഉറച്ചു നിന്നു. ഒടുവില്‍ അവര്‍ക്ക് എന്നെ കോടതിയില്‍ ഹാജരാക്കേണ്ടിവന്നു, എനിക്ക് ജാമ്യം ലഭിച്ചു. എന്‍റെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുക്കുകയും എന്‍റെ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ഹാക്ക് ചെയ്ത് സെറ്റിംഗ്സ് മാറ്റുകയും ചെയ്തു. (എന്‍റെ ഫോണുകള്‍ ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്).

അതിനാല്‍ എന്താണ് എനിക്ക് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നെ ഒരു മനോരോഗിയാക്കി എന്‍റെ സുഹൃത്തുക്കള്‍ ഉള്‍പെടയുള്ളവര്‍ വിലയിരുത്തിയത് ഞാന്‍ കേട്ടു.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ എന്‍റെ സമൂഹമാധ്യമങ്ങള്‍ പരിശോധിച്ചാല്‍, കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെയും അത് പോലീസിലും ഭരണത്തിലും എന്തിന് ജുഡീഷ്യറിയിലും വരെ നുഴഞ്ഞുകയറുന്നതിനെതിരെ ഞാന്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമൂഹമാധ്യമങ്ങള്‍ നിന്ന് അകറ്റി നിര്‍ത്തിയ രണ്ട് മാസത്തിനിടെ എന്‍റെ ആശങ്കകള്‍ക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. സര്‍ക്കാരിനെതിരെ ആരു സംസാരിച്ചാലും ഭീഷണിയിലാണെന്ന് ജനങ്ങള്‍ക്ക് അറിയാം.

ശബ്ദമുയര്‍ത്തുന്ന പലരുടെയും പേരില്‍ കള്ളക്കേസുകള്‍ ചുമത്തി. സര്‍ക്കാരിന്‍റെ മുഖംമൂടി സംരക്ഷിക്കാന്‍ പോലീസിനെ കളിപ്പാവകളാക്കി നഗ്‌നമായി ഉപയോഗിക്കുകയാണ്. എന്നാല്‍ ഒട്ടുമിക്ക എഴുത്തുകാരും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും ഇപ്പോഴും മൗനം പാലിക്കുകയാണ്.

എനിക്കിപ്പോള്‍ അവരെ നന്നായി മനസ്സിലാക്കാന്‍ കഴിയും. സാമ്പ്രദായിക നിശബ്ദതയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ നോക്കി ചിരിക്കാന്‍ മാത്രം അറിയാവുന്ന ഒരു സമൂഹത്തെ സഹായിക്കാനാവില്ലെന്ന് അവര്‍ക്കറിയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.