ഈ തെരച്ചിൽ ചരിത്രമാണ് 72 ദിവസങ്ങൾ!
Thursday, September 26, 2024 12:00 AM IST
അർജുനുവേണ്ടി നടത്തിയ ദീർഘമായ രക്ഷാപ്രവർത്തനം ഇഛാശക്തിയുള്ള സർക്കാരുകളുടെയും നന്മയുള്ള മനുഷ്യരുടെയും കഠിനാധ്വാനങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നു. ചെറിയ വീഴ്ചകളെ തിരുത്തിയാൽ ഈ മാതൃക രക്ഷാപ്രവർത്തനത്തിനു മാത്രമല്ല, മനുഷ്യപുരോഗതിക്കും ഉപയോഗപ്പെടുത്താം.
ദുരന്തത്തിന്റെ മണ്ണിടിച്ചു നിഗൂഢതയുടെ മഹാനദിയിലൊളിപ്പിച്ച അർജുന്റെ ദേഹം ഒടുവിൽ പ്രകൃതി മനുഷ്യർക്കു വിട്ടുകൊടുത്തിരിക്കുന്നു. സഹജീവിക്കുവേണ്ടി ഒരുപറ്റം മനുഷ്യർ നടത്തിയ തെരച്ചിലും കരുതലും കാത്തിരിപ്പും ചരിത്രമായി. ജൂലൈ 16നു മണ്ണിടിച്ചിലിൽ കാണാതായ അർജുനെ ലോറി സഹിതം ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽനിന്ന് ഉയർത്തിയെടുത്തപ്പോൾ കേരളത്തിന്റെ കണ്ണുകൾ ഈറനായി. കണ്ണീർ തുടച്ചുകൊണ്ട് ലോറിയുടമ മനാഫ് പറഞ്ഞ വാക്കുകൾകൊണ്ടല്ലാതെ ഈ വീണ്ടെടുപ്പിനെ വിശദീകരിക്കാനാവില്ല; ""സന്തോഷമില്ല, പക്ഷേ, സമാധാനമുണ്ട്.’’
ജൂലൈ എട്ടിനു കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽനിന്നു കർണാടകത്തിലേക്കു ലോറിയുമായി പോയ അർജുൻ ലോഡുമായി മടങ്ങുന്നതിനിടെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയപാതയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ പെടുകയായിരുന്നു. ജീവനക്കാർ വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ലോറികൾ നിർത്തിയിടുന്ന പ്രദേശത്താണ് മണ്ണിടിഞ്ഞത്.
ചായക്കട നടത്തിയിരുന്ന ലക്ഷ്മൺ നായിക്കിന്റെ കുടുംബം ഉൾപ്പെടെ നിരവധിപ്പേർ മരിച്ചു. അന്നുമുതൽ പല ഘട്ടങ്ങളായി നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചകഴിഞ്ഞ് എസ്ഡിആർഎഫ് ലോറി കണ്ടെത്തുകയായിരുന്നു. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുമെന്ന് കാർവാർ എംഎൽഎ അറിയിച്ചു.
കഴിഞ്ഞ 72 ദിവസം കരയിലും ആപത്കരമായ കുത്തൊഴുക്കുള്ള ഗംഗാവലിപ്പുഴയിലും തെരച്ചിൽ നടത്തുന്പോൾ അർജുന്റെ കുടുംബത്തോടൊപ്പം നെഞ്ചുലഞ്ഞു കാത്തിരുന്നവരിൽ ലോറിയുടമ മനാഫുമുണ്ടായിരുന്നു. ലോറിയിൽ കള്ളത്തടിയായിരുന്നു എന്നതുൾപ്പെടെയുള്ള നുണകൾ പ്രചരിപ്പിച്ച സമൂഹമാധ്യമങ്ങളിലെ സാമൂഹികവിരുദ്ധർക്കു മുന്നിലേക്കാണ് ആ ലോറിയും അർജുനും ഉയർന്നുവന്നത്.
അതേക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടാണ് മനാഫ് തനിക്കു സന്തോഷമില്ല, സമാധാനമുണ്ട് എന്നു വിതുന്പിക്കൊണ്ടു പറഞ്ഞത്. അർജുനൊപ്പം തന്റെ ചോദ്യം ചെയ്യപ്പെട്ട സത്യസന്ധതയുടെ തെളിവുകൂടിയാവാം ഇന്നലെ അദ്ദേഹം കണ്ടത്. വികസിതരാജ്യങ്ങളിൽപോ ലും ഉപേക്ഷിച്ചേക്കാവുന്നത്ര നീണ്ട തെരച്ചിലാണ് ഇടവേളകളുണ്ടായിരുന്നെങ്കിലും അർജുനുവേണ്ടി ഷിരൂരിൽ നടത്തിയത്. വിഫലശ്രമങ്ങളുടെ കുത്തൊഴുക്കിലും നിരാശയിൽ മുങ്ങാതെ തെരച്ചിൽ തുടർന്ന മനുഷ്യർ ഷിരൂരിൽ ചരിത്രമെഴുതി. ചെറിയ വീഴ്ചകളൊഴിച്ചാൽ ഔദ്യോഗിക-അനൗദ്യോഗിക സംവിധാനങ്ങളെല്ലാം സജീവമായിരുന്നു.
തുടക്കത്തിൽ കർണാടകത്തിന്റെ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതി ഉയർന്നെങ്കിലും അതു പരിഹരിക്കപ്പെട്ടു. ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അർജുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് ഉറപ്പുകൊടുത്തിരുന്നു. തെരച്ചിൽ തുടരുമെന്നും പണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നുമാണ് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ദിവസങ്ങൾക്കു മുന്‍പും ധൈര്യപ്പെടുത്തിയത്.
തെരച്ചിൽ നിർത്തില്ലെന്ന് പറഞ്ഞ്, കേരളത്തിനും കർണാടക സർക്കാരിനുമിടയിൽ നിരന്തരം ആശയവിനിമയം നടത്തിയ കോഴിക്കോട് എം.പി. എം.കെ. രാഘവൻ, സൈന്യം, പോലീസ്, സന്നദ്ധസംഘടനകൾ, മത്സ്യത്തൊഴിലാളികൾ, മുങ്ങൽ വിദഗ്ധനായ ഈശ്വർ മൽപെ, വിവാദങ്ങൾക്ക് ഇരയായെങ്കിലും തന്നാലാകുന്ന പരിശ്രമങ്ങൾ നടത്തിയ രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേൽ ഇങ്ങനെ നിരവധി മനുഷ്യർ ഈ രക്ഷാപ്രവർത്തനത്തെ പലവിധത്തിൽ മുന്നോട്ടു കൊണ്ടുപോയവരാണ്.
ഇതിനിടെ, കാലതാമസമില്ലാതെ അർജുന്റെ ഭാര്യക്ക് സഹകരണബാങ്കിൽ ജൂണിയർ ക്ലാർക്കായി സർക്കാർ താത്കാലിക നിയമനം കൊടുത്തു. അർജുൻ കേരളത്തിലെ എല്ലാ കുടുംബങ്ങളിലെയും നൊന്പരമായി മാറി. അവരുടെയെല്ലാം കാത്തിരിപ്പിനൊടുവിലാണ് അർജുന്റെ മൃതദേഹമെങ്കിലും ലഭിച്ചത്; ""സന്തോഷമില്ലെങ്കിലും സമാധാനമുണ്ട്.''
കാലവർഷം ദുരന്തമായി കേരളത്തെ പ്രഹരിച്ച ദിവസങ്ങളാണ് കടന്നുപോയത്. മഴ കുന്നുകളെ ഇടിച്ചിറക്കിയ ദിവസമായിരുന്നു അർജുനെ കാണാതായത്. ഇന്നലെ അദ്ദേഹത്തിന്റെ മൃതദേഹം വീണ്ടെടുക്കുന്പോഴും ഷിരൂരിൽ മഴയായിരുന്നു. ഇതിനിടെ പെരുമഴയിലും ഉരുൾപൊട്ടലിലും വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുമായി നിരവധി മനുഷ്യർ മരിച്ചു.
2018ലെ പ്രളയം മുതലിങ്ങോട്ട് നാം കൈകോർത്തു നിന്നതുകൊണ്ടു മാത്രമാണ് ഇത്രയെങ്കിലും അതിജീവിക്കാനായത്. നമ്മളെഴുതിയ ചരിത്രമാണത്. പക്ഷേ, അതിന്റെ വരികൾക്കിടയിൽ പരേതരുടെ സങ്കീർത്തനമുണ്ട്; ഒരു മഴയത്ത് ഒലിച്ചുപോകാവുന്നത്ര ചെറിയ ആയുസിന്റെ മൺകൂടാരങ്ങളെക്കുറിച്ച്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഒഴുക്കിൽപ്പെട്ട സാഹോദര്യത്തെ വീണ്ടെടുക്കാൻ സമയം കുറവാണെന്ന്.