നിയമവ്യവസ്ഥയെ വെടിവച്ച് ജനാധിപത്യത്തെ കൊല്ലുന്നവർ
Friday, September 27, 2024 12:00 AM IST
ഇന്ത്യ ജനാധിപത്യരാജ്യമായതുകൊണ്ടു മാത്രമാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തെറ്റാണെന്നു നാം പറയുന്നത്. ഏകാധിപത്യത്തിലും സർവാധിപത്യത്തിലും സർക്കാരിനോ പോലീസിനോ തെറ്റു പറ്റാറില്ല.
തെളിവെടുപ്പിനോ മറ്റെന്തെങ്കിലും കാര്യത്തിനോ കൊണ്ടുപോകുന്നതിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയോ പോലീസിനെ ആക്രമിക്കുകയോ ചെയ്യുന്നു. സ്വയരക്ഷാർഥം പോലീസ് നടത്തുന്ന വെടിവയ്പിൽ പ്രതികൾ കൊല്ലപ്പെടുന്നു. പോലീസുകാർക്കു കാര്യമായി പരിക്കേൽക്കില്ല, ദൃക്സാക്ഷിയില്ല, സിസിടിവി കാമറകളും കാണില്ല.
വിവിധ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടൽ കൊലപാതക വാർത്തകളിലെ ഉള്ളടക്കങ്ങൾ ഏതാണ്ട് ഇങ്ങനെയാണ്. ഉത്തർപ്രദേശ് ഇക്കാര്യത്തിൽ കുപ്രസിദ്ധമാണെങ്കിലും ഈ പരന്പരയിലെ ഏറ്റവും പുതിയ ഏറ്റുമുട്ടൽ നടന്നത് തമിഴ്നാട്ടിലാണ്. മുപ്പതിലേറെ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് സീസിംഗ് രാജയെ ആന്ധ്രയിൽനിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവരും വഴിയാണ് ‘സ്വയരക്ഷയ്ക്കുവേണ്ടി’ തമിഴ്നാട് പോലീസ് വെടിവച്ചു കൊന്നത്.
ഇത്തരം ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണെന്നു പറയാനാകില്ല. എന്നാൽ, ഒരെണ്ണമെങ്കിലും വ്യാജമാണെങ്കിൽ പോലീസിലോ സർക്കാരിലോ കുറ്റവാളിയുണ്ടെന്നർഥം. പലതും വ്യാജമാണെങ്കിൽ, നിയമസംവിധാനങ്ങൾക്കു സമാന്തരമായി ഭരണകൂടങ്ങൾ ഒരു അധോലോക സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞിരിക്കുന്നു! ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സംസ്ഥാന അധ്യക്ഷൻ കെ. ആംസ്ട്രോങ്ങിനെ ജൂലൈ അഞ്ചിനു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സീസിംഗ് രാജ.
23നാണ് രാജയെ വധിച്ചത്. ഈ കേസിലെ മറ്റൊരു പ്രതിയായ തിരുവെങ്കിടത്തെ ജൂലൈ 14നു ചെന്നൈയിൽ വെടിവച്ചു കൊന്നിരുന്നു. ഇതിനിടെ, മറ്റൊരു കേസിലെ പ്രതി കാക്കത്തോപ്പ് ബാലാജിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സീസിംഗ് രാജയുടെ ജീവൻ അപകടത്തിലാണെന്ന് ഭാര്യ ഒരു ചാനലിൽ പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് അയാൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുപിയിൽ ഉമേഷ് പാൽ വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും സമാജ്വാദി പാർട്ടി മുൻ എംപിയുമായിരുന്ന അതിഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും 2023 ഏപ്രിൽ 15ന് പോലീസ് കസ്റ്റഡിയിലിരിക്കെയാണ് ആശുപത്രിയിലേക്കുള്ള വഴിയിൽ കൊല്ലപ്പെട്ടത്. താൻ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമെന്ന് ദിവസങ്ങൾക്കു മുന്പ് അതിഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
അതിഖ് കൊല്ലപ്പെടുന്നതിനു ദിവസങ്ങൾക്കു മുന്പാണ് അയാളുടെ മകൻ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും പോലീസുമായുള്ള ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടത്. അതായത്, ഉമേഷ് പാൽ വധക്കേസിലെ പ്രതികളിൽ ആറു പേർ 50 ദിവസത്തിനുള്ളിൽ കൊല്ലപ്പട്ടു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷമുള്ള ആറു വർഷത്തിനിടെ 10,900 ഏറ്റുട്ടലുകൾ നടന്നിട്ടുണ്ടെന്നും 183 പേരെ വധിച്ചെന്നും 2023 ഏപ്രിലിൽ പോലീസ് വെളിപ്പെടുത്തിയിരുന്നു.
വാർത്തകളനുസരിച്ച് യുപിയിൽ ഏഴുവർഷത്തിനിടെ 13,000 ഏറ്റുമുട്ടലുകൾ നടത്തിയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇതൊക്കെയായിട്ടും കുറ്റകൃത്യങ്ങൾക്ക് കുറവൊന്നുമില്ലെന്നും പറഞ്ഞു. യോഗിയുടെ എതിർപക്ഷത്തല്ലാത്ത അധോലോക നായകർ സുരക്ഷിതരാണെന്ന് സമാജ്വാദി പാർട്ടിയും ചൂണ്ടിക്കാട്ടി.
1990കൾ മുതൽ അധോലോകത്തെ നേരിടാൻ മുംബൈ പോലീസ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. 2016നും 2022നും മധ്യേ ആറ് വർഷത്തിനിടെ രാജ്യത്ത് 813 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നതായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഡാറ്റ പറയുന്നു. യുപിക്കു മുന്പ്, ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയത് ഗുജറാത്താണ്.
2004ൽ മുംബൈ സ്വദേശിനിയായ 19കാരി ഇസ്രത് ജഹാനും മൂന്ന് പുരുഷന്മാരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതു വിവാദമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയവർ എന്നായിരുന്നു പോലീസ് ഭാഷ്യം. സിബിഐ അന്വേഷണത്തിൽ അതു വ്യാജ ഏറ്റുമുട്ടലാണെന്നു തെളിയുകയും ഡി.ജി. വൻസാര എന്ന പോലീസ് ഉദ്യോഗസ്ഥൻ ജയിലിലാകുകയും ചെയ്തിരുന്നു.
2005ൽ സൊഹ്റാബുദ്ദീൻ ഷെയ്ഖും ഭാര്യ കൗസർബിയും ഗുജറാത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തൊയ്ബ അംഗങ്ങളാണെന്നാണ് പോലീസ് പറഞ്ഞത്. ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെ സിബിഐ പ്രതിയാക്കിയെങ്കിലും പിന്നീട് കോടതി ഒഴിവാക്കി. 2018ൽ മറ്റു പ്രതികളെ വെറുതെ വിട്ടു.
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു കൊന്ന പ്രതികളായ നാലുപേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചത് 2019 ഡിസംബറിലാണ്. അതു വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് പിന്നീട് അന്വേഷണ കമ്മീഷൻ കണ്ടെത്തി. മുംബൈയിൽ പീഡനക്കേസ് പ്രതി അക്ഷയ് ഷിൻഡെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന പോലീസ് ഭാഷ്യം വിശ്വസനീയമല്ലെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി നിർദേശിച്ചിരുന്നു.
കേരളത്തിൽ വയനാട്ടിലും നിലന്പൂരിലുമുണ്ടായ മാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടലുകൾ സംശയകരമാണെന്നും അന്വേഷിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവർ എത്ര വലിയ കുറ്റവാളികളായിരുന്നു എന്നതല്ല, അവരെ വിചാരണ ചെയ്യാനും ശിക്ഷിക്കാനുമുള്ള നിയമവ്യവസ്ഥയുടെ സങ്കേതങ്ങളെ സർക്കാർ നോക്കുകുത്തിയാക്കുന്നു എന്നതാണ് പ്രശ്നം.
വികാരജീവികളായ കുറെ ആളുകളുടെ കൈയടിയുടെ അകന്പടിയിൽ കുറ്റവാളികളെന്നും ഭരണകൂടത്തിന് അനഭിമതരെന്നും മാവോയിസ്റ്റുകളെന്നും കരുതുന്നവരെ കൊന്നുതള്ളാനുള്ള പുകമറയായി പോലീസ് ഏറ്റുമുട്ടലുകൾ മാറാൻ പാടില്ല. സർക്കാർ തീരുമാനിച്ചാൽ വ്യാജ ഏറ്റുമുട്ടലുകൾ ഒറ്റദിവസംകൊണ്ട് അവസാനിക്കും.
കാരണം, സർക്കാരിന്റെ മൗനാനുവാദമില്ലാതെ തുടർച്ചയായി ഇത്തരം ഏറ്റുമുട്ടലുകൾ സംഘടിപ്പിക്കാൻ പോലീസിനു സാധിക്കില്ല. 2014ൽ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള കേസിൽ സുപ്രീംകോടതി ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ കേസുകളിൽ ഉടൻ എഫ്ഐആർ ഫയൽ ചെയ്യണം.
പോലീസ് കക്ഷിയായതിനാൽ, ഒരു ബാഹ്യ ഏജൻസിയോ മറ്റൊരു പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോ കേസ് അന്വേഷിക്കുന്നത് ഉചിതമാണ്. മൂന്നു മാസത്തിനുള്ളിൽ മജിസ്ട്രേറ്റ്തല അന്വേഷണ റിപ്പോർട്ട് ജുഡീഷൽ മജിസ്ട്രേറ്റിനു കൈമാറണം. ഏറ്റുമുട്ടൽ നടന്ന് 48 മണിക്കൂറിനുള്ളിൽ സംഭവത്തിന്റെ പ്രാഥമിക റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷന് അയയ്ക്കണം.
മൂന്നു മാസത്തിനകം പോസ്റ്റ്മോർട്ടം, ഇൻക്വസ്റ്റ് റിപ്പോർട്ട്, മജിസ്റ്റീരിയൽ അന്വേഷണം, ഫോറൻസിക്, ബാലിസ്റ്റിക് വിദഗ്ധരുടെ ഫലങ്ങൾ എന്നിവ ഉൾപ്പെടുന്ന രണ്ടാമത്തെ റിപ്പോർട്ട് കമ്മീഷന് അയയ്ക്കണം. ഈ നിർദേശങ്ങൾ സർക്കാർ പാലിക്കുകയും തെരുവിലല്ല, കോടതിയിലാണ് നിയമം നീതിയോട് അടുത്തുനിൽക്കുന്നതെന്നു ജനങ്ങൾ തിരിച്ചറിയുകയും ചെയ്യണം.
ആൾക്കൂട്ട കൊലപാതകങ്ങളും ബുൾഡോസർ രാജും ഏറ്റുമുട്ടൽ കൊലപാതകവുമൊക്കെ സംഘടിപ്പിക്കുന്നവരും അവയെ ന്യായീകരിക്കുന്നവരും സമാന ആശയം പങ്കുവയ്ക്കുന്നവരാണ്. അതു സർക്കാരായാലും ഉദ്യോഗസ്ഥരായാലും സാധാരണ പൗരന്മാരായാലും അവരുടെ ഒളിപ്പോര് ജനാധിപത്യത്തോടാണ്.
ഇന്ത്യ ജനാധിപത്യരാജ്യമായതുകൊണ്ടു മാത്രമാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തെറ്റാണെന്നു നാം പറയുന്നത്. ഏകാധിപത്യത്തിലും സർവാധിപത്യത്തിലും സർക്കാരിനോ പോലീസിനോ തെറ്റു പറ്റാറില്ല.