എൽഎൽഎം കോഴ്സ് രണ്ടാംഘട്ട അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ ലോ കോളജുകളിലേയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും എൽഎൽഎം പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ആരംഭിച്ചു. നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്തണം. ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷനെ തുടർന്ന് നിലവിലുള്ള ഹയർ ഓപ്ഷനുകളുടെ പുനഃക്രമീകരണം ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം 23ന് ഉച്ചയ്ക്ക് ഒരുമണിവരെ വെബ്സൈറ്റിൽ ലഭ്യമാണ്.
നാളെ ഉച്ചയ്ക്ക് ഒന്ന് വരെ ലഭ്യമാകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള രണ്ടാം ഘട്ട ഓണ്‍ലൈൻ അലോട്ട്മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ രണ്ടാംഘട്ട അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് 26നകം പ്രവേശനം നേടണം.
ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർ രണ്ടാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്തണം. അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷൻ കണ്ഫർമേഷൻ നടത്തണം. നിശ്ചിത സമയത്തിനകം ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്താത്തവരെ രണ്ടാം ഘട്ട അലോട്ട്മെന്റിന് പരിഗണിക്കില്ല.
എന്നാൽ, ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് കോളജിൽ പ്രവേശനം നേടിയിട്ടുള്ളവർ രണ്ടാം ഘട്ടത്തിലേക്ക് ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്താത്ത പക്ഷം അവരുടെ ഒന്നാം ഘട്ടത്തിലെ പ്രവേശനം നിലനിൽക്കുന്നതായിരിക്കും. അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടുകയും പഠനം തുടരുകയും ചെയ്യും എന്ന് ഉറപ്പുള്ള കോളജുകളിലേക്കും കോഴ്സുകളിലേക്കും മാത്രം ഓപ്ഷനുകൾ നിലനിർത്തണം. 04712332123, 2339101, 2339102, 2339103, 2339104.