മന്ത്രിതല നിർദേശമുണ്ടായിട്ടും അനക്കമില്ല; ബണ്ടു തകരുമെന്ന ഭീതിയിൽ കർഷകർ
Thursday, November 25, 2021 1:24 PM IST
മങ്കൊന്പ്: കുട്ടനാട്ടിലെ നീലംപേരൂർ കൃഷിഭവൻ പരിധിയിലുള്ള കോഴിച്ചാൽ വടക്കു പാടശേഖരം കഴിഞ്ഞ ദിവസം മടവീഴ്ചാ ഭീഷണിയിൽനിന്നു രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്.

ബണ്ടിന്‍റെ പിറകിലായി ട്രാക്ടർ റോഡുണ്ടായിരുന്നതുകൊണ്ടും നാട്ടുകാരും പാടശേഖരസമിതിയും സമയോചിതമായി ഇടപെട്ടതും കൊണ്ടാണ് ബണ്ടിലെ വിള്ളലിലൂടെയുള്ള വെള്ളത്തിന്‍റെ തള്ളിക്കയറ്റം തടയാനായത്.

ഈ ബണ്ടിന്‍റെ നവീകരണത്തിനു ടെൻഡർ നടപടികൾവരെ ഒന്നാം കുട്ടനാടു പാക്കേജിൽ ഉൾപ്പെടുത്തി വർഷങ്ങൾക്കു മുന്പേ പൂർത്തീകരിച്ചിരുന്നു. പക്ഷേ, പദ്ധതി നടപ്പായില്ല.

ഈ ഭാഗത്ത് അപകടങ്ങൾ ആവർത്തിക്കുകയും 2019ൽ ഒരു വീട്ടമ്മ നടവഴിയുടെ അപര്യാപ്തത മൂലം വെള്ളക്കെട്ടിൽ വീണുമരിക്കുകയുമൊക്കെ ചെയ്ത പശ്ചാത്തലത്തിൽ, കഴിഞ്ഞ മന്ത്രിസഭാകാലത്ത്, മന്ത്രമാർവരെ വിഷയത്തിൽ ഇടപെട്ടു.

തുടർന്ന് കെഎൽഡിസി ബണ്ടു നവീകരണത്തിനു പദ്ധതി തയാറാക്കിയെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. ബണ്ടിനു സമാന്തരമായുള്ള ട്രാക്ടർറോഡിന്‍റെ നിർമണവും മുടങ്ങിക്കിടക്കുന്നു.

പാടശേഖരസമിതികളും നാട്ടുകാരുമൊക്കെ നിരന്തരം അപേക്ഷകൾ നൽകുന്നുണ്ടെങ്കിലും, അടിയന്തര പ്രാധാന്യമുള്ള അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ ഭരണാനുമതിയുടെ കാര്യത്തിൽ പോലും മെല്ലപ്പോക്കുതുടരുകയാണ്.

2016ൽ സമർപ്പിച്ചിരുന്ന ഒരു അപേക്ഷയ്ക്കുള്ള മറുപടി തപാലിൽ ലഭിച്ചത് ഇക്കഴിഞ്ഞ ദിവസമാണത്രേ. വിവിധവകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും പദ്ധതി നടത്തിപ്പിനെ തകിടംമറിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.