മുണ്ടക്കയം: ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെക്കൂടി മുണ്ടക്കയം പോലീസ് പിടികൂടി. ചിറ്റടി ഐലുമാലിയിൽ ലിജു ചാക്കോ (38), മുണ്ടക്കയം 31-ാം മൈൽ കണ്ണംകുളം ജിബിൻ കെ. ബേബി (32) എന്നിവരെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്.
കഴിഞ്ഞ 14 നും 19 നും ഇടയിലായിരുന്നു സംഭവം. മുണ്ടക്കയം ഇഞ്ചിയാനിയിൽ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് 150 കിലോയോളം ഒട്ടുപാൽ മോഷ്ടിക്കുകയായിരുന്നു. ഇഞ്ചിയാനി സ്വദേശി തേക്കനാട് ആൽബിന്റെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്.
ഈ കാലയളവിൽ മോഷണം നടന്ന വീടിന്റെ സമീപത്തുകൂടി സഞ്ചരിച്ച വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുകയും തുടർന്ന് ഓട്ടോഡ്രൈവറായ ഇഞ്ചിയാനി അടക്കാ തോട്ടത്തിൽ രാജനെ (63) നെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ കൂട്ടുപ്രതികളായ രണ്ടുപേരും ഒളിവിൽ പോവുകയായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരെ ഏലപ്പാറയിൽനിന്നു പിടികൂടിയത്. സുഹൃത്തുക്കൾ മുഖേന ഫോണിൽ ബന്ധപ്പെടുകയും അവശ്യ സാധനങ്ങൾ വാങ്ങി നൽകാൻ ഏലപ്പാറ ടൗണിലേക്ക് എത്തണമെന്ന് പറഞ്ഞു വിളിച്ചു വരുത്തി ഇവരെ പോലീസ് പിടികൂടുകയുമായിരുന്നു.
ഇതോടെ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ് കരുതുന്ന മൂന്നുപേരും കസ്റ്റഡിയിലായി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുണ്ടക്കയം എസ്എച്ച്ഒ ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ കെ.ജി. മനോജ്, സിപിഓമാരായ ജോഷി, റോബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.