കോട്ടയം: കെ.എം. മാണിയുടെ ജന്മദിനത്തിൽ കേരളമാകെ കരുണയുടെ ശൃംഖലതീർത്ത് കേരള കോണ്ഗ്രസ് -എം ജോസ് വിഭാഗം പ്രവർത്തകർ. 140 നിയോജകമണ്ഡലങ്ങളിലെ ആയിരത്തോളം കേന്ദ്രങ്ങളിലാണ് കാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. കോട്ടയം ജില്ലയിലെ കൊച്ചിടപ്പാടി പൈകട ആതുരാലയത്തിൽ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. കെ.എം. മാണിയുടെ മുഖം കരുണയുടെ മുഖമാണെന്നും വേദനിക്കുന്നവരെ എപ്പോഴും ചേർത്തു നിർത്തിയിരുന്നതായും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.
പൈകട ആതുരാലയത്തിൽ നടന്ന ചടങ്ങിൽ കെ.എം. മാണിയുടെ പത്നി കുട്ടിയമ്മ മാണി, ജോസ് കെ. മാണി എംപി, മരുമകൾ നിഷ ജോസ്, മക്കളായ എൽസമ്മ, സാലി, ആനി, സ്മിത, ചെറുമകൻ കുഞ്ഞുമാണി എന്നിവർ സന്നിഹിതരായിരുന്നു. തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിച്ചു. സിസ്റ്റർ മജിദ, പാലാ മുനിസിപ്പൽ ചെയർപേഴ്സണ് മേരി ഡൊമിനിക്ക്, സ്റ്റീഫൻ ജോർജ് , ബേബി ഉഴുത്തുവാൽ, സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, രാജേഷ് വാളിപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, ആശുപത്രികൾ തുടങ്ങിയ കേന്ദ്രങ്ങളിൽ ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവ വിതരണം ചെയ്തു.
തിരുവനന്തപുരത്ത് വർക്കല താലൂക്ക് ഗവണ്മെന്റ് ഹോസ്പിറ്റലിൽ കാരുണ്യദിനം സിനി ആർട്ടിസ്റ്റ് ജി.കെ. പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ അധ്യക്ഷത വഹിച്ചു. കൊല്ലം ഗവണ്മെന്റ് പുവർ ഹോമിൽ ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊല്ലം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ ജില്ലാ ഗവണ്മെന്റ് ആശുപത്രിയിൽ ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി സെക്രട്ടറി എ.ഐ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയിൽ റാന്നി പ്രത്യാശ ഭവനിൽ ജില്ലാ പ്രസിഡന്റ് എൻ.എം. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർ എപ്പിസ്കോപ്പ റോയി മാത്യു ഉദ്ഘാടനം ചെയ്തു.
ഇടുക്കി പടമുഖം സ്നേഹമന്ദിരത്തിൽ ഷാജി കാഞ്ഞമലയുടെ അധ്യക്ഷതയിൽ ഇടുക്കി ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
എറണാകുളം പെരുന്പാവൂർ ബെത്ലഹേം അഭയഭവനിൽ ജില്ലാ പ്രസിഡന്റ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
തൃശൂർ എൻഎസ്എസ് ഓർഫനേജിൽ ജില്ലാ പ്രസിഡന്റ് തോമസ് മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ നിയമസഭാ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പാലക്കാട് മംഗലംഡാം ചിറ്റടി അനുഗ്രഹഭവനിൽ ജില്ലാ പ്രസിഡന്റ് കുശലകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഏകതാ പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് കേരളാ മിഷൻ 2020 പ്രസിഡന്റ് അൻസാരി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ബേപ്പൂർ രാമനാട്ടുകര മുനിസിപ്പൽ ബഡ്സ് സ്കൂളിൽ ബാസിത്ത് ചേലക്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ ബാലുശേരി ബാലഭവനിൽ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കന്റെ അധ്യക്ഷതയിൽ ഡോ. അരുണ് ഉദ്ഘാടനം ചെയ്തു.
മലപ്പുറത്ത് മഞ്ചേരി ഷാലോം മാതാ ഓൾഡേജ് ഹോമിൽ ജോണി പുല്ലന്താനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം താമരശേരി രൂപത വികാരി ജനറാൽ ഫാ. സെബാസ്റ്റ്യൻ ചെന്പുകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വയനാട്ടിൽ സുൽത്താൻബെത്തേരി പഴൂർ സെന്റ് മാത്യൂസ് ഭവനിൽ ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉദ്ഘാടനം ചെയ്തു.
കാസർഗോഡിൽ കാഞ്ഞങ്ങാട് സ്നേഹാലയത്തിൽ കുര്യാക്കോസ് പ്ലാപ്പറന്പന്റെ അധ്യക്ഷതയിൽ മുൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം നിർവഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.