തിരുവനന്തപുരം: കോവിഡ് ദുരിതങ്ങൾക്കിടയിൽ നടത്തിയ എസ്എസ്എൽസി പരീക്ഷയിൽ റിക്കാർഡ് വിജയം. പരീക്ഷ എഴുതിയവരിൽ 98.82 ശതമാനം പേർ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞ വർഷം 98.11 ശതമാനം വിദ്യാർഥികളാണു വിജയിച്ചത്.
ഇത്തവണ റെഗുലർ വിഭാഗത്തിൽ പരീക്ഷയ്ക്കിരുന്ന 4,22,902 വിദ്യാർഥികളിൽ 4,17,101 വിദ്യാർഥികൾ വിജയിച്ചു. 41,906 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേട്ടത്തിന് അർഹരായി. കഴിഞ്ഞ വർഷം ഇത് 37,334 ആയിരുന്നു. 70,854 പേർക്ക് എ ഗ്രേഡോ അതിനു മുകളിലോ വിജയം നേടാനായി. 1,12,618 പേർക്ക് ബി പ്ലസോ അതിനു മുകളിലോ ഗ്രേഡും 1,72,120 പേർക്ക് ബി ഗ്രേഡും ലഭിച്ചു. സി പ്ലസും അതിനു മുകളിലും ഗ്രേഡ് നേടിയവർ 2,55,469 ആണ്.
പ്രൈവറ്റായി പരീക്ഷ എഴുതിയ 1770 വിദ്യാർഥികളിൽ 1356 പേർ വിജയിച്ചു. 76.61 ശതമാനമാണ് ഈ വിഭാഗത്തിലെ വിജയം.
റെഗുലർ വിഭാഗത്തിൽ 4,22,451 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 59 വിദ്യാർഥികൾ പരീക്ഷ റദ്ദ് ചെയ്തു.
1,837 സ്കൂളുകൾ നൂറു മേനി വിജയം നേടി. ഇതിൽ 637 സർക്കാർ സ്കൂളുകളും 796 എയ്ഡഡ് സ്കൂളുകളും 404 അണ് എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.
കഴിഞ്ഞവർഷം 1,703 സ്കൂളുകൾക്കായിരുന്നു നൂറു മേനി. വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന റവന്യുജില്ല പത്തനംതിട്ട(99.71) യും ഏറ്റവും കുറവ് വയനാടു(95.04) മാണ്.
വിദ്യാഭ്യാസ ജില്ലകളിൽ കുട്ടനാട് 100 ശതമാനം വിദ്യാർഥികളെയും വിജയിപ്പിച്ച് ഒന്നാമതെത്തിയപ്പോൾ 95.04 ശതമാനം വിദ്യാർഥികൾ വിജയിച്ച വയനാടാണ് ഏറ്റവും പിന്നിൽ. ഏറ്റവുമധികം വിദ്യാർഥികൾ എ പ്ലസ് സ്വന്തമാക്കിയ വിദ്യാഭ്യാസജില്ല മലപ്പുറം - 2,736 വിദ്യാർഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.
പട്ടികജാതി വിഭാഗത്തിൽ 40,815 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 39,895 പേർ (97.75 ശതമാനം) ഉപരിപഠനത്തിനു യോഗ്യത നേടി. ഈ വിഭാഗത്തിൽ 1,365 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു. പട്ടികവർഗ വിഭാഗത്തിൽ 7,929 വിദ്യാർഥികളിൽ 7,225 പേരാണ് (91.12 ശതമാനം) ഉപരിപഠനത്തിന് യോഗ്യരായത്. 100 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ഒബിസി വിഭാഗത്തിൽ 2,85,953 പേരിൽ 2,83,029 വിദ്യാർഥികൾ (98.97 ശതമാനം ) ഉപരിപഠനത്തിന് അർഹത നേടി. 2,6180 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചത്.
ഏറ്റവുമധികം വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയത് പികെഎഎച്ച്എസ്എസ് എടരിക്കോടും (2,327 വിദ്യാർഥികൾ) തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്എസ്എസുമാണ് (1,785 വിദ്യാർഥികൾ).
പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്.
ടിഎച്ച്എസ്എൽസിയിൽ 99.13 ശതമാനം വിജയം
തിരുവനന്തപുരം: ടിഎച്ച്എസ്എൽസി പരീക്ഷയിൽ 99.13 ശതമാനം വിജയം. പരീക്ഷ എഴുതിയ 3,091 വിദ്യാർഥികളിൽ 3,063 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം സ്വന്തമാക്കിയത് 257 പേരാണ്.
എസ്എസ്എൽസി (എച്ച്.ഐ.) പരീക്ഷയിൽ 100 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 261 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.
ടിഎച്ച്എസ്എൽസി (എച്ച്.ഐ) പരീക്ഷയിലും 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 17 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി.
എഎച്ച്എസ്എൽസി പരീക്ഷ എഴുതിയ 70 വിദ്യാർഥികളിൽ 54 പേർ ഉപരിപഠനയോഗ്യത നേടി. വിജയശതമാനം 77.14.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.