കൊച്ചി: കോവിഡ് ചികിത്സയ്ക്കു മിനിമം ഫീസ് മാത്രമാണു കത്തോലിക്കാ ആശുപത്രികൾ ഈടാക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്നു കെസിബിസി. എല്ലാ രൂപതകളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തണമെന്നും കെസിബിസി പുറപ്പെടുവിച്ച സർക്കുലറിൽ ഓർമിപ്പിച്ചു.
കെസിബിസി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപനസമിതിയുടെ നേതൃത്വത്തിൽ ടെലിമെഡിസിൻ കണ്സൾട്ടേഷൻ സംവിധാനവും, ടെലിസൈക്കോ സോഷ്യൽ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിനുള്ള രൂപതാ സമിതികൾ വീടുകളിൽ നിരീക്ഷണത്തിലുള്ള കോവിഡ് രോഗികളുടെ ആരോഗ്യസ്ഥിതി അറിയുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായകമായ പൾസ് ഓക്സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ, സ്റ്റീം ഇൻഹേലർ, മാസ്ക്, സാനിറ്റൈസർ എന്നിവയടങ്ങിയ കിറ്റ് കുറഞ്ഞ നിരക്കിൽ കെസിബിസി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുടെ സഹായത്തോടെ ലഭ്യമാക്കണം. പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു സംവിധാനങ്ങളുമായി ബന്ധപ്പെടാൻ ആവശ്യമായ ഫോണ് നന്പരുകൾ ജനങ്ങൾക്കു ലഭ്യമാക്കണം.
കാത്തലിക് സിസ്റ്റേഴ്സ് ഡോക്ടേഴ്സ് ഫോറത്തിന്റെ ടെലിമെഡിസിൻ സേവനം കെസിബിസി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപനസമിതി വഴി ലഭിക്കും. മാസ്ക് ധരിക്കൽ, ആളകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ ശുദ്ധമാക്കൽ എന്നിവ കർശനമായി പാലിക്കണം. പരിസരശുചിത്വവും വീടുകളുടെയും ജോലിസ്ഥലങ്ങളുടെയും സാനിറ്റൈസേഷനും ഉറപ്പുവരുത്തണം.
ഡോക്ടർമാർ, നഴ്സ്മാർ, മറ്റ് ആരോഗ്യപ്രവർത്തകർ, നിയമപാലകർ എന്നിവരെ ബഹുമാനിക്കുകയും അവരോടു സഹകരിക്കുകയും വേണം. സർക്കാരുകളുടെ നിർദേശങ്ങൾ അനുസരിച്ച് ജീവിതശൈലി ക്രമീകരിക്കണം. രോഗവ്യാപനം തടയാനുള്ള മാർഗങ്ങളും തേടേണ്ടതുണ്ട്. സർക്കാർ നിർദേശിക്കുന്ന ക്രമീകരണങ്ങൾക്കനുസരിച്ച് കഴിയുന്നത്ര വേഗത്തിൽ എല്ലാവരും പ്രതിരോധകുത്തിവയ്പ് സ്വീകരിക്കണം. മാധ്യമങ്ങളുടെ സഹായത്തോടെ കോവിഡ് രോഗികൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും സർക്കുലർ ആഹ്വാനം ചെയ്തു.
ആശുപത്രികളുടെ നെറ്റ്വർക്ക് സജീവം
കോവിഡ് പ്രതിരോധത്തിനും കോവിഡ് രോഗികളുടെ ചികിത്സയ്ക്കുമായി, കെസിബിസി യുടെ ഹെൽത്ത് കമ്മീഷനും കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരള ഘടകവും കേരള സോഷ്യൽ സർവീസ് ഫോറവും സിസ്റ്റർ ഡോക്ടേഴ്സ് ഫോറവും ബന്ധപ്പെട്ട മറ്റു കത്തോലിക്കാ പ്രസ്ഥാനങ്ങളും സഹകരിച്ച് ആസൂത്രിതമായ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ചും സർക്കാരിൽനിന്നുള്ള സഹകരണങ്ങൾ സ്വീകരിച്ചുമാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്.
നമ്മൾ അതിജീവിക്കും
ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള ഭൂകന്പങ്ങൾ, പ്രളയങ്ങൾ, പകർച്ചവ്യാധികൾ, മറ്റു പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ എന്നിവയെ അതിജീവിച്ച മനുഷ്യസമൂഹം ദൈവകൃപയാൽ കോവിഡ്19 മഹാമാരിയെയും അതിജീവിക്കും. വർധിച്ചുവരുന്ന മരണങ്ങളെയും വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നമുക്കു മനസിലാക്കാൻ പരിശ്രമിക്കാം. പരേതരുടെ നിത്യശാന്തിക്കായി പ്രാർഥിക്കാം. അവരുടെ ബന്ധുമിത്രാദികളെ ആശ്വസിപ്പിക്കാം. എല്ലാ ക്രൈസ്തവരും നിരന്തരമായ പ്രാർഥനയിലൂടെ കോവിഡ് 19ൽനിന്നുള്ള മോചനത്തിനായി പരിശ്രമിക്കണമെന്നും സർക്കുലർ അഭ്യർഥിക്കുന്നു.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ് ജോസഫ് മാർ തോമസ് എന്നിവർ ചേർന്നാണു സർക്കുലർ പുറപ്പെടുവിച്ചത്.
കെസിബിസി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപനസമിതി
പാലാരിവട്ടം പിഒസി കേന്ദ്രീകരിച്ചുള്ള കെസിബിസി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപനസമിതിയുമായി ബന്ധപ്പെടാവുന്ന ഫോണ് നന്പറുകൾ: 9072822364, 9072822365, 9072822366, 9072822367, 9072822368, 9072822370.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.