കൊച്ചി: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലത്തു മാത്രമല്ല, സഹനങ്ങളുടെ അനുഭവത്തിലും കൂട്ടായ്മ വളര്‍ത്തുന്നതാണു കാലഘട്ടത്തിന്റെ സുവിശേഷമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ‘അവനോടൊപ്പം പോയി നമുക്കും മരിക്കാം’ എന്നു സഹശിഷ്യരോടു പറഞ്ഞ തോമാശ്ലീഹായുടെ മാതൃക ഇതാണു നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികാചരണവും സഭാ ദിനാഘോഷവും സം ബന്ധിച്ചു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍. സഹനങ്ങളും വേദനകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ പരാജയഭീതിയോടെ പിന്മാറുന്നതിനു പകരം കൂട്ടായ്മയുടെ പിന്‍ബലത്തില്‍ അവയെ ധീരതയോടെ നേരിടാന്‍ സാധിക്കുന്നതാണു കാലം ആവശ്യപ്പെടുന്ന ക്രൈസ്തവ ജീവിതസാക്ഷ്യമെന്നും കര്‍ദിനാള്‍ പറഞ്ഞു.
രാവിലെ മേജര്‍ ആര്‍ച്ച്ബിഷപ് സഭാ കാര്യാലയത്തില്‍ പതാക ഉയര്‍ത്തിയതോടെ ആഘോഷപരിപാടികള്‍ക്കു തുടക്കമായി. തുടര്‍ന്നു നടന്ന ആഘോഷമായ റാസകുര്‍ബാനയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, സഭാ കാര്യാലയത്തിലെ വൈദികര്‍, വിവിധ രൂപതകളില്‍നിന്നെത്തിയ വൈദികര്‍, സമര്‍പ്പിത സമൂഹങ്ങളുടെ സുപ്പീരിയേഴ്സ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോണ്‍ കണ്ടത്തിന്‍കര വചനസന്ദേശം നല്കി. തുടര്‍ന്ന് തോമാശ്ലീഹായുടെ ജീവിതത്തെയും പ്രേഷിതപ്രവര്‍ത്തനങ്ങളെയും ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനം ഉണ്ടായിരുന്നു.
സമ്മേളനത്തില്‍ സഭാ ചരിത്രപണ്ഡിതന്‍ റവ. ഡോ. പയസ് മലേക്കണ്ടം മുഖ്യപ്രഭാഷണം നടത്തി. ആരാധനക്രമ പണ്ഡിതനായ റവ. ഡോ. തോമസ് മണ്ണൂരാംപറമ്പില്‍ ഏര്‍പ്പെടുത്തിയ പ്രഥമ ആരാധനാക്രമ അവാര്‍ഡ് ചങ്ങനാശേരി മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനു നല്‍കുന്നതായി ആരാധനക്രമ കമ്മീഷന് അറിയിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍, ചാന്‍സലര്‍ ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍, ഫാ. ജോജി കല്ലിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
എംഎസ്ജെ മദര്‍ ജനറല്‍ സിസ്റ്റര്‍ ഫിലോമി, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ജോസ്മോന് ഫ്രാന്‍സിസ്, മാതൃവേദി പ്രസിഡന്റ് റീത്താമ്മ, ചെറുപുഷ്പ മിഷന്‍ലീഗ് പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പില്‍ മുതലായവര്‍ പങ്കെടുത്തു. വിവിധ സീറോ മലബാര്‍ രൂപതകളില്നിന്നുവന്ന വൈദികര്‍, സിസ്റ്റേഴ്സ്, അല്മായ പ്രതിനിധികള്‍, പ്രത്യേകം ക്ഷണിക്കപ്പെട്ട അല്മായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. ഫാ. ജോസഫ് തോലാനിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മുട്ടംതോട്ടില്‍, ഫാ. തോമസ് മേല്‍വെട്ടം എന്നിവര്‍ നേതൃത്വം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.