ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ റിസർവ് വനമാകും
Friday, December 1, 2023 10:18 AM IST
ഇടുക്കി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ റിസർവ് വനമായി പ്രഖ്യാപിക്കും. അന്തിമ വിജ്ഞാപനമിറക്കാനുള്ള നടപടികൾ തുടങ്ങി. പാപ്പാത്തിച്ചോല, സൂര്യനെല്ലി, 301 കോളനിയുടെ സമീപപ്രദേശങ്ങൾ, ആനയിറങ്കൽ ഡാമിനു സമീപമുള്ള സ്ഥലങ്ങൾ എന്നിവയെല്ലാം വനമാകും. അരിക്കൊമ്പൻ നേരത്തെ വസിച്ചിരുന്ന സ്ഥലങ്ങളാണിവ.
നേരത്തെ തന്നെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നാട്ടുകാരിൽ നിന്ന് ആക്ഷേപങ്ങളും സ്വീകരിച്ചിരുന്നു. അതിനുശേഷമാണ് ഇപ്പോൾ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾക്കായി ജില്ലാ കളക്ടർക്ക് പ്രത്യേക നിർദേശം നല്കിയിരിക്കുന്നത്.
മൂന്നുമാസത്തിനുള്ളിൽ പ്രക്രിയകളെല്ലാം തീർത്ത് റവന്യൂ വനം തർക്കം ഭാവിയിലുണ്ടാകാതിരിക്കാനുള്ള നടപടികളെല്ലാം പൂർത്തിയാക്കി കൃത്യമായി അറിയിക്കാനാണ് ജില്ലാ കളക്ടർക്ക് നിർദേശം നല്കിയിരിക്കുന്നത്.
ഇതിൽ ജനവാസമേഖല അധികമില്ല. പലയിടത്തും കൈയേറ്റങ്ങൾ ഒഴിപ്പിച്ച മേഖലയാണ് കൂടുതലും. അതിനാൽ ഇത് വനമാകുന്നതിൽ വലിയ പ്രതിസന്ധികൾ ഭാവിയിലുണ്ടാകാൻ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടൽ.