തിരുവനന്തപുരത്ത് പടക്കനിര്‍മാണ ശാലയില്‍ തീപിടിത്തം, പൊട്ടിത്തെറി; ഉടമക്ക് ഗുരുതരപരിക്ക്
Wednesday, July 17, 2024 3:30 PM IST
തിരുവനന്തപുരം: നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമക്ക് ഗുരുതരമായി പരിക്കേറ്റു. ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്കനിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പടക്കനിര്‍മാണ ശാല ഉടമ ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന് അൽപ്പം അകലെയാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഈ സമയത്ത് ഷിബു മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. രാവിലെ 10. 30 ഓടെയാണ് അപകടമുണ്ടായത്. വലിയ പൊട്ടിത്തെറി ശബ്ദമുണ്ടായി, ഉടൻ തീ പടർന്നുപിടിച്ചുവെന്നുമാണ് സമീപവാസികൾ പറയുന്നത്. പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് തീയണച്ചത്. അതിനുശേഷമാണ് അകത്തുണ്ടായിരുന്നു ഉടമയെ പുറത്തെത്തിച്ചത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ കാരണം വ്യക്തമല്ല.