ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നോ; സത്യം ഇതാണ്...!
Tuesday, December 6, 2022 4:38 PM IST
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് രേഖപ്പെടുത്തുന്നെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. ഇലക്രോണിക് വോട്ടിംഗ് മെഷീനു സമീപം നിലയുറപ്പിച്ചിരിക്കുന്ന ആള് മറ്റുള്ളവര്‍ക്ക് വേണ്ടി വോട്ടു ചെയ്യുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇന്റർനെറ്റിൽ പ്രചരിക്കുന്ന ദൃശ്യങ്ങളാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റേതെന്ന പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നത്. ഡിസംബർ ഒന്നിനാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ഇതിനു വളരെമുമ്പേ തന്നെ ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു.
ഫെബ്രുവരി 27ന് പശ്ചിമ ബംഗാളിലെ സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതേ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ബംഗാളിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന പേരിലാണ് ഇത് പോസ്റ്റ് ചെയ്തത്. സൗത്ത് ഡം ഡമിലെ 33-ാം വാര്‍ഡിലെ 108ാം ബൂത്തില്‍ നടന്ന സംഭവമെന്നായിരുന്നു സിപിഎം വിശദീകരിച്ചത്.
പിന്നീട് ബംഗാളിലെ ബിജെപിയും കോണ്‍ഗ്രസും അവരവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കള്ളവോട്ടെന്ന പേരില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു. ബംഗാളിലെ ചില മാധ്യമങ്ങളും ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. ഇവര്‍ ബംഗ്ലാ ഭാഷ സംസാരിക്കുന്നതായും വീഡിയോയില്‍ കേള്‍ക്കാം.
മാര്‍ച്ചില്‍ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോളും സമാന ദൃശ്യങ്ങള്‍ യുപിയിലേതെന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നു.