പൂരം കലക്കി ബിജെപി വോട്ടുപിടിച്ചു; മുഖ്യമന്ത്രി മറുപടി പറയണം: കുഞ്ഞാലിക്കുട്ടി
Sunday, September 8, 2024 2:08 PM IST
കോഴിക്കോട്: തൃശൂരിൽ ബിജെപിയുടേത് വിശ്വാസികളെ അപമാനിച്ച് നേടിയ വിജയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൂരം കേരളത്തിന്റെ അഭിമാനമാണ്. തൃശൂര്‍ പൂരം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അത് കലക്കാന്‍ പോലും മടിയില്ലെന്നാണ് ഇപ്പോഴുണ്ടാവുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. പൂരം കലക്കുക എന്നാൽ വിശ്വാസികളെ അപമാനിക്കലാണ്. ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫും ബിജെപിയും ജനങ്ങളെ പറ്റിക്കുകയാണ്. എല്ലാവരെയും എല്ലാക്കാലത്തും ഒരു പോലെ പറ്റിക്കാനാവില്ല. സിപിഎമ്മും ബിജെപിയും ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും വഞ്ചിച്ചു.വിശ്വാസികളായ ഹിന്ദുക്കളെയാണ് തെരഞ്ഞെടുപ്പു വിജയിക്കാനായി വഞ്ചിച്ചത്.
ന്യൂനപക്ഷ സംരക്ഷകരായി സിപിഎമ്മും ഭൂരിപക്ഷത്തിന്റെ സ്വന്തം ആളുകളെന്ന നിലയില്‍ ബിജെപിയും രംഗത്തെത്തുകയാണ് ഇവിടെ. പൂരം അലങ്കോലമായത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.