കോഴിക്കോട്: എഐ കാമറ പണി തുടങ്ങിയതോടെ നിരത്തിലിറക്കിയ തങ്ങളുടെ വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നും എങ്ങനെ അറിയാമെന്ന ആശങ്കയിലാണ് വാഹന ഉടമകൾ. പിഴയീടാക്കാനുള്ള നോട്ടീസുകൾ വീട്ടിലെത്തും മുൻപേ അതറിയാനുള്ള വഴിയുണ്ട്.

പരിവാഹന്‍ വെബ്സൈറ്റ് വഴിയാണ് നിയമലംഘകർക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം സ്പീഡ് കാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് ‘പരിവാഹന്‍' വെബ്സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കാവുന്നതാണ്. ഇനി വാഹനം കാമറക്കണ്ണില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി പിഴ അടയ്ക്കുകയും ചെയ്യാം.

മൊബൈല്‍ ഫോണിലോ ഡെസ്ക്ടോപ്പിലോ ലാപ്ടോപ്പിലോ ടാബ്‌ലറ്റിലോ echallan.parivahan.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ ‘ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ മൂന്നു വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും.

ചലാന്‍ നമ്പര്‍, വാഹന നമ്പർ, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്ഷ്രേന്‍ നമ്പര്‍ രേഖപ്പെടുത്തുക. അതിന് താഴെ എൻജിൻ അല്ലെങ്കില്‍ ഷാസി നമ്പര്‍ രേഖപ്പെടുത്തുക. അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്‍റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും. വാഹനത്തിന് പിഴ ഉണ്ടെങ്കില്‍ സ്പോട്ടില്‍ തന്നെ തീര്‍പ്പാക്കാനും പറ്റും. പിഴ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് തൊട്ടടുത്തുതന്നെ ‘പേ' എന്ന ഓപ്ഷനും കാണാം. അതില്‍ ക്ലിക്ക് ചെയ്ത് പണമടയ്ക്കാന്‍ സാധിക്കും.