മണിപ്പൂര്‍ കലാപം: ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ
Thursday, June 1, 2023 9:58 PM IST
ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. കലാപമുണ്ടാക്കിവരെ വെറുതേ വിടില്ലെന്നും അമിത് ഷാ പറഞ്ഞു.
കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ സിബിഐ അന്വേഷണം നടത്തും. വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം എത്രയും വേഗം സാധ്യമാക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ പ്രത്യേക ട്രെയിനുകളില്‍ സംസ്ഥാനത്തെത്തിക്കും. നിലവില്‍ സ്കൂളുകളെല്ലാം അടഞ്ഞുകിടക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം അമിഷാ ഇന്ന് സംസ്ഥാനത്തുനിന്ന് മടങ്ങും. അതേസമയം മെഡലുകള്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനത്തെ കായിക താരങ്ങളെ അമിത് ഷാ കണ്ടേക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചില്ലെങ്കില്‍ രാജ്യാന്തര മത്സരങ്ങളില്‍ ഉള്‍പ്പെടെ ലഭിച്ച മെഡലുകള്‍ തിരികെ നല്‍കുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഒളിമ്പിക് താരം മീരാഭായ് ചാനു അടക്കമുള്ള 11 താരങ്ങളുടേതാണ് പ്രഖ്യാപനം.