ഗുജറാത്തില്‍ മിനി ആഫ്രിക്കന്‍ ഗ്രാമത്തിനു വേണ്ടി പ്രത്യേക പോളിംഗ് ബൂത്ത്
Thursday, December 1, 2022 10:42 AM IST
അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ ജംബൂര്‍ ഗ്രാമത്തിലുള്ളവര്‍ ആഹ്ലാദത്തിലാണ്. ആഫ്രിക്കയില്‍നിന്നുള്ള ഗോത്ര വിഭാഗക്കാരായ ഗ്രാമവാസികള്‍ക്ക് വേണ്ടി മാത്രമായി ക്രമീകരിച്ച പോളിംഗ് ബൂത്തില്‍ അവര്‍ വോട്ട് രേഖപ്പെടുത്തും.
ഇന്ത്യയിലെ മിനി ആഫ്രിക്കന്‍ ഗ്രാമമെന്നാണ് ജംബൂര്‍ ഗ്രാമം അറിയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുജറാത്തിലെ ജുനാഗദ് കോട്ടയുടെ നിര്മാണത്തിനുവേണ്ടി ഇന്ത്യയില്‍ എത്തിയതാണ് ഇവരുടെ പൂര്‍വികര്‍.
ആഫ്രിക്കന്‍ സംസ്കാരത്തിനൊപ്പം ഗുജറാത്തി പാരമ്പര്യങ്ങളും പിന്തുടരുന്ന ഇവരുടെ മുഖ്യ തൊഴില്‍ കൃഷിയാണ്. ഇതിനു പുറമേ വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന പ്രദേശങ്ങളില്‍ തനത് ശൈലിയിലുള്ള ഗോത്രനൃത്തം അവതരിപ്പിച്ചും ഇവര്‍ പണം സമ്പാദിക്കുന്നുണ്ട്. തങ്ങള്‍ക്കു മാത്രമായി പ്രത്യേകം പോളിംഗ് ബൂത്ത് ലഭിച്ചതിന്റെ സന്തോഷം അവര്‍ പ്രകടിപ്പിച്ചതും ആഹ്ലാദനൃത്തമാടിക്കൊണ്ടാണ്.