ബജറ്റിൽ ദരിദ്രരെയും തൊഴിൽരഹിതരേയും പരിഗണിച്ചില്ല: പി. ചിദംബരം
Wednesday, February 1, 2023 10:14 PM IST
ന്യൂഡൽഹി: നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ദരിദ്രരെയും തൊഴിൽരഹിതരേയും പരിഗണിച്ചില്ലെന്ന് മുൻകേന്ദ്ര ധനമന്ത്രി പി. ചിദംബരം. ദരിദ്രർക്കും തൊഴിൽരഹിതർക്കും ബജറ്റിൽ ഒന്നുമുണ്ടായിരുന്നില്ല.
ധനമന്ത്രിയുടെ 90 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തിൽ തൊഴിൽരഹിതരെക്കുറിച്ച് പരാമർശമില്ല. ദരിദ്രരെയാവട്ടെ രണ്ട് തവണ മാത്രമാണ് പരാമർശിച്ചിരിക്കുന്നത്- അദ്ദേഹം പറഞ്ഞു. "തൊഴിലില്ലായ്മ, ദാരിദ്ര്യം, അസമത്വം' എന്ന വാക്കുകൾ ഒരിക്കൽ പോലും ഉച്ചരിക്കണമെന്ന് ധനമന്ത്രിക്ക് തോന്നിയില്ല.
ബജറ്റിൽ പാവപ്പെട്ടവർക്കായി എന്താണുള്ളത്? പരോക്ഷ നികുതി വെട്ടിക്കുറച്ചോ? ജിഎസ്ടി വെട്ടിക്കുറച്ചോ? പാവപ്പെട്ട ഇടത്തരക്കാർ ഉപയോഗിക്കുന്ന പെട്രോൾ, ഡീസൽ, വളം, സിമന്റ് എന്നിവയുടെ വില കുറച്ചോ? പാവപ്പെട്ടവരെ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് ഉയർത്താൻ എന്താണ് ചെയ്തത്? ചിദംബരം ചോദിച്ചു.