ഒഡീഷയിൽ മൂന്ന് ട്രെയിനുകളുടെ കൂട്ടയിടി; 50 പേർ മരിച്ചു, 300 പേർക്ക് പരിക്ക്
Friday, June 2, 2023 10:29 PM IST
ഭുവനേശ്വർ: ഒഡീഷയിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. ട്രെയിനുകൾ പാളം തെറ്റിയുണ്ടായ അപകടത്തിൽ 50 ഓളം പേർ മരിച്ചതായി ആശങ്ക. 130 പേർക്ക് പരിക്കേറ്റതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ചെന്നൈയിലേക്കുള്ള കോറമണ്ഡൽ എക്സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസ് എന്നീ യാത്രാ ട്രെയിനുകളും ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം 7.30 ന് ബാലസോറിലെ ബഹനാഗ റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം. അപകടത്തിൽ 50 ഓളം പേർ മരിച്ചതായി സംശയിക്കുന്നതായി ബാലസോർ ജില്ലാ അധികൃതർ അറിയിച്ചു.
ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് പാളംതെറ്റി. എട്ടോളം കോച്ചുകളാണ് പാളംതെറ്റിയത്. മറ്റൊരു ട്രാക്കിലേക്ക് വീണ കോച്ചുകളിലൊന്നിൽ ഈ സമയം ഇതുവഴി കടന്നുപോയ യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു. ബംഗളൂരുവിൽനിന്ന് കോൽക്കത്തയിലേക്ക് പോകുകയായിരുന്നു യശ്വന്ത്പൂർ എക്സ്പ്രസ്.
കോറമണ്ഡൽ എക്സ്പ്രസിന്റെ 23 ബോഗികളിൽ 15 എണ്ണം പാളംതെറ്റി. യശ്വന്ത്പൂർ എക്സ്പ്രസിന്റെ രണ്ട് കോച്ചുകളും പാളംതെറ്റി. നാട്ടുകാരും പോലീസും റെയിൽവേയും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മറിഞ്ഞ കോച്ചുകൾക്കുള്ളിൽ നിരവധി കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം രാത്രിയിലും പുരോഗമിക്കുകയാണ്. നൂറു പേർ അടങ്ങുന്ന എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 47 പേരെ ബാലസോർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.