പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി; മൂന്നുപേർക്ക് ദാരുണാന്ത്യം
Saturday, September 14, 2024 8:01 PM IST
കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം 6.50 നായിരുന്നു അപകടം. കോട്ടയത്തേക്കുള്ള മലബാർ എക്സ്പ്രസിൽ കയറാൻ കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയതായിരുന്നു ഇവർ. മലബാർ എക്സ്പ്രസ് വരുന്നത് രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണെന്നു കരുതി അവിടെ കാത്തുനില്‍ക്കുകയായിരുന്ന ഇവർ.
ട്രെയിൻ വരുന്നത് ഒന്നാമത്തെ പ്ലാറ്റ്ഫോമിലാണെന്ന് മനസിലായതോടെ പെട്ടെന്ന് അവിടേക്ക് ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ഇതേസമയം കണ്ണൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കോയമ്പത്തൂർ-ഹിസാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് ഇടിച്ചത്.
രാജപുരത്ത് ഒരു കല്യാണച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ശനിയാഴ്ച രാവിലെയാണ് ഇവർ കാഞ്ഞങ്ങാട്ടെത്തിയത്. വൈകുന്നേരം തിരിച്ചുപോകുന്നതിനായി മലബാർ എക്സ്പ്രസിൽ ടിക്കറ്റ് റിസർവ് ചെയ്തതായിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. റെയിൽവേ പോലീസ് സ്ഥലത്ത് എത്തി.