കാറ്റടിച്ച് കടലിളകും; മത്സ്യബന്ധനത്തിന് പോയവർ മടങ്ങിവരാൻ നിർദേശം
Tuesday, January 31, 2023 5:26 PM IST
തിരുവനന്തപുരം: കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ മടങ്ങിവരാൻ നിർദേശം. മത്സ്യത്തൊഴിലാളികൾ ഇന്നു തന്നെ മടങ്ങിവരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തും. അതിനാല്‍ കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയവര്‍ ചൊവ്വാഴ്ചയോടെ തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.