"കേന്ദ്ര ഏജൻസികളെ പേടി'; ബിജെപി ബന്ധമുള്ള ജെഡിഎസിനെ സംരക്ഷിക്കുന്നത് സിപിഎമ്മെന്ന് പ്രതിപക്ഷം
Saturday, September 30, 2023 1:47 PM IST
തിരുവനന്തപുരം: ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമായിട്ടും എൽഡിഎഫിൽ തുടരുന്ന ജനതാദൾ - എസിനെ മുന്നണിയിൽ ഉറപ്പിച്ച് നിർത്തുന്നത് സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തട്ടിപ്പുകേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഡെമോക്ലിസിന്റെ വാൾ പോലെ തലയ്ക്ക് മുകളിൽ തൂങ്ങിനിൽക്കുന്നതിനാൽ സിപിഎമ്മിന് ഭയമാണെന്നും സതീശൻ പറഞ്ഞു.
എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എല്‍ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വ്യക്തമാക്കണം.
ജെഡിഎസ് ബിജെപി പാളയത്തിൽ എത്തിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയും എല്‍ഡിഎഫും മൗനം തുടരുന്നത് ദുരൂഹമാണ്. സംഘപരിവാര്‍ വിരുദ്ധ നിലപാടില്‍ അല്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ജെഡിഎസിനെ എല്‍ഡിഎഫില്‍ നിന്നു പുറത്താക്കണം.
ബിജെപി സഖ്യത്തിന്റെ ഭാഗമായ ജെഡിഎസിന്റെ പ്രതിനിധി കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തു. കേരളത്തില്‍ എന്‍ഡിഎ - എല്‍ഡിഎഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.